ഹൈദരാബാദിന് നേരെ വീശിയടിച്ച് ചെന്നൈ: ഏഴ് വിക്കറ്റ് ജയം
|ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ആദ്യ ബാറ്റിംഗിനയയ്ക്കുകയായിരുന്നു
ഐപിഎല്ലിലെ 29ാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. 134 റൺസ് എടുത്ത ഹൈദരാബാദിന് മൂന്ന് വിക്കറ്റ് മാത്രമാണ് ചെന്നൈ വഴങ്ങിക്കൊടുത്തത്. ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ആദ്യ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
സൺറൈസേഴ്‌സിനായി ഓപ്പണർമാരായ ഹാരി ബ്രൂക്കും അഭിഷേക് ശർമയും ടീമിന് ഭേദപ്പെട്ട തുടക്കമായിരുന്നു നൽകിയത്. എന്നാൽ, സ്‌കോർ 35 ൽ എത്തിനിൽക്കെ ഹാരിബ്രൂക്കിനെ മടക്കി ആകാശ് സിങ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ രാഹുൽ ത്രിപാഠിയെയും കൂട്ടുപിടിച്ച് അഭിഷേക് ശർമ സ്‌കോർ ഉയർത്തിയെങ്കിലും സ്‌കോർ 71 എത്തിനിൽക്കെ അഭിഷേകിനെ ജഡേജ കൂടാരം കയറ്റി.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ മാർക്രമും ത്രിപാഠിയും ചേർന്ന് മികച്ച കൂട്ടുക്കെട്ട് ഉണ്ടാക്കുമെന്ന പ്രതീക്ഷ തകർത്ത് വീണ്ടും ജഡേജ അവതരിച്ചു. ത്രിപാഠിയെ പുറത്താക്കി ജഡേജ ചെന്നൈയ്ക്ക് മുൻതൂക്കം നൽകി. അടുത്ത ഓവറിൽ ക്യാപ്റ്റൻ മാർക്രത്തെ പുറത്താക്കി മഹീഷ് തീക്ഷ്ണയും സൺറൈസേഴ്‌സിന് തിരിച്ചടി നൽകി. പിന്നീടെത്തിയ മയാങ്ക് അഗർവാളും ജഡേജയ്ക്ക് മുന്നിൽ വീണതോടെ റൺറേറ്റ് കുത്തനെ ഇടിഞ്ഞു.
പിന്നീടെത്തിയ ക്ലാസനും മാർക്കോ ജാൻസണും ചേർന്ന് സ്‌കോർ ഉയർത്താൻ നോക്കിയെങ്കിലും സ്‌കോർ 116 ൽ എത്തിനിൽക്കെ ക്ലാസനെ പുറത്താക്കി പതിരാനയും വിക്കറ്റ് വേട്ടയിൽ ചേർന്നു. അവസാന ഓവറുകളിൽ ജാൻസണും വാഷിങ്ടൺ സുന്ദറും ചേർന്ന് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 134 എത്തിക്കാനെ അവർക്ക് സാധിച്ചുള്ളൂ.
34 റൺസെടുത്ത അഭിഷേക് ശർമയാണ് സൺറൈസേഴ്‌സ് നിരയിലെ ടോപ്‌സ്‌കോറർ. ചെന്നൈയ്ക്ക് വേണ്ടി ജഡേജ മൂന്നും ആകാശ് സിങ്, തീക്ഷ്ണ, പതിരാന എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.