Sports
brazil football players wear black jersey
Sports

വിനീഷ്യസ് ആവര്‍ത്തിക്കരുത്; കറുപ്പണിഞ്ഞ് കളത്തിലിറങ്ങി ബ്രസീൽ താരങ്ങൾ

Web Desk
|
18 Jun 2023 4:30 AM GMT

ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീല്‍ പരമ്പരാഗതമായ മഞ്ഞയോ പച്ചയോ അല്ലാത്ത ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്

ബാഴ്സലോണ: വംശീയതക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമായി കറുത്ത ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങി ബ്രസീല്‍ ദേശീയ ടീം. കഴിഞ്ഞ ദിവസം ബാഴ്സലോണയില്‍ വച്ച് നടന്ന സൗഹൃദ മത്സരത്തിലാണ് ബ്രസീൽ ടീം കറുത്ത ജേഴ്‌സിയണിഞ്ഞ് മൈതാനത്തിറങ്ങിയത്‌. ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീല്‍ പരമ്പരാഗതമായ മഞ്ഞയോ പച്ചയോ അല്ലാത്ത ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ ബ്രസീല്‍ ഗിനിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് നേരെ സ്പെയിനില്‍ നിരന്തരമായരങ്ങേറുന്ന വംശീയാതിക്രമങ്ങള്‍ ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ സീസണില്‍ മാത്രം പത്ത് തവണയിലധികം വിനീഷ്യസ് മൈതാനങ്ങളില്‍ വച്ച് വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഫിഫ ശക്തമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു.

മൈതാനങ്ങളിൽ ഫുട്‌ബോൾ താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങൾക്കെതിരെ ഫിഫ രൂപീകരിച്ച വംശീയ വിരുദ്ധ സമിതിയുടെ തലവനായി വിനീഷ്യസിനെ കഴിഞ്ഞ ദിവസമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നിയമിച്ചത്. കളിക്കളത്തിൽ വംശീയതയെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നും വംശീയ സംഭവങ്ങള്‍ അരങ്ങേറിയ ഉടന്‍ കളി അവിടെ വച്ച് അവസാനിപ്പിക്കണമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.

''വംശീയതയെ ഇനി കളിക്കളങ്ങളിൽ വച്ചു പൊറുപ്പിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ അരങ്ങേറിയാൽ മത്സരം ഉടൻ അവസാനിപ്പിക്കണം. ഫിഫയുടെ വംശീയ വിരുദ്ധ സമിതിയെ നയിക്കാൻ ഞാൻ വിനീഷ്യസിനോട് ആവശ്യപ്പെട്ടു. വംശീയതക്കെതിരായ ശക്തമായ നടപടികൾ ഈ സമിതി കൈക്കൊള്ളും''- ഇൻഫാന്റിനോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ വലൻസിയയ്‌ക്കെതിരായ റയലിന്റെ തോൽവിക്കു പിന്നാലെയാണ് വിനീഷ്യസിനെതിരെയുള്ള വംശീയാധിക്ഷേപങ്ങള്‍ ചര്‍ച്ചയായത്. കുരങ്ങുവിളി മുതൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായാണ് വലൻസിയ ആരാധകർ താരത്തെ വരവേറ്റത്. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിനീഷ്യസ് കളംവിട്ടത്.

കഴിഞ്ഞ ജനുവരിയില്‍ ഇതിലും ക്രൂരമായൊരു അധിക്ഷേപത്തിന് വിനീഷ്യസ് ഇരയായിട്ടുണ്ട്. കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് മാഡ്രിഡ് നഗരത്തിലെ ഒരു പാലത്തില്‍ ''മാഡ്രിഡ് റയലിനെ വെറുക്കുന്നു'' എന്നെഴുതിയിട്ട ശേഷം അത്ലറ്റിക്കോ ആരാധകര്‍ വിനീഷ്യസിന്‍റെ കോലം തൂക്കിയിട്ടു. ഇതിന് കളിക്കളത്തിലാണ് വിനീഷ്യസ് പ്രതികാരം ചെയ്തത്. കോപ്പ ഡെല്‍റേ ക്വാര്‍ട്ടറില്‍ വിനീഷ്യസിന്‍റെ പടയോട്ടങ്ങള്‍ക്ക് മുന്നില്‍ അത്ലറ്റിക്കോ മാഡ്രിഡ് തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റിക്കോ പരാജയപ്പെടുമ്പോള്‍ ഒരു ഗോള്‍ വിനീഷ്യസിന്‍റെ ബൂട്ടില്‍ നിന്നാണ് പിറവിയെടുത്തത്.

Similar Posts