Cricket
തകർത്തടിച്ച് ജഡേജ; ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക്  170 റൺസ്
Cricket

തകർത്തടിച്ച് ജഡേജ; ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക് 170 റൺസ്

Sports Desk
|
9 July 2022 3:21 PM GMT

മൂന്നു പന്തുകൾ നേരിട്ട സൂപ്പർതാരം വിരാട് കോഹ്‌ലി കേവലം ഒരു റണ്ണെടുത്ത് പുറത്തായി

ബെർമിങ്ഹാം: സൂപ്പർതാരം വിരാട് കോഹ്‌ലിയടക്കമുള്ളവർ നിറംമങ്ങിയ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തുണയായി രവീന്ദ്ര ജഡേജ. പുറത്താകാതെ 29 പന്തിൽ 46 റൺസടിച്ച താരത്തിന്റെ മികവിൽ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് ഇന്ത്യ നേടിയത്. മൂന്നു പന്തുകൾ നേരിട്ട കോഹ്‌ലി കേവലം ഒരു റണ്ണെടുത്ത് പുറത്തായി. റിച്ചാർഡ് ഗ്ലെസ്സെന്റെ പന്തിൽ ഡേവിഡ് മലൻ പിടിച്ചാണ് വൺഡൗണായെത്തിയ കോഹ്‌ലി പുറത്തായത്. ഓപ്പണർമാരായ രോഹിത് ശർമ (20 പന്തിൽ 31 ), റിഷബ് പന്ത് (15 പന്തിൽ 26 ) എന്നിവരുടെ ഇന്നിംഗ്‌സും ഇന്ത്യക്ക് തുണയായി. ഇരുവരെയും ഗ്ലെസ്സെനാണ് വീഴ്ത്തിയത്. ജോസ് ബട്‌ലറിനായിരുന്നു ക്യാച്ച്.



നാലാമതിറങ്ങിയ സൂര്യകുമാറിന് 11 പന്തിൽ 15 റൺസാണ് കണ്ടെത്താനായത്. കഴിഞ്ഞ കളിയിൽ അർധസെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യ 15 പന്തിൽ 12 റൺസുമായി തിരിച്ചുനടന്നു. ജോർദന്റെ പന്തിൽ മലൻ പിടികൂടുകയായിരുന്നു. തകർത്തടിച്ച് കളിക്കാറുള്ള ദിനേശ് കാർത്തിക് 17 പന്തിൽ നിന്ന് 12 റൺസാണ് നേടിയത്. താരത്തെ ഹാരി ബ്രൂക്ക് റണ്ണൗട്ടാക്കുകയായിരുന്നു. ഹർഷൽ പട്ടേൽ ആറു പന്തിൽ 13 റൺസ് നേടി. താരത്തെയും രണ്ടു റൺ നേടിയ ഭുവനേശ്വർ കുമാറിനെയും ജോർദൻ പുറത്താക്കി. പട്ടേലിനെ ഗ്ലെസ്സെനും ഭുവിയെ ഡേവിഡ് വില്ലെയും പിടികൂടുകയായിരുന്നു.



ഇംഗ്ലണ്ടിനായി ക്രിസ് ജോർദൻ നാലും റിച്ചാർഡ് ഗ്ലെസ്സെൻ മൂന്നും വിക്കറ്റ് നേടി. ഇന്ത്യൻ സമയം വൈകീട്ട് ഏഴ് മണിയോടെ ബെർമിങ്ഹാമിൽ തുടങ്ങിയ മത്സരത്തിൽ ടോസ് കിട്ടിയ ഇംഗ്ലണ്ട് ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് വിജയിച്ചാൽ പരമ്പര നേടാനാവും. ഒന്നാം മത്സരത്തിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും റിഷബ് പന്തും രവീന്ദ്ര ജഡേജയും ഇന്ന് ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഒന്നാം മത്സരത്തിൽ 50 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അയർലൻറിനെതിരായ പരമ്പരയിലെ നായകൻ ഹർദിക് പാണ്ഡ്യയുടെ മിന്നും ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

170 runs for India in the second T20 against England

Similar Posts