ചിലിയെ വീഴ്ത്തി കാനറിപ്പട; ബ്രസീല്‍ കോപ്പ അമേരിക്ക സെമിയില്‍
|പകരക്കാരനായെത്തിയ പക്വേറ്റയാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്
കോപ്പ അമേരിക്കയില്‍ ചിലിയെ തോല്‍പ്പിച്ച് ബ്രസീല്‍ സെമിയില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. സെമിയില്‍ പെറു ആണ് ബ്രസീലിന്റെ എതിരാളികള്‍. 40 മിനിറ്റിലേറെ 10 പേരുമായി കളിച്ചാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്.
10 പേരായി ചുരുങ്ങിയിട്ടും കുലുങ്ങിയില്ല, സാംബാ താളം ഇടറിയില്ല. റിയോഡി ജനീറോയിലെ ഒളിംപിക് സ്റ്റേഡിയത്തിൽ കാനറികൾ ചിറകടിച്ചുയർന്നു. തുടക്കത്തിൽ തന്നെ ഇരുകൂട്ടരും ആക്രമിച്ച് കളിച്ചു. 22ആം മിനിറ്റിൽ നെയ്മറിന്റെ ക്രോസിൽ നിന്ന് വന്ന സുവർണാവസരം ഫെർമിനോക്ക് മുതലാക്കാനായില്ല. പിന്നാലെ ചിലിക്കായി വർഗാസിന്റെ മുന്നേറ്റം. ഷോട്ട് പക്ഷേ ഗോളി രക്ഷപ്പെടുത്തി. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ ലക്ഷ്യം കണ്ടു. ഫെർമിനോക്ക് പകരക്കാരനായിറങ്ങിയ ലൂക്കാസ് പക്വേറ്റയുടെ വകയായിരുന്നു ഗോൾ. നെയ്മർക്കൊപ്പം നടത്തിയ നീക്കമാണ് ഗോളായത്. തൊട്ടുപിന്നാലെ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബ്രസീലിന് തിരിച്ചടിയായി. യൂജിനിയോ മെനയെ അപകടകരമായി ഫൗൾ ചെയ്തതിനായിരുന്നു റെഡ് കാർഡ്. അവസാന 40 മിനിറ്റിലേറെ ബ്രസീൽ കളിച്ചത് 10 പേരുമായി.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ നാടകീയമായിരുന്നു മത്സരം. ചിലി ആക്രമണം കൂട്ടിയതോടെ മഞ്ഞപ്പട കൂടുതൽ പ്രതിരോധത്തിലൂന്നി. ചിലി 62ആം മിനുറ്റില്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിസിൽ മുഴക്കി. 69ആം മിനിറ്റിൽ ബ്രറേട്ടണിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടിമടങ്ങി. നെയ്മറുടെ മുന്നേറ്റം ബ്രാവോ തടഞ്ഞു. 75ആം മിനിറ്റില്‍ ലഭിച്ച ഫ്രികിക്കും നെയ്മര്‍ക്ക് മുതലാക്കാനായില്ല. പിന്നെയും ഇരു ടീമും ഗോളിനായി ശ്രമിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. അവസാന മിനിറ്റുകളിലെ ചിലിയുടെ മിന്നലാക്രമണത്തിന് മുന്നിൽ ഗോൾകീപ്പർ എഡേഴ്സണിന്റെ കരങ്ങൾ രക്ഷക്കെത്തി. കിരീടം നിലനിർത്താനുള്ള യാത്രയിൽ ഇനി ബ്രസീലിന് മുന്നിലുള്ളത് രണ്ട് കടമ്പകൾ മാത്രം.