Sports
കിങ് ലാറ; മാരത്തണ്‍ ഇന്നിങ്സുകളുടെ കാമുകന്‍
Sports

കിങ് ലാറ; മാരത്തണ്‍ ഇന്നിങ്സുകളുടെ കാമുകന്‍

ഷെഫി ഷാജഹാന്‍
|
18 July 2022 11:36 AM GMT

ബ്രയാൻ ചാൾസ് ലാറയെന്ന ഇടങ്കയ്യന്‍റെ ബാറ്റിങ് കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് കണ്ടിട്ടില്ലെന്നാണ് അർത്ഥം...

കാണികളുടെ ഹൃദയമിടിപ്പിന്‍റെ വേഗം കൂടിക്കൊണ്ടേയിരുന്നു... മഗ്രാത്തിന്‍റെയും ഗില്ലസ്പിയുടെയും തീതുപ്പുന്ന പന്തുകള്‍, മുട്ടിടിച്ച് വീണുപോകുന്ന ബാറ്റര്‍മാര്‍. നാലാം ഇന്നിങ്സില്‍ 308 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിനെ സംബന്ധിച്ച് സമനില പോലും വിദൂര സ്വപ്നങ്ങളിലെ മരീചിക ആയിരുന്നു... പക്ഷേ അവിടെ ഒരു രാജകുമാരന്‍ ഉദയം ചെയ്തു, ബ്രയാന്‍ ചാള്‍സ് ലാറ. തന്‍റെ ശരീരത്തിലെ അവയവങ്ങളേപ്പോലെതന്നെ ക്രിക്കറ്റ് ബാറ്റിനെ ചേര്‍ത്തുപിടിച്ച മനുഷ്യന്‍, ക്രീസില്‍ പ്രതീക്ഷയുടെ അവസാനിക്കാത്ത കണികയായി ആ രാജകുമാരന്‍ ബാക്കിയായിരുന്നു. പന്തുകൊണ്ടും നാവു കൊണ്ടും കടിച്ചുകീറാന്‍ വളഞ്ഞ എതിര്‍നിരയിലെ പതിനൊന്ന് പേര്‍ക്കെതിരെയും ഒറ്റക്കുനിന്ന് മറുപടി കൊടുത്ത മനോധൈര്യം.

അതെ ക്രിക്കറ്റ് ഒരു ഗെയിമാവുന്നത്, ബാറ്റിങ് ഒരു കലയാവുന്നത് വില്ലോ ഏന്തി ബ്രയാൻ ലാറയെന്ന ആ മനുഷ്യന്‍ ക്രീസിൽ നിൽക്കുമ്പോഴാണ്. ഒരിന്നിങ്സില്‍ നേടാന്‍ കഴിയുന്ന എല്ലാ സ്കോറുകളും സ്വന്തം പേരില്‍ കുറിച്ച്, ടെസ്റ്റ് ക്രിക്കറ്റില്‍ ഈ ഗ്രഹത്തില്‍ മനുഷ്യസാധ്യമായ എല്ലാ ബാറ്റിങ് നേട്ടങ്ങളും സ്വന്തമാക്കിയ ഇതിഹാസം.

ഒടുവില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 153 റണ്‍സിന്‍റെ അകമ്പടിയോടെ അയാള്‍ വിന്‍ഡീസിനെ നാടകീയമായി വിജയത്തിലേക്ക് നയിച്ചു. ആ സസ്പെന്‍സ് ത്രില്ലര്‍ ക്രിക്കറ്റിന്‍റെ ചരിത്രപുസ്തകത്തില്‍ എവിടെയാണ് ലാറയുടെ പേര് രേഖപ്പെടുത്തേണ്ടതെന്ന സംശയങ്ങള്‍ക്കുള്ള ഐതിഹാസിക മറുപടി കൂടിയായിരുന്നു. ഒരേയൊരു നിമിഷത്തെ അശ്രദ്ധ പോലും ആ മത്സരത്തെ നഷ്ടപ്പെടുത്തും എന്ന അവസ്ഥയില്‍ അയാള്‍ കെട്ടഴിച്ചുവിട്ട സ്ട്രോക്ക് പ്ലേ ഇന്നും അതിശയമാണ്. ലോകത്തെ ഏറ്റവും മികച്ച ബൌളിംഗ് നിരക്കെതിരെ കണ്ടിരിക്കുന്നവരുടെ കണ്ണും മനസ്സും കുളിര്‍പ്പിച്ച സ്വപ്നതുല്യമായ ബാറ്റിങ് വിരുന്ന്. അതിന് പകരം വെക്കാനുള്ള ഒരിന്നിങ്സ് ലോകക്രിക്കറ്റില്‍ പിന്നീട് പിറന്നിട്ടുണ്ടോയെന്നത് തന്നെ സംശയമാണ്.

ലാറയെന്ന ഒറ്റയാന്‍

22 വാര പിച്ചിന്‍റെ മധ്യത്തുനിന്ന് ക്രീസിന്‍റെ കുമ്മായവര കടന്നാല്‍ അയാളുടെ കാലുകള്‍ക്ക് നർത്തകന്‍റെ മെയ്വവഴക്കമായിരുന്നു. റെക്കോര്‍ഡുകളുടെ നാഴികക്കല്ലുകൾ പലതും ആ വിന്‍ഡീസുകാരന്‍റെ മുന്നില്‍ തലകുനിച്ചിട്ടുണ്ടാകും, പക്ഷേ എല്ലാ നേട്ടങ്ങള്‍ക്കുമുപരി ആരാധകരെ പിടിച്ചിരുത്തിയത് പേസ് ബൗളർമാരെ നേരിടാന്‍ മുഖാന്തിരമായി നിന്നിരുന്ന അയാളിലെ കരുത്തുറ്റ ബാറ്ററുടെ ശൈലിയായിരുന്നു.

ലോകത്ത് ക്രിക്കറ്റിനായി ഒരു സിംഹാസനം ഉണ്ടെങ്കിൽ അതിലിരിക്കേണ്ട ചക്രവര്‍ത്തിയായിരുന്നു ബ്രയാന്‍ ലാറ. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ വെസ്റ്റ് ഇൻഡീസ് അതിദുർബലമായ ബാറ്റിങ്ങ് നിര മാത്രമുള്ള ഒരു ടീമായിരുന്നു. നായാട്ടുകാര്‍ ഒരുമിച്ചു വേട്ടക്കിറങ്ങുന്ന ഒരു ടീമില്‍ കളിക്കുന്ന പ്രതിഭയുടെ അവസ്ഥയായിരുന്നില്ല ലാറയുടേത്, അനുദിനം തകരുന്ന കരീബിയൻ കരുത്തിനെ സ്വന്തം തോളിൽ ചുമക്കാന്‍ വിധിക്കപ്പെട്ടവന്‍. സച്ചിനും ഒരുസമയത്ത് ഈ അവസ്ഥയിലൂടെ കടന്നുപോയ താരമാണ്. പക്ഷേ പിന്നീട് സച്ചിന്‍റെ ഭാരം ഏറ്റെടുക്കാന്‍ ദ്രാവിഡ്, ലക്ഷ്മണ്‍,സെവാഗ് ,ഗാംഗുലി തുടങ്ങിയ പ്രതിഭാശാലികളുടെ പട തന്നെ അവതരിച്ചപ്പോള്‍ ലാറക്ക് ചന്ദര്‍പോളില്‍ നിന്നൊഴികെ കാര്യമായ ഒരു പിന്തുണയും ലഭിച്ചില്ല. ദീർഘമായ ഇന്നിങ്ങ്സ് കളിക്കാനുള്ള മികവും ടീമിനായി ഒറ്റക്ക് പൊരുതാനുള്ള കഴിവും എന്നും ലാറയെ അനിഷേധ്യനാക്കി.

ബ്രയാന്‍ ലാറയെന്നാല്‍ കരീബിയന്‍ ദ്വീപിന് ക്രിക്കറ്റിന്‍റെ അനന്തവിഹായസിലേക്ക് തങ്ങളുടെ രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ അവതരിച്ച പ്രവാചകനായിരുന്നു. ഗാരി സോബേഴ്സും ലാൻസ് ഗിബ്ബ്സും ജോർജ് ഹേഡ്‍ലിയും വിവിയന്‍ റിച്ചാര്‍ഡ്സും ക്ലൈവ് ലോയ്ഡും തുടങ്ങി ക്രിക്കറ്റിനെ ജീവശ്വാവാസമായി കാണുന്ന വിന്‍ഡീസിന് ആരാധിക്കാന്‍ ഒരുപാട് ഇതിഹാസങ്ങള്‍ വന്നുപോയിട്ടുണ്ട്. എങ്കിലും ലാറയെന്ന പേര് വിന്‍ഡീസ്കാര്‍ക്ക് ഇന്നും രക്തത്തില്‍ അലിഞ്ഞ വികാരമാണ്. ഇന്ത്യക്ക് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എങ്ങനെയാണോ അതുപോലെ... ചിലപ്പോള്‍ അതിനുമപ്പുറം.


ചോര വീണ പോരാട്ടം

90 നവംബറിൽ ക്രിക്കറ്റ് മൈതാനത്തേക്ക് ഗാര്‍ഡ് അണിഞ്ഞെത്തിയ ലാറയെന്ന 21കാരന്‍ നടന്ന് കയറിയത് ചരിത്രത്തിലേക്കും അവിടെ നിന്ന് വിന്‍ഡീസ് ജനതയുടെ മനസിലേക്കുമാണ്. 92 ലെ ലോകകപ്പ് മുതലാണ് ലാറയെ കളിഭ്രാന്തന്മാര്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. അന്നത്തെ വിൻഡീസ് - പാകിസ്ഥാൻ മത്സരം. വസീം അക്രമിന്‍റെയും അക്വിബ് ജാവേദിന്റെയും തീയുണ്ട പോലെയുള്ള പന്തുകളെ നേരിട്ട് ആ 23 കാരന്‍ നേടിയത് 88 റൺസാണ്. വൈറ്റ് ബോളില്‍ ചോര പറ്റിക്കാന്‍ മത്സരിക്കുന്ന പേസ് ത്രയങ്ങള്‍ ഭരിക്കുന്ന പാകിസ്ഥാനെതിരെയാണ് സെഞ്ച്വറിയോളം തിളക്കമുള്ള ഇന്നിങ്സ് ലാറ കളിച്ചതെന്ന് ഓര്‍ക്കണം. ആറ് ബൌളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ലാറയുടെ വിക്കറ്റ് വീഴ്ത്താന്‍ ഇമ്രാന്‍ഖാന്‍റെ പേരുകേട്ട് പാക് നിരക്കായില്ല... ഒടുവിൽ വസീം അക്രം മുറിവേൽപ്പിച്ച പാദവുമായി റിട്ടയർ ചെയ്യുമ്പോൾ വിൻഡീസ് പത്തു വിക്കറ്റ് വിജയം ഉറപ്പിച്ചിരുന്നു. പിന്നീടെത്രയെത്ര ഇന്നിങ്സുകൾ. അവിടെനിന്നങ്ങോട്ട് റെക്കോര്‍ഡ് ബുക്കുകളിലെ സ്ഥിരം പേരുകാരനായി മാറുകയായിരുന്നു ബ്രയാന്‍ ലാറ.

വില്ലോ കൊണ്ട് ചിത്രം വരക്കുന്ന ലാറ

ബ്രയാൻ ചാൾസ് ലാറയെന്ന ഇടങ്കയ്യന്‍റെ ബാറ്റിങ് കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് കണ്ടിട്ടില്ലെന്നാണ് അർത്ഥം. കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ തോന്നുന്ന ഫൂട്ട് വർക്കും ബാറ്റിങ് ടെക്നിക്കും. ഹൈ ബാക്ക് ലിഫ്റ്റിൽ നിന്നു തുടങ്ങുന്ന സ്റ്റാന്‍സ്... പതിനേഴ് വർഷക്കാലം വിൻഡീസ് ബാറ്റിങ് നിരയെ മുന്നിൽ നിന്നു നയിച്ച ആ ട്രിനിഡാഡ് കൊടുങ്കാറ്റിനെ അന്നാട്ടുകാർ കിങ് ലാറയെന്ന് വിളിച്ചതും ഈ ശൈലി കണ്ടാണ്. അതെ, ക്രിക്കറ്റിനെ ജീവശ്വാസമായി കാണുന്ന ആ ജനതക്ക് ബ്രയാന്‍ ലാറ രാജാവ് തന്നെയായിരുന്നു. ഓരോ ഇന്നിങ്സിനായും അയാൾ പാഡണിഞ്ഞ് ഗ്രൗണ്ടിലേക്കെത്തുമ്പോള്‍ കരീബിയന്‍ ദ്വീപ് ഒന്നാകെ എഴുന്നേറ്റുനിന്ന് കയ്യടിക്കും. തീതുപ്പുന്ന ബൌളിങ് നിരയെ MRF എന്നെഴുതിയ തന്‍റെ രണ്ടയരയടി വില്ലോ തടി കൊണ്ട് ബൗണ്ടറിക്ക് വെളിയിലേക്ക് പറത്തുമ്പോള്‍, നർത്തകന്‍റെ പാദ ചലനത്തെ ഓർമിപ്പിക്കുന്ന ഫൂട്ട് വർക്കിലൂടെ വിസ്മയിപ്പിക്കുമ്പോള്‍ എല്ലാം,എല്ലാം ആ ഗ്യാലറികൾ അയാൾക്ക് വേണ്ടി ആരവം മുഴക്കിയിരുന്നു.

വിശ്വവിഖ്യാതം, 400 നോട്ടൌട്ട്

ഈസ്റ്റര്‍ ദിനത്തിലായിരുന്നു ലാറയുടെ ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഇന്നിങ്സ്. വിൻഡീസ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ടിനോട് ആദ്യ മൂന്ന് ടെസ്റ്റുകളിലും ലാറ നയിച്ച ആതിഥേയർ തോറ്റു. കളിയഴകുകൊണ്ട് ലോകം വാഴ്ത്തിപ്പാടിയ ബ്രയാന്‍ ലാറയുടെ ബാറ്റിൽനിന്ന് ആറ് ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി പോലും പിറന്നില്ല. രണ്ട് തവണ പൂജ്യത്തിനും പുറത്തായി. ലാറയുടെ കാലം കഴിഞ്ഞെന്ന് വിമര്‍ശകര്‍ പാടിത്തുടങ്ങി.. പക്ഷേ അപ്പോഴും അയാള്‍ അക്ഷോഭ്യനായി നിന്നു. സെന്‍റ് ജോൺസ് പാർക്കിലെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിനു ടോസ് വീഴുന്നു. വിൻഡീസിനു ബാറ്റിങ്.

ഓപ്പണര്‍ ഡാരന്‍ ഗംഗയുടെ വിക്കറ്റ് വീണതോടെ വണ്‍ഡൌണായി അയാള്‍ ക്രീസിലെത്തി. ഹാര്‍മിസണെയും ഫ്ലിന്‍റോഫിനെയുമെല്ലാം കടന്നാക്രമിച്ച് ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ലാറ ഇന്നിങ്സ് പടുത്തുയര്‍ത്തി. ടീം സ്കോര്‍ 150ലെത്തിയപ്പോള്‍ 61 പന്തില്‍ നിന്ന് ലാറ തന്‍റെ അര്‍ധസെഞ്ച്വറി കണ്ടെത്തിയിരുന്നു. ആ പരമ്പരയിലെ ലാറയുടെ ആദ്യ ഫിഫ്റ്റി. അങ്ങനെ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ 86 റൺസുമായി ലാറ നോട്ടൌട്ട്. തന്‍റെ പ്രതിഭക്ക് എക്സ്പൈറി ഡേറ്റിട്ടവരെ കുരിശില്‍ തറച്ചുകൊണ്ട് പിറ്റേന്ന് ഈസ്റ്റർ ദിനത്തിൽ ബ്രയാന്‍ ലാറ ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റു. സെഞ്ച്വറിയും ഡബിളും കടന്ന് 10 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കരിയറിലെ രണ്ടാം ട്രിപ്പിൾ സെഞ്ചുറി, രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ലാറ 313 നോട്ടൗട്ട്. വിന്‍ഡീസ് ഇന്നിങ്സ് മൂന്നാം ദിനത്തിലേക്ക് നീണ്ടു.

ഗാരെത് ബാറ്റിയുടെ പന്തില്‍ സ്റ്റെപ്പ് ഔട്ടിലൂടെ സിക്സര്‍, മാത്യു ഹൈഡന്‍ കൈയടക്കിയ ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറിന്‍റെ റെക്കോഡിനൊപ്പം ലാറയെത്തി. തൊട്ടടുത്ത പന്തില്‍ സ്വീപ്പിലൂടെ ബൌണ്ടറി, റെക്കോഡ് ബുക്കില്‍ വീണ്ടും അയാള്‍ തന്‍റെ പേര് എഴുതിച്ചേര്‍ത്തു. ആറ് മാസം മുമ്പ് മാത്രം ലാറയുടെ റെക്കോഡ് മറികടന്ന് ഹെയ്ഡന്‍ സ്വന്തമാക്കിയ നേട്ടം വീണ്ടും ആ ട്രിനിഡാഡുകാരന്‍ സ്വന്തം പേരില്‍ തിരുത്തിക്കുറിച്ചിരിക്കുന്നു.

വാക്കുകള്‍ കൊണ്ട് തന്നെ തൂക്കിലേറ്റാന്‍ ശ്രമിച്ചവര്‍ക്കും തന്‍റെ രക്തത്തിനായി മുറവിളി കൂട്ടിയവര്‍ക്കുമുള്ള ലാറയുടെ മറുപടിയായിരുന്നു പിന്നീട് കണ്ടത്. പ്രായം 35നോട് അടുത്ത കരിയറിന്‍റെ അവസാന നാളുകളിലെത്തിനില്‍ക്കുന്ന ഒരു താരത്തിന്‍റെ ബാറ്റില്‍നിന്ന് ലോകക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്നിരിക്കുന്നു. ഒരു സ്വീപ് ഷോട്ടിലൂടെ നേടിയ സിംഗിളിലൂടെ അയാള്‍ 400 റണ്‍സെന്ന മാന്ത്രിക സംഖ്യയിലേക്ക് നടന്നെത്തിയിരിക്കുന്നു. ഇന്നിതുവരെ ഒരു താരത്തിനും മാറ്റിയെഴുതന്‍ സാധിച്ചിട്ടില്ലാത്ത, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു മനുഷ്യന് സാധ്യമായ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

അഞ്ചിന് 751 എന്ന മാമത്ത് ടോട്ടലില്‍ വിന്‍ഡീസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 778 മിനിറ്റ് ക്രീസില്‍ നിന്ന് 582 പന്തുകളില്‍ 43 ബൗണ്ടറികളും നാലു സിക്സറുകളുമായി 400 റണ്‍സോടെ ട്രിനിഡാഡിന്‍റെ ആ രാജകുമാരന്‍ കിരീടവും ചെങ്കോലുമായി അജയ്യനായി നിന്നു. ഏഴ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ലാറയുടെ പ്രതിരോധമതിലില്‍ ഒരു വിള്ളല്‍ വീഴ്ത്താന്‍ പോലും ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനും സംഘത്തിനുമായില്ല. അന്നുയര്‍ന്നുകേട്ടതില്‍വെച്ച് ഏറ്റവും മനോഹരായ വാക്ക് 'ഒരുപക്ഷേ അന്ന് വിന്‍ഡീസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ലാറ ഇന്നും ആ ബാറ്റിങ് തുടര്‍ന്നേനെ' എന്നാണ്.

ആദ്യ ടെസ്റ്റ് സെഞ്ച്വറി മുതല്‍ തുടങ്ങുന്നു ലാറയുടെ പ്രതിഭയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ഇന്നിങ്സുകള്‍. ഓസീസിനെതിരെ അവരുടെ തട്ടകമായ സിഡ്നിയിൽ 277 റണ്‍സ് അടിച്ചുകൂട്ടിയാണ് ലാറ ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ ആദ്യ സെഞ്ച്വറി ഇരട്ടിമധുരമുള്ളതാക്കിയത്. തന്‍റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി മാറ്റിയാണ് ലാറ 94ല്‍ ഇംഗ്ലണ്ടിനെതിരായ ഇന്നിങ്സ് അവസാനിപ്പിച്ചത്. കരിയറിലെ തന്‍റെ പന്ത്രണ്ടാമത്തെ മാത്രം ടെസ്റ്റില്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന നേട്ടം സ്വന്തം പേരിലാക്കിയാണ് ആ 25കാരന്‍ തിരിച്ച് പവലിയനിലെത്തിയത്. 375 റണ്‍സ്...!

അന്നുവരെ ക്രിക്കറ്റിന്‍റെ കണക്കുപുസ്തകങ്ങളിലുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും പഴങ്കഥയായി, വിന്‍ഡീസിന്‍റെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ ഗാരി സോബേഴ്സ്സിന്‍റെ 365 റണ്‍സ് ആയിരുന്നു അതുവരെ ലോക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 2008 ഒക്ടോബർ 17ന്‌ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മറികടക്കുന്നതുവരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ എന്ന റെക്കോര്‍ഡും ബ്രയാന്‍ ലാറക്ക് ആയിരുന്നു.

ലോകക്രിക്കറ്റിന്‍റെ നെറുകയില്‍ വിന്‍ഡീസെന്ന ദ്വീപ് രാജ്യത്തെ പ്രതിഷ്ടിക്കുകയായിരുന്നു ബ്രയാന്‍ ലാറയുടെ സ്വപ്നം. എന്നാല്‍ ആ സ്വപ്നത്തിനൊപ്പം സഞ്ചരിക്കാന്‍, അയാള്‍ക്കൊപ്പം നില്‍ക്കാന്‍ ഒരാളുമുണ്ടായിരുന്നില്ല.ആ സ്വപ്നം പൂര്‍ത്തിയാക്കാനാകാതെ കളിയവസാനിപ്പിക്കുമ്പോഴും ലോകക്രിക്കറ്റിന്‍റെ ഇതിഹാസതാരങ്ങളുടെ പട്ടികയില്‍ തലയെടുപ്പോടെ അയാളുണ്ടായിരുന്നു. അതെ, അയാൾ ഒരു മാന്ത്രികന്‍ തന്നെയായിരുന്നു, അസാധ്യമെന്ന് കരുതിയ പലതും ക്രീസിൽ സൃഷ്ട്ടിച്ച ഇന്ദ്രജാലക്കാരൻ. ആരുടെ മുന്നിലും തോൽക്കാൻ മനസ്സില്ലാത്ത നായകന്‍. വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തും മനോഹരമായ കാലിപ്സോ സംഗീതത്തിന്റെ വശ്യ മനോഹാരിതയും ഒത്തുചേര്‍ന്ന പ്രതിഭ .

ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ ലാറയുടെ അവസാന കളി കാണാന്‍ തടിച്ചുകൂടിയ ആരാധകരോട് അയാള്‍ ചോദിച്ച ഒരേയൊരു ചോദ്യം ഇങ്ങനെയായിരുന്നു ''Did I entertain യു... ''. ഒരിടംകൈയ്യന്‍ ബാറ്ററുടെ അനായാസതയും കരീബിയന്‍ ശൈലിയുടെ വന്യമായ ഭാവങ്ങളും ഒരേ അളവില്‍ വിളക്കിച്ചേര്‍ത്ത്, ക്രിക്കറ്റ് മൈതാനങ്ങളെ ആനന്ദിപ്പിച്ച കളിക്കാരന്‍ നിസാരമായി ആരാധകരോട് ചോദിച്ചു കളഞ്ഞു. ആര്‍പ്പുവിളികളോടെയായിരുന്നു അവിടെ കൂടിയിരുന്ന ജനലക്ഷങ്ങള്‍ അന്ന് ലാറയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. നിങ്ങള്‍ക്കതിനു കഴിഞ്ഞിരുന്നു ബ്രയാന്‍. ഒരുപക്ഷേ നിങ്ങളെപോലെ മറ്റാര്‍ക്കു അത് കഴിഞ്ഞിട്ടുമില്ല... വെളുപ്പും ചുവപ്പും നിറമുള്ള ആ തുകല്‍ പന്തിനെ നിങ്ങള്‍ അത്രമാത്രം സ്നേഹിച്ചിരുന്നു.

Similar Posts