ജഡേജയുടെ വലിയ പിഴവ്; സർഫറാസ് വീണു, കട്ടക്കലിപ്പിൽ രോഹിത്
|ഇന്നിങ്സിലെ 82ാം ഓവറിലാണ് താരം ഏറെ ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായത്
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്വപ്ന തുല്യമായിരുന്നു സർഫറാസ് ഖാൻ എന്ന ബാറ്റിങ് വിസ്മയത്തിന്റെ അരങ്ങേറ്റം. ഏറെ നാളത്തെ അവഗണനകൾക്കും തഴയലുകൾക്കും ബാറ്റ് കൊണ്ട് രാജ്കോട്ടിൽ മറുപടി പറയുകയായിരുന്നു അയാൾ. അർധ സെഞ്ച്വറി പൂർത്തിയാക്കി ബാറ്റ് ആകാശത്തേക്ക് ഉയർത്തുമ്പോൾ ഗാലറിയിൽ സർഫറാസിന്റെ ഭാര്യയും പിതാവും ആനന്ദാശ്രു പൊഴിച്ചു. 66 പന്തിൽ 62 റൺസെടുത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശുകയായിരുന്ന സർഫറാസിന്റെ വിക്കറ്റ് വീണത് അപ്രതീക്ഷിതമായാണ്.
ഇന്നിങ്സിലെ 82ാം ഓവറിലാണ് താരം ഏറെ ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായത്. ആൻഡേഴ്സന്റെ ഓവറിൽ 99 റൺസെടുത്ത ജഡേജയായിരുന്നു സ്ട്രൈക്കിൽ. ഓവറിലെ അഞ്ചാം പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് ജഡേജ റണ്ണിനായി ഓടി. എന്നാൽ പന്ത് മാർക്ക് വുഡിന്റെ കയ്യിലേക്കാണെത്തിയത്. റണ്ണൗട്ടാവുമെന്ന് ഉറപ്പുണ്ടായിരുന്ന ജഡേജ തിരിഞ്ഞ് ക്രീസിലേക്ക് തന്നെ ഓടി. റണ്‍സിനായി സ്റ്റാര്‍ട്ട് ചെയ്ത സർഫറാസ് വുഡിന്റെ ഡയറക്ട് ഹിറ്റിൽ പുറത്ത്. ജഡേജയെ തിരിഞ്ഞു നോക്കി നിരാശയോടെ നിൽക്കുന്ന സർഫറാസിനെ മൈതാനത്ത് കാണാമായിരുന്നു. സർഫറാസിന്റെ പിതാവും ഭാര്യയും ഗാലറിയിൽ തലയിൽ കൈവച്ചിരുന്നു. സർഫറാസിന്റെ വിക്കറ്റ് ഏറെ നിരാശപ്പെടുത്തിയത് ഇന്ത്യൻ നായകൻ രോഹിത് ശർമയെ ആണ്. അമര്‍ഷത്തില്‍ രോഹിത് തന്റെ തൊപ്പി നിലത്തേക്ക് വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
ഏറെ കാലം ആഭ്യന്തര ക്രിക്കറ്റിൽ 'വിരാട് കോഹ്ലി'യായി വിരാജിച്ച സര്‍ഫറാസിന് ലോകേഷ് രാഹുലടക്കമുള്ള സീനിയർ താരങ്ങള്‍ക്ക് പരിക്കേറ്റതോടെയാണ് ടീമിൽ അവസരം ലഭിച്ചത് തന്നെ.എന്നാൽ വിശാഖപ്പട്ടണം ടെസ്റ്റിൽ താരത്തിന് പുറത്തിരിക്കേണ്ടിവന്നു. ഭാഗ്യമെത്തിയത് രാജ്കോട്ടിൽ. അഞ്ചാമനായാണ് സർഫറാസ് ക്രീസിലെത്തിയത്. രോഹിത് ശർമ്മ പുറത്തായതിന് പിന്നാലെയായിരുന്നു സർഫറാസിന്റെ പ്രവേശം. മാർക്ക് വുഡായിരുന്നു ബൗളർ. നേരിട്ട അഞ്ചാം പന്തിലാണ് സർഫറാസ് അക്കൗണ്ട് തുറന്നത്. ആദ്യ നാല് പന്തുകളും പിച്ചിനെ റീഡ് ചെയ്ത് കരുതലോടെ കളിച്ചു.
അഞ്ചാം പന്തിനെ മിഡ് വിക്കറ്റിലേക്ക് കളിച്ച സർഫറാസ്, മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. പിന്നിടങ്ങോട്ട് ആ 'മൊമന്റം' സർഫറാസ് തുടർന്നു. തനത് ടെസ്റ്റ് ശൈലിയില്‍ നിന്ന് അൽപ്പം മാറി ഏകദിന ടച്ചിലായിരുന്നു താരത്തിന്റെ ബാറ്റിങ്. പ്രതിരോധം ആവശ്യമുള്ളപ്പോൾ മാത്രം ആ ബാറ്റിൽ നിന്നും വന്നു. മോശം പന്തുകളെ മികച്ച രീതിയിൽ തന്നെ താരം നേരിടുകയും ചെയ്തു.
സ്പിന്നർ രെഹാൻ അഹമ്മദിനെതിരെയാണ് സർഫറാസ് ആദ്യ ബൗണ്ടറി നേടുന്നത്. നേരിട്ട 48ാം പന്തിൽ തന്നെ അർധ സെഞ്ച്വറി കണ്ടെത്തി, അതും ഒരു സിക്സര്‍ പറത്തി. ടോം ഹാട്ലിയെയായിരുന്നു താരം ഗ്യാലറിയില്‍ എത്തിച്ചത്. എന്നാൽ വ്യക്തിഗത സ്കോർ 62ൽ നിൽക്കെ താരം റൺഔട്ടായി. 66 പന്തുകളിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.