ലോകകപ്പ് ക്വാർട്ടർ; ബ്രസീല്‍-ക്രൊയേഷ്യ പോരാട്ടം ഇന്ന്
|രാത്രി 8.30ന് അൽ റയാൻ സ്റ്റേഡിയത്തിലാണ് മത്സരം
ദോഹ: ലോകകപ്പിലെ ആദ്യ ക്വാർട്ടറിൽ ഇന്ന് ബ്രസീൽ - ക്രൊയേഷ്യയെ നേരിടും. രാത്രി 8.30ന് അൽ റയാൻ സ്റ്റേഡിയത്തിലാണ് മത്സരം.
ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്‍റെ അഴകും കരുത്തുമായി ബ്രസീൽ. യുറോപ്യൻ ഫുട്ബോളിന്‍റെ ശൈലിയും വേഗവുമായി ക്രൊയേഷ്യ. അവസാന നാലിലെ ആദ്യ ഇടം ഉറപ്പിക്കാൻ യൂറോപ്പും ലാറ്റിൻ അമേരിക്കയും നേർക്കുനേർ. ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇറങ്ങുമ്പോൾ കാനറികൾക്ക് ആശങ്കകളില്ല . ഗോൾ അടിച്ചുകൂട്ടുന്ന അപകടകാരികളായ മുന്നേറ്റനിര.....ഒന്നിനുപിറകെ ഒന്നായിഅവസരങ്ങൾ സൃഷിടിക്കുന്ന മധ്യനിര.... പരീക്ഷിക്കപ്പെടാൻ ഇടം നൽകാത്ത പ്രതിരോധപ്പട.... പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറും ഫോമിലാണ്.
പ്രീ-ക്വാർട്ടറോടെ ടിറ്റയുടെ പരീക്ഷണങ്ങൾ അവസാനിച്ചു. എന്ന് വേണം കരുതാൻ. കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. ബ്രസീലിനെ പോലെ പ്രതിഭാസമ്പന്നമായ സംഘമല്ല ക്രൊയേഷ്യ. സൂപ്പർ താരം ലൂക്കാമോഡ്രിച്ചിനെ ചുറ്റിപറ്റിയാണ് പരിശീലകൻ ഡാലിച്ചിന്‍റെ തന്ത്രങ്ങൾ..... മധ്യനിരയാണ് ടീമിന്‍റെ കരുത്ത് .....മുന്നേറ്റത്തിൽ ക്രമാറിച്ചല്ലാതെ സ്ഥിരതയുള്ള ഫിനിഷർ ഇല്ല. പെരിസിച്ചും പെറ്റ്കോവിച്ചും ഫോമിലെത്തേണ്ടതുണ്ട്. പ്രതിരോധനിരയിൽ വിള്ളലുകളില്ലാത്തത് ആശ്വാസമാണ്. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയ കണക്കുകളിൽ ബ്രസീലിനാണ് മുൻതൂക്കം. ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിന് രണ്ട് ടീമുകളും ഇറങ്ങുമ്പോൾ അപ്രവചനീയമാണ് മത്സരഫലം.