വീണ്ടും നിരാശ; വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ സെന്നിന് തോൽവി
|പാരിസ്: പ്രതീക്ഷ വാനോളമുയർത്തിയ ശേഷം നിരാശയുമായി ലക്ഷ്യ സെന്നിന് മടക്കം. ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിലെ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ലി സിജിയയോടാണ് ലക്ഷ്യ സെൻ തോൽവി വഴങ്ങിയത്. ആദ്യ ഗെയിം 21-13ന് ആധികാരികമായി വിജയിച്ച ലക്ഷ്യ തുടർന്നുള്ള സെറ്റുകളിൽ പരാജയപ്പെടുകയായിരുന്നു.
കൈമുട്ടിലുള്ള മുറിവ് വകവെക്കാതെ പോരാടിയ ലക്ഷ്യക്ക് രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും പിഴച്ചു. എതിരാളിയുടെ നീക്കങ്ങൾ ഗണിച്ചെടുക്കുന്നതിൽ ലക്ഷ്യക്ക് വന്ന പിഴവുകൾ ലി കൃത്യമായി മുതലെടുത്തു. രണ്ടാം ഗെയിമിൽ 21-16നും മൂന്നാം ഗെയിമിൽ 21-11നുമായിരുന്നു ലിയുടെ വിജയം. ഒളിമ്പിക്സ് ബാഡ്മിൻറൺ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടമാണ് ലക്ഷ്യക്ക് കൈയ്യകലെ നഷ്ടമായത്. ഈ വിഭാഗത്തിലെ സ്വർണ മെഡൽ പോരാട്ടത്തിൽ ത നിലവിലെ ഒളിമ്പിക് ചാമ്പ്യനായ അക്സൽസൺ മെഡൽ നിലനിർത്തി.
സെമിയിൽ അക്സൽസണിനെതിരെ രണ്ടുസെറ്റുകളിലും മുന്നിട്ടുനിന്ന ശേഷമായിരുന്നു ലക്ഷ്യയുടെ തോൽവി. നേരത്തേ ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെ മലർത്തിയടിച്ചാണ് ലക്ഷ്യ സെമിയിലേക്ക് കടന്നത്. ഇതോടെ ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരുന്നു.