സെമിയിൽ സിന്ധുവിന് തോൽവി; ഇന്ത്യയ്ക്ക് നിരാശ
|ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ തായ് സുവിനോടാണ് സിന്ധു കീഴടങ്ങിയത്.
ടോക്യോ: ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണിൽ സെമി ഫൈനലിൽ ഇടറി വീണ് പിവി സിന്ധു. ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനോടാണ് സിന്ധു കീഴടങ്ങിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. സ്‌കോർ 21-18, 21-12
ആദ്യ ഗെയിമിൽ 11-8ന് മുമ്പിലായിരുന്നു ഇന്ത്യൻ താരം. എന്നാൽ പിന്നീട് തുടർച്ചയായ പോയിന്റുകൾ നേടിയ തായ് സു ഒപ്പം പിടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ 21-18ന് ഗെയിം സ്വന്തമാക്കി. ടോക്യോ ഒളിംപിക്‌സിലെ ആദ്യത്തെ ഗെയിം നഷ്ടമായിരുന്നു സിന്ധുവിന്റേത്.
രണ്ടാം ഗെയിമിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ തായ് സു ഗെയിമിന്റെ അവസാനം വരെ അതു നിലനിർത്തി. ഒടുവില്‍ 21- 12 ന് ഗെയിം സ്വന്തമാക്കി. റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേത്രിയാണ് സിന്ധു. ഉയരക്കൂടുതലുള്ള എതിരാളിക്കെതിരെ രണ്ടാം ഗെയിമിൽ കോർട്ടിന്റെ മധ്യഭാഗം ഉപയോഗിച്ചാണ് തായ് സു കളിച്ചത്. ആക്രമണോത്സുകമായി കളിച്ച എതിർ താരത്തിന് മുമ്പിൽ സിന്ധു അമ്പേ നിറം മങ്ങുകയും ചെയ്തു. സെമിയില്‍ നിന്ന് പുറത്തായെങ്കിലും വെങ്കല മെഡലിനായുള്ള മത്സരം കൂടി സിന്ധുവിന് ബാക്കിയുണ്ട്.