Sports
ഒളിമ്പിക്സിനു മുന്‍പേ മാനസിക പ്രശ്നമുണ്ടായിരുന്നതായി സിമോണ്‍ ബൈല്‍സ്
Sports

ഒളിമ്പിക്സിനു മുന്‍പേ മാനസിക പ്രശ്നമുണ്ടായിരുന്നതായി സിമോണ്‍ ബൈല്‍സ്

Web Desk
|
31 Aug 2021 4:58 AM GMT

ജപ്പാനില്‍ എത്തുന്നതിനു മുന്‍പേ തന്നെ മാനസിക പ്രശ്നമുണ്ടായിരുന്നതായും അതുകൊണ്ടാണ് മത്സരങ്ങളില്‍ നിന്നും പിന്‍മാറിയതെന്നും സിമോണ്‍

ടോക്കിയോ ഒളിമ്പിക്സിനു മുന്‍പ് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിച്ചിരുന്നതായി അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ്. ജപ്പാനില്‍ എത്തുന്നതിനു മുന്‍പേ തന്നെ മാനസിക പ്രശ്നമുണ്ടായിരുന്നതായും അതുകൊണ്ടാണ് മത്സരങ്ങളില്‍ നിന്നും പിന്‍മാറിയതെന്നും സിമോണ്‍ തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

അമേരിക്കയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സിമോണ്‍ മത്സരങ്ങളില്‍ നിന്നും നാടകീയമായി പിന്‍മാറിയത് ചര്‍ച്ചയായിരുന്നു. ''പ്രതീക്ഷകളുടെ ഭാരം തന്‍റെ ചുമലുകളിലുണ്ടെന്നും ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്‌സ് എന്നാൽ തമാശയല്ലെന്നും'' പിന്‍മാറ്റത്തിന് ശേഷം സിമോണ്‍ അന്ന് സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

''ടോക്കിയോയില്‍ നിന്നാണ് മാനസിക പ്രശ്നം തുടങ്ങിയതെന്ന് ഞാന്‍ പറയില്ല. അതിനു മുന്‍പേ അതെന്നില്‍ വേരൂന്നിയിരുന്നു. ഇതൊരു സമ്മര്‍ദ്ദഘടകം മാത്രമാണെന്ന് ഞാന്‍ കരുതുന്നു. കാലക്രമേണ അതു വലുതായിക്കൊണ്ടിരുന്നു. എന്‍റെ ശരീരവും മനസും 'നോ' പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അത് സംഭവിക്കുന്നതുവരെ ഞാൻ അതിലൂടെ കടന്നുപോകുകയാണെന്ന് എനിക്കറിയില്ലായിരുന്നു'' ബൈല്‍സ് വീഡിയോയില്‍ പറയുന്നു. ഏറ്റവും വലിയ കായിക മാമാങ്കത്തിന്‍റെ വേദിയില്‍ തിളങ്ങാന്‍ കഴിയാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും എന്നാല്‍ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കാനായതില്‍ ദുഃഖമില്ലെന്നും സിമോണ്‍ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും മികച്ച ജിംനാസ്റ്റിക് താരമായിട്ടാണ് സിമോണിനെ വിശേഷിപ്പിക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലുമായി 30 മെഡലുകള്‍ നേടിയ താരത്തിന് എന്നാല്‍ ടോക്കിയോയിലെത്തിയപ്പോള്‍ കാലിടറുകയായിരുന്നു. മാനസിക സമ്മര്‍ദം മൂലം നാലിനങ്ങളില്‍ നിന്നാണ് ബൈല്‍സ് പിന്‍മാറിയത്. എന്നാല്‍ പിന്നീട് വെല്ലുവിളികളെ അതിജീവിച്ച് അവസാനം ബാലന്‍‌സ് ബീം ഇനത്തില്‍ ബൈല്‍സ് പങ്കെടുക്കുകയും ചെയ്തു. വെങ്കല തിളക്കവുമായിട്ടാണ് ബൈല്‍സ് ഒളിമ്പിക്സ് വേദിയോട് വിട പറഞ്ഞത്.

Similar Posts