ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം; കരുനീക്കത്തിന് തമിഴ്നാട്ടിൽ കളമൊരുങ്ങി
|ഇന്ത്യ ആദ്യമായാണ് ഒളിമ്പ്യാഡിന് ആതിഥ്യം വഹിക്കുന്നത്
ചെന്നൈ: നാല്പത്തി നാലാമത് ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യ ആദ്യമായാണ് ഒളിമ്പ്യാഡിന് ആതിഥ്യം വഹിക്കുന്നത്. യുനെസ്കൊ പൈതൃകപ്പട്ടികയില്‍ ഇടംനേടിയ വിനോദസഞ്ചാര കേന്ദ്രമായ മഹാബലിപുരത്തിനു സമീപമുള്ള ഷെറാട്ടണ്‍ റിസോര്‍ട്ട് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നാലുവേദികളിലായി നാളെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ആഗസ്റ്റ് പത്തിനാണ് സമാപനം.
187 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ 188 ടീമുകളും വനിതാ വിഭാഗത്തില്‍ 162 ടീമുകളുമാണ് മത്സരിക്കുക. മൂന്ന് ഓപ്പണ്‍, മൂന്ന് വനിതാ വിഭാഗങ്ങളിലായി 30 ഇന്ത്യന്‍ കളിക്കാരാണ് മാറ്റുരക്കുന്നത്. ലോകത്തെ മികച്ച രണ്ടു ടീമുകളായ റഷ്യയും ചൈനയും ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ പങ്കെടുക്കാത്തത് ഇന്ത്യക്ക് ഏറെ പ്രതീക്ഷനല്‍കുന്നുണ്ട്. വിശ്വനാഥന് ആനന്ദ് ആണ് ടീമിന്റെ മെന്റര്‍.
വന്‍ ഒരുക്കങ്ങളുമായാണ് തമിഴ്നാട് ചെസ് മാമാങ്കത്തിന് കളമൊരുക്കുന്നത്. മഹാബലിപുരത്ത് കളിക്കാര്ക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കി. ഭക്ഷണം, യാത്ര, ആരോഗ്യരക്ഷാ സൗകര്യങ്ങൾ, കലാ, വിനോദ പരിപാടികൾ എന്നിങ്ങനെ എല്ലാം സുസജ്ജമാണ്. ഇംഗ്ലീഷിനുപുറമേ, സ്പാനിഷ്, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും സേവനം നല്‍കും. സുരക്ഷാ ചുമതലക്കായി 22000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.