ഇഞ്ചുറി ടൈം മാജിക് നിര്‍ത്താതെ ലെവര്‍കൂസന്‍; സാബി തുടരുന്ന വിപ്ലവം
|ജർമൻ സൂപ്പർ കപ്പ് കിരീട നേട്ടത്തോടെയാണ് സാബിയും സംഘവും സീസണാരംഭിച്ചത്. ആ മത്സരവും വലിയൊരു തിരിച്ചുവരവിന്റെ കഥ പറഞ്ഞു
കളി അവസാനിക്കാൻ ഇനി അഞ്ച് മിനിറ്റാണ് ബാക്കിയുള്ളത്. സാബി അലോൺസോ വാച്ചിലേക്ക് നോക്കി. സ്‌കോർ ബോർഡിൽ ടീം ഒരു ഗോളിന് പിന്നിട്ട് നിൽക്കുകയാണ്. ഒ.കെ ബോയ്‌സ്. നമുക്ക് തുടങ്ങാം. അയാൾ സൈഡ് ലൈനരികിൽ നിന്ന് വിളിച്ച് പറയുന്നു. ഇഞ്ചുറി ടൈം അവസാനിക്കുമ്പോൾ എതിരാളികളുടെ ഗാലറികളെ നിഗൂഢമായൊരു നിശബ്ദതയിലേക്ക് എടുത്തെറിഞ്ഞ് സാബിയുടെ കളിക്കൂട്ടം കളിപിടിച്ച് കളംവിട്ടു തുടങ്ങിയിട്ടുണ്ടാവും.
ബയർ ലെവർകൂസനും ഇഞ്ചുറി ടൈമും തമ്മിലുള്ള പ്രണയം ഫുട്‌ബോൾ ലോകത്ത് വിശ്വവിഖ്യാതമാണിപ്പോൾ. കഴിഞ്ഞ സീസൺ ബുണ്ടസ് ലീഗയിൽ സാബി അലോൺസോയും സംഘവും നടത്തിയ അവിശ്വസനീയ കുതിപ്പുകളിലെ സുപ്രധാന അധ്യായങ്ങളിലൊന്ന് ലാസ്റ്റ് മിനിറ്റ് ത്രില്ലറുകളാണ്. 2022 ൽ സാബി അലോൺസോ പരിശീലക വേഷത്തിലെത്തിയ ശേഷം ലെവർകൂസൺ 80 മിനിറ്റിന് ശേഷം കളി തിരികെ പിടിച്ചത് 41 തവണയാണ്. അതൊരു വലിയ സംഖ്യയാണല്ലോ.. ബുണ്ടസ് ലീഗയിൽ ലെവർകൂസൻ വസന്തം ആരംഭിക്കും മുമ്പ് വരെ ലാസ്റ്റ് മിനിറ്റ് ത്രില്ലറുകൾ ഫുട്‌ബോൾ ലോകത്ത് ഇടക്കെപ്പോഴെങ്കിലുമൊക്കെ സംഭവിക്കുന്ന പ്രതിഭാസമായിരുന്നെങ്കിൽ ഇന്നത് അങ്ങനെയല്ല.
ഇക്കുറിയും സാബിയുടെ കളിക്കൂട്ടത്തിന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ജർമൻ സൂപ്പർ കപ്പ് കിരീട നേട്ടത്തോടെയാണ് സാബിയും സംഘവും സീസണാരംഭിച്ചത്. ആ മത്സരവും വലിയൊരു തിരിച്ചുവരവിന്റെ കഥ പറഞ്ഞു. 37ാം മിനിറ്റിൽ മാർട്ടിൻ ടെറിയർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ടീം പത്ത് പേരായി ചുരുങ്ങുന്നു. കളിയുടെ പകുതിയിലേറെ സമയം പത്ത് പേരുമായി ഇനി കളിപൂർത്തിയാക്കണം സാബിക്ക്. ഒന്നാം പകുതിയിൽ ഇരുടീമുകളിൽ ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. എന്നാൽ 63ാം മിനിറ്റിൽ ഡെനിസിന്റെ ഗോളിൽ സ്റ്റുഗാർട്ട് മുന്നിലെത്തി. കളി 80 മിനിറ്റും കടന്നു. ഫുൾ ടൈം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ബാക്കി നിൽക്കേ പാട്രിക് ഷിക്ക് ലെവർകൂസന്റെ രക്ഷകവേഷമണിയുന്നു. ഗ്രിമാൽഡോയുടെ അസിസ്റ്റിൽ ഒരു ക്ലിനിക്കൽ ഫിനിഷ് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം 4-3 ന് സാബിയുടെ കളിക്കൂട്ടം പിടിക്കുന്നു.
'പുതിയൊരു സീസൺ ഇങ്ങനെ തന്നെ തുടങ്ങാനായതിൽ ഏറെ സന്തോഷം. വി ഹാവ് ഗോട് ദ സ്പിരിട്ട് ബാക്ക്'- സൂപ്പർ കപ്പ് കിരീട നേട്ടത്തിന് ശേഷം സാബിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. ഇതിവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്ന് വിളിച്ച് പറയുന്നതായിരുന്നതായിരുന്നു ബുണ്ടസ് ലീഗയിൽ ലെവർകൂസന്റെ ആദ്യ മത്സരം. മോൻചെൻ ഗ്ലാഡ്ബാച്ചിനെതിരായ പോരാട്ടം മുഴുവൻ സമയത്ത് സമനിലയിലായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ ഫ്‌ലോറിയാൻ വിർട്‌സ് കളിപിടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോൾകീപ്പർ തട്ടിയകറ്റുന്നു റീ ബൗണ്ടിൽ പന്ത് വലയിലാക്കി വിർട്‌സ് ലെവർകൂസന് നാടകീയ ജയം സമ്മാനിക്കുന്നു. മത്സര ശേഷം സാബിയുടെ മുഖത്ത് അമിതാവേശത്തിന്റെ ഒരു ചെറുകണിക പോലുമുണ്ടായിരുന്നില്ല. ഇത് ലെവർകൂസണാണ്. ഇവിടെ ഇങ്ങനെയൊക്കെയാണെന്നായിരിക്കണം അയാൾ പറയാതെ പറഞ്ഞുവച്ചത്.
കഴിഞ്ഞ സീസണിൽ യുവേഫ യുറോപ്പ ലീഗിലും ബുണ്ടസ് ലീഗയിലുമായി നിരവധി ആവേശപ്പോരുകളാണ് സാബിയും സംഘവും ചേര്‍ന്ന് ആരാധകർ സമ്മാനിച്ചത്. യൂറോപ്പ ലീഗിൽ ക്വാർട്ടറിലും സെമിയിലും നടത്തിയ അവിശ്വസനീയമായ രണ്ട് തിരിച്ചുവരവുകളാണ് ലെവർകൂസനെ കലാശപ്പോരിലെത്തിച്ചത്. ക്വാർട്ടറിലെ രണ്ടാം പാദത്തിൽ അസൈർബൈജാൻ ക്ലബ്ബായ ക്വറാബാഗിനെതിരെ കളിയുടെ മുഴുവൻ സമയത്ത് 2-1ന് തോറ്റ് നിൽക്കുകയായിരുന്നു ലെവർകൂസൻ. എന്നാൽ സ്റ്റോപേജ് ടൈമിൽ പാട്രിക്ക് ഷിക്ക് രക്ഷകനായി. 93ാം മിനിറ്റിലും 97ാ മിനിറ്റിലും വലകുലുക്കി ഷിക്ക് ടീമിന് നാടകീയ ജയം സമ്മാനിച്ചു.
സെമിയിലും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. രണ്ടാം പാദ സെമിയിൽ റോമക്കെതിരെ 82ാം മിനിറ്റ് വരെ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിലായിരുന്ന സാബിയുടെ കളിക്കൂട്ടത്തെ രക്ഷിച്ചത് ഒരു ഔൺ ഗോളും 97ാം മിനിറ്റിൽ പകരക്കാരൻ സ്റ്റാനിസിച്ചിന്റെ ക്ലിനിക്കൽ ഫിനിഷുമാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ 94ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ബയേണിന്റെ ജയം മുടക്കിയ ബുണ്ടസ് ലീഗയിലെ ആവേശപ്പോര്. മാർച്ചിൽ ഹോഫൻ ഹെയിമിനെതിരെ 91ാം മിനിറ്റിൽ പാട്രിക് ഷിക്ക് നേടിയ ഗോളിൽ പിടിച്ചുവാങ്ങിയ ജയം. ഏപ്രിലിലിൽ ബൊറൂഷ്യക്കെതിരെ 97ാം മിനിറ്റിൽ സ്റ്റാനിസിച്ച് നേടിയ ഗോളിൽ പിടിച്ചുവാങ്ങിയ സമനില.. അങ്ങനെയങ്ങനെ എത്രയെത്ര ആവേശപ്പോരാട്ടങ്ങൾ.
സാബി തന്റെ കളിക്കൂട്ടത്തെ ഫുട്‌ബോൾ ലോകത്തിന് മുന്നിൽ അവതരിക്കും മുമ്പ് വരെ റെമോൻടാഡാ എന്ന് കേട്ടാൽ ആരാധകരുടെ മനസിലേക്കാദ്യം ഓടിയെത്തിയിരുന്നത് റയൽ മാഡ്രിഡ് എന്ന പേര് മാത്രമായിരുന്നു. 2014 ന് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിലടക്കം റയൽ മാഡ്രിഡ് നടത്തുന്ന അതിശയക്കുതിപ്പുകളിൽ കംബാക്കുകൾ വഹിക്കുന്ന പങ്ക് ചെറുതല്ലല്ലോ. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനെതിരെയടക്കം പലവുരു നമ്മളത് കണ്ടതാണ്.
2014 ൽ ലിസ്ബണിൽ അരങ്ങേറിയ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഇഞ്ചുറി ടൈമിൽ ഡിയഗോ സിമിയോണിയുടെ കയ്യിൽ നിന്ന് സെർജിയോ റാമോസ് കിരീടം തട്ടിപ്പറിക്കുമ്പോൾ ഗാലറിയിലെ സ്റ്റാന്റിൽ നിന്ന് ചാടിയിറങ്ങി കോർണർ ഫ്‌ലാഗിനടുത്തേക്ക് ഓടുന്ന സാബി അലോൺസോയുടെ ദൃശ്യങ്ങൾ ഫുട്‌ബോൾ ആരാധകർ എങ്ങനെ മറക്കാനാണ്. അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് ഇസ്താംബൂൾ മിറാക്കിളിൽ ദിദയും മാൽഡിനിയും പിർലോയും കക്കയും ക്രെസ്‌പോയുമൊക്കെ അണിനിരന്ന ആഞ്ചലോട്ടിയുടെ എ.സി മിലാനെ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ വലിയ കംബാക്കുകളിൽ ഒന്നിൽ ലിവർപൂൾ തകർത്തെറിയുമ്പോൾ സാബി അലോൺസോയുടെ ഗോൾ അതിൽ നിർണായകമായിരുന്നല്ലോ. അതെ.. റെമോന്‍ടാട സാബിയുടെ ഡി.എന്‍.എയിലുള്ളതാണ്. ആ പോരാട്ട വീര്യമാണയാള്‍ ലെവര്‍കൂസന്‍റെ സിരകളില്‍ കുത്തിവച്ചത്.