Sports
ravindra jadeja,bcci,indian cricket team,fitness,team india

രവീന്ദ്ര ജഡേജ

Sports

'പോയി ഫിറ്റ്നസ് തെളിയിച്ചിട്ട് വരൂ...'; ജഡേജയോട് ബി.സി.സി.ഐ

Web Desk
|
15 Jan 2023 5:09 AM GMT

ആറ് മാസം മുൻപാണ് അവസാനമായി ജഡേജ അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയോട് ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് ഫിറ്റ്നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബി.സി.സി.ഐ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ജഡേജയും സ്ക്വാഡില്‍ ഇടംപിടിച്ചിരുന്നു. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഒരു ആഭ്യന്തര മത്സരമെങ്കിലും കളിച്ച് ഫിറ്റ്നസ് തെളിയിക്കണമെന്നാണ് ജഡേജയോട് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്‍പതിന് നാഗ്പൂരില്‍ വെച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക. ആറ് മാസം മുൻപാണ് അവസാനമായി ജഡേജ അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. അന്ന് ഏഷ്യ കപ്പിന് മുൻപ് പരിക്കേറ്റതിനെതത്തുടർന്ന് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

"ഒരു ആഭ്യന്തര മത്സരമെങ്കിലും കളിക്കാൻ ജഡേജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഫിറ്റ്നസ് തെളിയിക്കുകയാണെങ്കില്‍ മധ്യനിരയില്‍ ഒരു ലെഫ്റ്റ് ഹാന്‍ഡര്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കപ്പെടും. കൂടാതെ ഇന്ത്യക്ക് അഞ്ച് ബൗളർമാരുമായി കളിക്കാനും കഴിയും," ബി.സി.സി.ഐ വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇനി കണ്ടറിയേണ്ടത് ജഡേജ ആഭ്യന്തര മത്സരം കളിച്ച് ഫിറ്റ്‌നസ് തെളിയിക്കുമോയെന്നതാണ്. ജഡേജയുടെ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്കുള്ള താരത്തിന്‍റെ തിരിച്ചുവരവിലും നിര്‍ണ്ണായകമാവും

ജഡേജയെ കൂടാതെ രവിചന്ദ്ര അശ്വിൻ, അക്‌സർ പട്ടേൽ എന്നിവരാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച മറ്റു സ്പിന്നർമാർ. ജഡേജക്ക് ഫിറ്റ്നസ് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അക്‌സർ പട്ടേൽ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തും.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്(ആദ്യ രണ്ട് ടെസ്റ്റ്)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതശ്വര്‍ പുജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കെ. എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്‌

Similar Posts