Sports
ഹർമൻപ്രീത് കൗറിന്റെ മോശം പെരുമാറ്റം; പ്രതികരണവുമായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ
Sports

ഹർമൻപ്രീത് കൗറിന്റെ മോശം പെരുമാറ്റം; പ്രതികരണവുമായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ

Web Desk
|
28 July 2023 1:15 PM GMT

അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്നതിൽ നിന്ന് ഹർമൻപ്രീത് കൗറിനെ ഐ.സി.സി നേരത്തെ വിലക്കിയിരുന്നു

ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തിൽ പൊട്ടിതെറിച്ച് വിക്കറ്റ് തകർത്ത ഇന്ത്യൻ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെ ബി.സി.സി.ഐ പിന്തുണക്കാൻ സാധ്യതയില്ല. ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും നാഷ്ണൽ ക്രിക്കറ്റ് അക്കാദമി മേധാവി വി.വി.എസ് ലക്ഷമണും ഇക്കാര്യത്തിൽ ഹർമൻപ്രീതിനെ കാണാനിരിക്കുകയാണെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

'ഞങ്ങളുടെ പ്രസിഡന്റ് റോജർ ബിന്നിയും വി.വി.എസ് ലക്ഷമണും അവളുമായി സംസാരിക്കാനിരിക്കുകയാണ്. ഐ.സി.സി ഇപ്പോൾ അവളെ വിലക്കിയിട്ടുണ്ട്. തീരുമാനത്തിൽ അപ്പീൽ നൽകാനുള്ള സമയം അവസാനിച്ചന്നും' ജയ് ഷാ പറഞ്ഞു. ഐ.സി.സി പെരുമാറ്റച്ചട്ടത്തിന്റെ വ്യത്യസ്ത ലംഘനങ്ങളെ തുടർന്നാണ് താരത്തെ ഐ.സി.സി സസ്‌പെൻഡ് ചെയ്തത്. അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിക്കില്ല.

സംഭവത്തിൽ അമ്പയർമാർ തെറ്റായ തീരുമാനമെടുത്തു എന്നായിരുന്നു കൗർ വാദം. ഐ.സി.സി രണ്ട് രീതിയിലുള്ള കുറ്റങ്ങളാണ് ഹർമൻപ്രീതിനെതിരെ ചുമത്തിയത്. ലെവൽ 2 കുറ്റത്തിന് കൗറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. ഇതിനു പുറമെ പൊതുവിമർശനവുമായി ബന്ധപ്പെട്ട ലെവൽ 1 കുറ്റത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്.

സമ്മാനദാനചടങ്ങിൽ കൗർ, അമ്പയറിങ്ങിനെ വിമർശിക്കുകയും പിന്നാലെ വന്ന ഫോട്ടോഷൂട്ടിൽ ബംഗ്ലാദേശ് താരങ്ങളെ പരിഹസിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ബംഗ്ലാദേശ് താരങ്ങൾ ഫോട്ടോഷൂട്ടിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കുറ്റം ചെയ്തെന്ന് അംഗീകരിച്ചതിനാൽ കൗറിൽ നിന്ന് വിശദീകരണം കേൾക്കേണ്ട ആവശ്യമില്ല. ഇതോടെ പിഴ ഉടൻ ഒടുക്കേണ്ടി വരും.

Similar Posts