കാനഡക്കെതിരെ കഷ്ടിച്ച് കടന്നുകൂടി, ഇന്ന് മൊറോക്കോയ്ക്കെതിരെ; പ്രീക്വാര്‍ട്ടറിലേക്ക് കണ്ണുനട്ട് ബെല്‍ജിയം
|കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ തളച്ചുകൊണ്ടാണ് ആഫ്രിക്കൻ സംഘമായ മൊറോക്കോയുടെ വരവ്.
ലോക ഫുട്ബോള്‍ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരാണ് ബെല്‍ജിയം. ഇന്ന് ഗ്രൂപ്പ് എഫില്‍ മൊറോക്കോയെ നേരിടുമ്പോള്‍ രണ്ടാം റാങ്കിന്‍റെ വമ്പുമായി ആയിരിക്കില്ല ബെല്‍ജിയത്തിന്‍റെ വരവ്. ആദ്യ മത്സരത്തില്‍ റാങ്കുകാരായ 42-ാം റാങ്കുകാരായ കാനഡയുമായി കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാകും ബല്‍ജിയം രണ്ടാം പോരിനിറങ്ങുന്നത്. 22-ാം റാങ്കുകാരായ മൊറോക്കോയുമായി ആണ് ഇന്ന് ബല്‍ജിയത്തിന്‍റെ മത്സരം.
മറുവശത്ത് 12-ാം സ്ഥാനക്കാരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മൊറോക്കോ ഇന്ന് ബെല്‍ജിയത്തെ നേരിടാനെത്തുന്നത്. ഇന്ന് വിജയിക്കാനായാല്‍ ബെല്‍ജിയത്തിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അതേസമയം ബെല്‍ജിയത്തെ വീഴ്ത്താനായാല്‍ മൊറോക്കോയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത തുറന്നുകിട്ടും.
ഇന്ന് രാത്രി 6.30നാണ് മല്‍സരം. കാനഡയെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചെങ്കിലും ടീമിന്‍റെ ദൗര്‍ബല്യങ്ങള്‍ പ്രകടമായിരുന്നു. ടീമിലെ പ്രധാനിയായ കെവിന്‍ ഡിബ്രുയിനെ നിറംമങ്ങിയതാണ് തിരിച്ചടിയായത്. എന്നിരുന്നാലും അനുഭവസമ്പത്തിന്‍റെ കരുത്തില്‍ ബെല്‍ജിയം തന്നെയാണ് മുന്നില്‍.
മധ്യനിരയില്‍ ഹസാര്‍ഡും കെവിന്‍ ഡിബ്രുയിനും ഫോമിലെത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.ഗോള്‍കീപ്പര്‍ ടിബോ കോര്‍ട്ട്വായുടെ മികച്ച ഫോമും ടീമിന് കരുത്താണ്. കഴിഞ്ഞ മത്സരത്തില്‍ കാനഡയുടെ പെനാല്‍റ്റി രക്ഷപ്പെടുത്തി ടീമിന്‍റെ രക്ഷകനായ താരം കൂടിയാണ് കോര്‍ട്ട്വാ. ബെല്‍ജിയത്തിന് മത്സരത്തില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിലേക്കെത്തിക്കാന്‍ കഴിഞ്ഞത് ഒരെണ്ണം മാത്രമാണ്.
അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കളിക്കുന്ന ഒരു ടീമിന്‍റെ സമ്മർദമൊന്നും കാനഡയ്ക്കുണ്ടായിരുന്നില്ല. കളി ബെൽജിയത്തിന്‍റെ കൈയ്യിലേക്കെത്തുമ്പോഴെല്ലാം പ്രത്യാക്രമണങ്ങളുണ്ടായിക്കൊണ്ടേയിരുന്നു. പക്ഷേ ഗോൾ മാത്രം അകന്നുനിന്നു. കാനഡ ബൽജിയത്തിന്‍റെ ഗോൾ മുഖത്ത് അടിച്ചുവിട്ടത് 22 ഷോട്ടുകളാണ്. പക്ഷേ ഓൺ ടാര്‍ഗറ്റില്‍ എത്തിയത് മൂന്നെണ്ണം മാത്രം.
മറുഭാഗത്ത് കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ തളച്ചുകൊണ്ടാണ് ആഫ്രിക്കൻ സംഘമായ മൊറോക്കോയുടെ വരവ്. അൽബെയ്‌ത് സ്‌റ്റേഡിയത്തിൽ ക്രൊയേഷ്യയെ വിറപ്പിച്ച മൊറോക്കോയ്ക്ക് ബെല്‍ജിയത്തെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ ഗ്രൂപ്പ് എഫ് മരണ ഗ്രൂപ്പാകും.