കോമൺവെൽത്ത് ഗെയിംസ്; ഹോക്കിയിൽ കാനഡയെ എട്ട് നിലയിൽ പൊട്ടിച്ച് ഇന്ത്യ
|പൂൾ ബി പോരാട്ടത്തിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ തകർപ്പൻ ജയം
കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ കാനഡയെ എട്ട് നിലയിൽ പൊട്ടിച്ച് ഇന്ത്യ. പൂൾ ബി പോരാട്ടത്തിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ തകർപ്പൻ ജയം. പൂളിലെ അവസാന മത്സരത്തിൽ നാളെ ഇന്ത്യ വെയിൽസിനെ നേരിടും. ഏഴാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ഗോളാക്കി മാറ്റി ഹർമൻപ്രീതാണ് ഇന്ത്യയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. രണ്ട് മിനിറ്റിന് ശേഷം അമിത് രോഹിത്ദാസിലൂടെ ഇന്ത്യ ലീഡ് ഉയർത്തി.
രണ്ടാം ക്വാർട്ടറിൽ ഉണർന്ന് കളിച്ച ഇന്ത്യൻ മുന്നേറ്റം ലീഡ് ഇരട്ടിയാക്കി.ലളിത് ഉപാധ്യയും ഗുർജന്ത് സിങുമായിരുന്നു രണ്ടാം ക്വാർട്ടറിൽ ഇന്ത്യയുടെ സ്കോറർമാർ. മൂന്നാം ക്വാർട്ടറിലും ആക്രമണം തുടർന്ന ഇന്ത്യ അക്ഷദീപ് സിംഗിലൂടെ അഞ്ചാം ഗോളും സ്വന്തമാക്കി. അവസാന ക്വാർട്ടറിലും ആക്രമണം തുടർന്ന ഇന്ത്യൻ നിര മൂന്ന് ഗോളുകൾ കൂടി നേടി പട്ടിക പൂർത്തിയാക്കി.
കഴിഞ്ഞ മത്സരത്തിലെ സമനിലയുടെ ക്ഷീണം തീർക്കുന്നതായിരുന്നു ഇന്ന് കാനഡയ്ക്കെതിരായ മത്സരഫലം. വിജയത്തോടെ പൂളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി.