Sports
sports
Sports

ഒരിടത്ത് ട്വന്റി 20 ലോകകപ്പ്, മറ്റൊരിടത്ത് യൂറോകപ്പും കോപ്പയും, തൊട്ടുപിന്നാലെ ഒളിമ്പിക്സ്: വരാനിരിക്കുന്നത് കായിക പ്രേമികളുടെ രാവുകൾ

Sports Desk
|
14 May 2024 2:06 PM GMT

ഫുട്​ബാൾ ലീഗ് മത്സരങ്ങളും ഐ.പി.എല്ലും ചാമ്പ്യൻസ് ലീഗുമെല്ലാം അരങ്ങുതകർക്കുന്ന മെയ് മാസത്തിന് പിന്നാലെ കായിക പ്രേമികൾക്ക് വരാനിരിക്കുന്നത് സന്തോഷകരമായ ദിവസങ്ങൾ.ജൂൺ-ജൂലൈ മാസങ്ങൾ കായിക​പ്രേമികളെ ശരിക്കും ആവേശത്തിലാക്കും. ട്വന്റി 20 ലോകകപ്പ്, യൂറോകപ്പ്, കോപ്പ ​അമേരിക്ക, ഒളിമ്പിക്സ്, വിംബിൾഡൺ എന്നീ വമ്പൻ കായിക മത്സരങ്ങളാണ് വരാനിരിക്കുന്നത്.

20 ടീമുകൾ പ​ങ്കെടുക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി ജൂൺ 2നാണ് തിരിതെളിയുക. വിവിധ രാജ്യങ്ങളിലായി നടക്കുന്നതിനാൽ തന്നെ ഇന്ത്യൻ സമയം രാവിലെയും രാത്രിയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയിലെ കാഴ്ചക്കാർക്കായി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഇന്ത്യൻ സമയം രാത്രി 8മണിക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂൺ 9നാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം.

ജൂൺ 14 മുതൽ ജൂലൈ 14 വരെ ജർമനിയിലാണ് യൂറോകപ്പ് നടക്കുന്നത്. ആറു ഗ്രൂപ്പുകളിലായി നാലുടീമുകൾ വീതം ടൂർണമെന്റിൽ അണിനിരക്കും. ജർമൻ സമയം രാത്രി 9 മണിക്ക് അരങ്ങേറുന്ന ടൂർണമെന്റ് ഇന്ത്യൻ സമയം രാത്രി 1:30 നാകും അരങ്ങേറുക.

ജൂൺ 20 മുതൽ 14വരെ ​അമേരിക്കയിൽ വെച്ചാണ് ഇക്കുറി കോപ്പ അമേരിക്ക ഒരുക്കുന്നത്. 16 ടീമുകൾ പ​ങ്കെടുക്കുന്ന ടൂർണമെന്റിൽ ഇക്കുറി ആറുടീമുകൾ വടക്കേ അമേരിക്കയിൽ നിന്നുള്ളവരാണ്. ഇന്ത്യൻ സമയം രാവിലെ 3.30, 5.30, 6.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ അരേങ്ങറുന്നത്.

കോപ്പ, യൂറോ ആരവങ്ങളെല്ലാം അടങ്ങിയ ശേഷം ജൂലൈ 16 മുതൽ ഓഗസ്റ്റ് 11 വരെ ഫ്രാൻസ് തലസ്ഥാനമായ പാരിസിലാണ് ഒളിമ്പിക്സ് അരങ്ങേറുക. ഇതിനിടയിൽ ജൂലൈ 1 മുതൽ ജൂലൈ 14 വരെ ടെന്നിസിലെ ഗ്ലാമർ പോരാട്ടമായ വിംബിൾഡണിനും അരങ്ങുണരും. റയൽ മാഡ്രിഡും ഡോർട്ട്മുണ്ടും അണിനിരക്കുന്ന ചാമ്പ്യൻസ് ലീഗ് കലാശപ്പോര് ജൂൺ 2ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ അരങ്ങേറും.

Similar Posts