സഞ്ജുവിന് നറുക്ക് വീഴുമോ? ലോകകപ്പ് ടീം പ്രഖ്യാപനം സെപ്റ്റംബര്‍ മൂന്നിന്
|ഏഷ്യാ കപ്പും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ പ്രകടനവും കൂടി കണക്കാക്കിയാകും ലോകകപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ സ്ഥാനം.
ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി സെപ്റ്റംബർ അഞ്ചാണ്. എന്നാല്‍ സമയപരിധി പൂര്‍ത്തിയാകുന്നതിന് രണ്ട് ദിവസം മുന്‍പ് ടീം പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം കഴിഞ്ഞിട്ടാകും ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം. പാകിസ്താനുമായാണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം കഴിഞ്ഞ് അടുത്ത് ദിവസം (സെപ്റ്റംബര്‍ 3ന്) ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
പ്രഖ്യാപിക്കുന്ന സ്ക്വാഡില്‍ ലോകകപ്പ് ഉദ്ഘാടനത്തിന് ഏഴു ദിവസം മുമ്പ് വരെ (സെപ്റ്റംബർ 28നകം) ടീമുകള്‍ക്ക് മാറ്റം വരുത്താനാകും. ഏഷ്യാ കപ്പിന് ശേഷം സെപ്റ്റംബർ 21 മുതൽ 27 വരെ ഇന്ത്യക്ക് ഓസ്‌ട്രേലിയുമായും ഏകദിന പരമ്പരയുണ്ട്. ഏഷ്യാ കപ്പും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ പ്രകടനവും കൂടി കണക്കാക്കിയാകും ലോകകപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ സ്ഥാനം.
നാളെ ആരംഭിക്കുന്ന ഏഷ്യകപ്പിനായി നേരത്തെ തന്നെ ടീം ഇന്ത്യ 17 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കുറെ ഈ ടീമിനെ ഓസീസിനെതിരായ പരമ്പരയിലും നിലനിർത്താനായിരിക്കും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ ശ്രമം. കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ അടക്കമുള്ള താരങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നത് കൊണ്ട് റിസർവ് താരങ്ങളെ കൂടി ഉൾപ്പെടുത്തിയ ടീമിനെയാകും ലോകകപ്പിനും പ്രഖ്യാപിക്കുക. കെ.എൽ രാഹുല്‍ ഫിറ്റനസ് പൂര്‍ണമായും വീണ്ടെടുക്കാത്തതുകൊണ്ട് തന്നെ ഏഷ്യാകപ്പിൽ മലയാളി താരം സഞ്ജു സാംസണെ ടീമിൽ ട്രാവലിങ് റിസർവ് താരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് സ്ക്വാഡിലും സഞ്ജു റിസർവ് താരമായെങ്കിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
രാഹുലിന്‍റെ പരിക്ക് മാറിയിട്ടില്ലെന്നും ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ ഉണ്ടാകില്ലെന്നും കോച്ച് രാഹുല്‍ ദ്രാവിഡ് ഇന്നലെ വ്യക്തമാക്കി. രാഹുലിന്‍റെ ഏഷ്യാ കപ്പിലെ ടീമിലെ സ്ഥാനം ത്രിശങ്കുവിലായതോടെ മലയാളി താരം സഞ്ജു സാംസണ് ടൂര്‍ണമെന്‍റില്‍ അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. രാഹുലിന്‍റെ ട്രാവലിങ് ബാക്കപ്പ് ആയാണ് സഞ്ജുവിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ രാഹുല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ ഏതെങ്കിലും ഒരു മത്സരത്തിലെങ്കിലും സഞ്ജുവിന് അവസരം കിട്ടാനുള്ള സാധ്യതയുണ്ട്. എങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാൻ കിഷന് തന്നെയാകും പ്ലേയിങ് ഇലവനില്‍ പ്രഥമ പരിഗണന.