Sports
എറിക്‌സണ്‍ വീണു കിടക്കുമ്പോള്‍ എക്സ്ക്ലൂസീവ്; മാപ്പ് പറഞ്ഞ് ബി.ബി.സി
Sports

എറിക്‌സണ്‍ വീണു കിടക്കുമ്പോള്‍ 'എക്സ്ക്ലൂസീവ്'; മാപ്പ് പറഞ്ഞ് ബി.ബി.സി

Web Desk
|
13 Jun 2021 8:18 AM GMT

എറിക്‌സണിന്‍റെ സ്വകാര്യത സംരക്ഷിക്കാൻ സഹതാരങ്ങൾ നടത്തിയ ശ്രമങ്ങൾക്ക് ലോകം കൈയ്യടിക്കുക കൂടി ചെയ്തതോടെയാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ പ്രതിരോധത്തിലായത്

ഫിൻലാൻഡിനെതിരെയുള്ള മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണിന്‍റെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതില്‍ മാപ്പ് പറഞ്ഞ് ബി.ബി.സി. യൂറോകപ്പ് ഗ്രൂപ്പ് ഘട്ട​ മത്സരത്തിനിടെയാണ് ഡെന്മാർക്ക്​ താരം ക്രിസ്റ്റ്യൻ എറിക്​സൺ മൈതാനത്തു കുഴഞ്ഞുവീഴുന്നത്. ആദ്യം എറിക്‌സണെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ക്യാമറകൾ ആ ഭാഗത്തേക്ക് സൂം ചെയ്യുകയായിരുന്നു. ഇതോടെ ഡെന്മാർക്ക് താരങ്ങൾ താരത്തിന്‍റെ ചുറ്റും നിന്ന് മനുഷ്യമതിൽ തീർത്ത് മാധ്യമങ്ങളുടെ നടപടിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചു. ഇതിനുപിന്നാലെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങളുടെ തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയര്‍ന്നത്. കളിക്കളത്തില്‍ എറിക്‌സണ്‍ കുഴഞ്ഞുവീഴുന്നത് കണ്ട് ഭാര്യ കരയുന്നത് സൂം ചെയ്ത ചാനലുകളുടെ നടപടിയും വിവാദത്തിന് വഴി വെക്കുകയായിരുന്നു. എറിക്‌സണിന്‍റെ സ്വകാര്യത സംരക്ഷിക്കാൻ സഹതാരങ്ങൾ നടത്തിയ ശ്രമങ്ങൾക്ക് ലോകം കൈയ്യടിക്കുക കൂടി ചെയ്തതോടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ പ്രതിരോധത്തിലായി.

ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതില്‍ ക്ഷമാപണവുമായി അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി രംഗത്തെത്തിയത്. മെഡിക്കൽ സംഘമെത്തി താരത്തിന് അടിയന്തര ചികിത്സ നൽകുന്നതിന്‍റെയും മറ്റും തത്സമയ ദൃശ്യങ്ങൾ മിനിറ്റുകളോളം സംപ്രേഷണം ചെയ്യുകയും ഇതേ കുറിച്ച്​ ചർച്ച നടത്തുകയും ചെയ്​തുകൊണ്ടാണ്​ വാര്‍ത്താ ചാനൽ ഈ സമയങ്ങളില്‍ രംഗം കൊഴുപ്പിച്ചത്​. ദൃശ്യങ്ങൾ കാണാതിരിക്കാൻ ഡെന്മാർക്ക് താരങ്ങൾ താരത്തിന്‍റെ ചുറ്റും നിന്ന് മനുഷ്യമതിൽ തീർത്തിരുന്നെങ്കിലും ഇതിനിടയിലൂടെ ക്യാമറ ചലിപ്പിച്ചായിരുന്നു ബി.ബി.സിയുടെ ചർച്ച.

സംഭവം വിവാദമായതോടെ മാപ്പ് പറയാന്‍ ബിബിസി തയ്യാറാകുകയായിരുന്നു. 'മത്സരത്തിനിടെ സംപ്രേഷണം ചെയ്​ത ദൃശ്യങ്ങൾ മൂലം വേദന നേരിട്ടവരോട്​ മാപ്പു ചോദിക്കുന്നു. സ്​റ്റേഡിയത്തിലെ ദൃശ്യങ്ങളുടെ കവറേജ് സംബന്ധിച്ച നിയന്ത്രണം​ യുവേഫക്കാണ്. കളി നിർത്തിവെച്ചതിന് പിന്നാലെ പരമാവധി വേഗത്തിൽ സംപ്രേഷണം നിർത്തിവെക്കാന്‍ ശ്രമിച്ചിട്ടുണ്ട്​'- ബി.ബി.സി വാർത്ത കുറിപ്പിലൂടെ ഖേദം പ്രകടിപ്പിച്ചു.

പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എറിക്​സണെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന വേളയിലും കളിക്കാർ താരത്തിന് ചുറ്റും വലയം തീർത്തിരുന്നു. ക്യാമറകൾക്ക് ചിത്രങ്ങൾ ലഭിക്കാതിരിക്കാനായി വെളുത്ത തുണി കൊണ്ട് ചുറ്റും മറക്കുകയും ചെയ്തിരുന്നു. പരിക്കുപറ്റിയ ഉടൻ ഫിൻലാൻഡ് ആരാധകർ തങ്ങളുടെ കൈയിലുണ്ടായിരുന്ന പതാകയാണ് എറിക്‌സണെ മറയ്ക്കാനായി ആദ്യം നൽകിയത്. സ്‌റ്റേഡിയത്തിൽ ഫിൻലാൻഡ് ആരാധകർ ക്രിസ്ത്യൻ എന്നു വിളിച്ചപ്പോൾ ഡെന്മാർക്കുകാർ എറിക്‌സൺ എന്നു വിളിച്ചതും മൈതാനത്തെ സഹാനുഭൂതിയുടെ മനോഹര കാഴ്ചയായി.

Similar Posts