നാണക്കേടിന്‍റെ വക്കില്‍ പാകിസ്താന്‍; ചരിത്രമെഴുതാന്‍ ബംഗ്ലാദേശിന് വേണ്ടത് 143 റണ്‍സ്
|31 റൺസുമായി സാകിർ ഹസനും ഒമ്പത് റൺസുമായി ശദ്മാൻ ഇസ്ലാമുമാണ് ക്രീസിൽ
റാവല്‍പിണ്ടി: പാകിസ്താനെതിരെ ചരിത്ര നേട്ടത്തിനരികെ ബംഗ്ലാദേശ്. പാക് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയം കുറിക്കാൻ ബംഗ്ലാദേശിന് ഇനി വേണ്ടത് വെറും 143 റൺസ്. രണ്ടാം ഇന്നിങ്‌സിൽ 185 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടമാവാതെ 42 റൺസെടുത്തിട്ടുണ്ട്. 31 റൺസുമായി സാകിർ ഹസനും 9 റൺസുമായി ശദ്മാൻ ഇസ്ലാമുമാണ് ക്രീസിൽ.
അഞ്ച് വിക്കറ്റ് നേട്ടവുമായി കളംനിറഞ്ഞ ഹസൻ മഹ്‌മൂദാണ് പാകിസ്താനെ രണ്ടാം ഇന്നിങ്‌സിൽ 172 റൺസിലൊതുക്കിയത്. 65 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ പാകിസ്താനെ 43 റൺസെടുത്ത മുഹമ്മദ് രിസ്‍വാനും 47 റൺസെടുത്ത ആഖാ ഖാനും ചേർന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ബംഗ്ലാദേശിനായി നഹിദ് റാണ നാല് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിങ്സില്‍ പാകിസ്സ്താന്‍ 274 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 262 റണ്‍സിന് കൂടാരം കയറി. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ബോളര്‍മാര്‍ റാവല്‍പ്പിണ്ടിയില്‍ നിറഞ്ഞാടിയപ്പോള്‍ സ്കോര്‍ 200 കടക്കും മുമ്പേ പാക് ബാറ്റിങ് നിരയുടെ നടുവൊടിഞ്ഞു.
ആദ്യ ടെസ്റ്റിൽ പാകിസ്താനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ബംഗ്ലാ കടുവകള്‍ ചരിത്രമെഴുതിയത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമായിരുന്നു അത്. ഹോം ഗ്രൗണ്ടിൽ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് തോൽവിയും. സ്‌കോർ: പാകിസ്താൻ: 448-6 ഡിക്ലയർ, 146, ബംഗ്ലാദേശ്: 565,30-0. അവസാന ദിനത്തിൽ ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അനായാസം നേടി. എതിരാളികൾ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം കൂടിയായിരുന്നു അത്.