പുറത്തിരുത്തിയത് ഒരു ഇവാനെ; ഗാലറിയില്‍ നിറഞ്ഞത് ആയിരം ഇവാന്മാര്
|ഇവാനെ പുറത്തിരുത്തിയത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ബംഗളൂരു ആരാധകര്‍ ഇന്നലെ ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ചിരുന്നു
കൊച്ചി: ചിരവൈരികളായ ബംഗളുരു എഫ്സിക്കെതിരേ സീസണിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ശരിക്കും 'മിസ്' ചെയ്തത് സൈഡ്ലൈനില്‍ മുഖ്യ പരിശീലകന് ഇവാന് വുകുമനോവിച്ചിനെയാണ്. കഴിഞ്ഞ രണ്ടു സീസണുകളായി ടീമിന്റെ മിന്നും പ്രകടനങ്ങള്‍ക്ക് തന്ത്രം മെനയുന്ന ഇവാന് വിലക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ടീമിനൊപ്പം കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഗ്യാലറിയില്‍ ഇരുന്നാണ് കോച്ച് മത്സരം വീക്ഷിച്ചത്.
കഴിഞ്ഞ സീസണ് പ്ലേ ഓഫില്‍ ബംഗളുരുവിനെതിരായ മത്സരം ബഹിഷ്കരിച്ച് ടീമിനൊപ്പം വാക്കൗട്ട് നടത്തിയതിനാണ് ഇവാന് വിലക്ക് നേരിട്ടത്. ഇതോടെ ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് കോച്ച് 'കളത്തിനു പുറത്തിരുന്നു കാണണം. ഇന്നലത്തെ മത്സരത്തിനു മുമ്പ് ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ബംഗളുരു ആരാധകര്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായി ഗ്യാലറിയില്‍ ആരാധകര്‍ ഓരോരുത്തരും സ്വയം ഇവാന് വുകുമനോവിച്ച് ആയി മാറുകയായിരുന്നു. ഇവാന്റെ മാസ്കണിഞ്ഞ് കൂട്ടമായി ഗ്യാലറിയിലെത്തിയാണ് ആരാധകര്‍ ബെംഗളൂരുവിന് മറുപടി പറഞ്ഞത്.
മത്സരം ആരംഭിക്കും മുമ്പ് ബിഗ് സ്ക്രീനില്‍ ഇവാന്റെ ചിത്രം തെളിഞ്ഞപ്പോള്‍ വലിയ ആര്‍പ്പുവിളികളോടെയും നിറഞ്ഞ കൈയ്യടികളോടെയുമാണ് ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട കോച്ചിനെ സ്വീകരിച്ചത്. ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാന്റെ മൂന്നാം സീസണാണിത്. ആദ്യ സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിച്ച ഇവാന് കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലും എത്തിച്ചിരുന്നു. .
ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കഴിഞ്ഞ വര്‍ഷം ബാക്കി വച്ച ആ വലിയ കണക്ക് ബ്ലാസ്റ്റേഴ്സ് ഇക്കുറി കൊച്ചിയിലെ ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിന് മുന്നില്‍ വച്ച് തീര്‍ത്തു. ഐ.എസ്.എൽ ആദ്യ പോരാട്ടത്തിൽ ചിരവൈരികളായ ബംഗളൂരു എഫ്.സി യെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. അഡ്രിയാൻ ലൂണയുടെ ഗോളും കസിയ വീൻഡോർപ്പിന്റെ സെൽഫ് ഗോളുമാണ് മഞ്ഞപ്പടക്ക് വിജയം സമ്മാനിച്ചത്. പകരക്കാരനായിറങ്ങിയ കര്‍ട്ടിസ് മെയിനാണ് ബംഗളൂരുവിനായി ആശ്വാസ ഗോള്‍ നേടിയത്. കളിയിലെ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്