Sports
ഡി ബ്രുയ്‌നെ സൗദിയിൽ; നാട്ടിലെ വീട്ടിൽ കള്ളൻ കയറി
Sports

ഡി ബ്രുയ്‌നെ സൗദിയിൽ; നാട്ടിലെ വീട്ടിൽ കള്ളൻ കയറി

Web Desk
|
21 Dec 2023 11:16 AM GMT

സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നും വീട്ടിനകത്തെ ഫർണിച്ചർ അടക്കമുള്ള വസ്തുക്കളെല്ലാം മറിച്ചിട്ട നിലയിലാണെന്നും പൊലീസ്

മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയ്‌നെയുടെ വസതിയിൽ കള്ളന്മാരുടെ ആക്രമണം. ബെൽജിയത്തിലെ ആഢംബര മേഖലയായ സോൾഡറിലുള്ള മാൻഷനിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു കടന്നുകളഞ്ഞു. വീട്ടിനകത്തെ ഫർണിച്ചർ അടക്കമുള്ള വസ്തുക്കളെല്ലാം മറിച്ചിട്ട നിലയിലാണെന്നും യഥാർത്ഥ നഷ്ടം കണക്കാക്കിയിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലിനും ഒൻപതിനും ഇടയിലായിരുന്നു സംഭവം. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ക്ലബ്ബ് ലോകകപ്പിനായി ഡിബ്രുയ്‌നെ സൗദിയിലും അദ്ദേഹത്തിന്റെ ഭാര്യ മിഷേൽ ലാക്രോയും മക്കളും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുമായിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മിഷേൽ ലാക്രോ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊള്ളവിവരം പുറത്തറിയുന്നത്. സുരക്ഷാ ക്രമീകരണങ്ങളെ വെട്ടിച്ച് ഏണി ഉപയോഗിച്ചാണ് കള്ളന്മാർ വീടിന്റെ ഒന്നാം നിലയിൽ പ്രവേശിച്ചത് എന്നാണ് നിഗമനം.

കെവിൻ ഡി ബ്രുയ്നെ കുടുംബത്തോടൊപ്പം

കെവിൻ ഡി ബ്രുയ്നെ കുടുംബത്തോടൊപ്പം

കോടീശ്വര കുടുംബത്തിൽ ജനിച്ച കെവിൻ ഡി ബ്രുയ്‌നെ ലോകഫുട്‌ബോളിലെ അതിസമ്പന്നന്മാരിലൊരാളാണ്. പരമ്പരാഗത സമ്പത്തിനു പുറമെ പ്രതിവർഷം 20 മില്യൺ ഡോളർ (166.5 കോടി രൂപ) ആണ് താരം മാഞ്ചസ്റ്റർ സിറ്റിയിൽ പ്രതിഫല ഇനത്തിൽ മാത്രം കൈപ്പറ്റുന്നത്.

കൊള്ളയടിക്കപ്പെട്ട അത്യാഢംബര മാൻഷൻ 70 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്. 2015-ൽ വാങ്ങിച്ച സ്ഥലത്ത് നിർമിച്ച ഈ വീട്ടിൽ വളരെ കുറഞ്ഞ ദിവസങ്ങളിൽ മാത്രമേ താരം താമസിക്കാറുള്ളൂ. മാഞ്ചസ്റ്റർ നഗരപ്രാന്തത്തിലുള്ള ചെഷയർ വില്ലേജിലെ മൂന്നുനില വീട്ടിലാണ് താരവും ഭാര്യയും മൂന്ന് പെൺമക്കളും താമസിക്കുന്നത്.

ലോകഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന കെവിൻ ഡി ബ്രുയ്‌നെ ഈയിടെയായി പരിക്കിന്റെ പിടിയിലായിരുന്നു. പരിക്കു മാറി പരിശീലനത്തിന് ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ ഡിബ്രുയ്‌നെയും മാഞ്ചസ്റ്റർ സിറ്റിയും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബർ 22-ന് നടക്കുന്ന ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് ഫ്‌ളുമിനിസിനെതിരെ താരത്തെ കോച്ച് പെപ് ഗ്വാർഡിയോള കളത്തിലിറക്കുമെന്നാണ് പ്രതീക്ഷ.

ഇംഗ്ലീഷ്, യൂറോപ്യൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഡി ബ്രുയ്‌നെയുടെ അഭാവം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ 17 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ സിറ്റി 34 പോയിന്റുമായി നാലാം സ്ഥാനത്താണ്. ലീഗിൽ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമേ ചാമ്പ്യന്മാർക്ക് നേടാൻ കഴിഞ്ഞുള്ളൂ.

Related Tags :
Similar Posts