Sports
ബുംറ കൊടുങ്കാറ്റിലുലഞ്ഞ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ജയിക്കാന്‍ 209 റൺസ്
Sports

ബുംറ കൊടുങ്കാറ്റിലുലഞ്ഞ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ജയിക്കാന്‍ 209 റൺസ്

Web Desk
|
7 Aug 2021 5:29 PM GMT

ജസ്പ്രീത് ബുംറയ്ക്ക് അഞ്ചു വിക്കറ്റ്. നായകന്‍ ജോ റൂട്ടിന്‍റെ സെഞ്ച്വറി(109) മികവില്‍ ഇംഗ്ലണ്ട് നേടിയത് 303 റണ്‍സ്

ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് മുൻപിൽ ഒരിക്കൽ കൂടി കൊടുങ്കാറ്റായി ജസ്പ്രീത് ബുംറ. നോട്ടിങ്ഹാമിൽ കളി തീരാൻ ഒരു ദിവസവും ഏതാനും മണിക്കൂറുകളും ബാക്കിനിൽക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 209 റൺസ്. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ നേടിയ 95 റൺസ് ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് സംഘം നായകൻ ജോ റൂട്ടിന്റെ ഉജ്ജ്വല സെഞ്ച്വറി(109)യുടെ മികവിൽ 303 റൺസാണ് നേടിയത്. റൂട്ടിന്റെയടക്കം അഞ്ച് വിക്കറ്റുകൾ പിഴുത ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പേസര്‍മാരാണ് ഇംഗ്ലീഷ് സംഘത്തെ ചെറിയ സ്കോറിലേക്ക് ചുരുട്ടിക്കെട്ടിയത്.

രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് ഇന്നലെ വിക്കറ്റുകളൊന്നും നഷ്ടമായിരുന്നില്ല. മഴ കളിമുടക്കുന്നതുവരെ ഇംഗ്ലീഷ് ഓപണർമാർ 25 റൺസുമായി പ്രതിരോധക്കോട്ട തീർത്തു. എന്നാൽ, ഇന്ന് കളി ആരംഭിച്ച് അഞ്ചാമത്തെ ഓവറിൽ തന്നെ റോറി ബേൺസിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി. സിറാജിന്റെ മനോഹരമായ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 49 പന്തിൽ 18 റൺസായിരുന്നു ബേൺസിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംറ സാക് ക്രൗളിയെയും പുറത്താക്കി കളി ഇന്ത്യൻ വരുതിയിലാക്കുന്ന സൂചന നൽകി. ഇത്തവണയും പന്തിനു തന്നെയായിരുന്നു ക്യാച്ച്.

എന്നാൽ, തുടർന്നെത്തിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ട്, അതിവേഗം കളി വരുതിയിലാക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ തല്ലിയുടയ്ക്കുകയായിരുന്നു. മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോഴും റൂട്ട് കോട്ടകെട്ടി നിന്നു. ജോണി ബെയർസ്‌റ്റോ(30), ഡാൻ ലോറൻസ്(25), ജോസ് ബട്‌ലർ(17), സാം കറൻ(32) എന്നിവരുമായെല്ലാം ചെറിയ കൂട്ടുകെട്ടുകളുണ്ടാക്കിയാണ് നായകൻ ഇന്നിങ്‌സ് പടുത്തത്. ഒടുവിൽ പുതിയ പന്തെടുത്ത ശേഷം ബുംറയുടെ രണ്ടാമത്തെ ബൗളിൽ പന്തിന് ക്യാച്ച് നൽകി റൂട്ട് കീഴടങ്ങി. 172 പന്തിൽ 14 ബൗണ്ടറി സഹിതം 109 റൺസുമായാണ് താരം മടങ്ങിയത്.

റൂട്ട് പോയതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായി. കറനും ഒലി റോബിൻസനും ചേർന്ന് ഇംഗ്ലീഷ് സ്‌കോർ ഭേദപ്പെട്ട നിലയിലെത്തിച്ചെങ്കിലും ഒരിക്കൽകൂടി ഇംഗ്ലീഷ് വാലറ്റത്തെ എളുപ്പത്തിൽ കീഴടക്കാൻ ഇന്ത്യൻ ബൗളർമാർക്കായി. ഇന്ത്യൻ ബൗളർമാരിൽ ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും ഷർദുൽ താക്കൂറും രണ്ടുവീതം വിക്കറ്റ് നേടി. മുഹമ്മദ് ഷമി അവസാന വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ ബുംറ നാല് വിക്കറ്റും നേടിയിരുന്നു.

Similar Posts