Cricket
ഹിന്ദു മഹാസഭയുടെ ഭീഷണി; ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 മത്സരത്തിന് കനത്ത സുരക്ഷ
Cricket

ഹിന്ദു മഹാസഭയുടെ ഭീഷണി; ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 മത്സരത്തിന് കനത്ത സുരക്ഷ

Sports Desk
|
4 Oct 2024 4:02 PM GMT

ന്യൂഡൽഹി: മധ്യ​പ്രദേശിലെ ഗ്വാളിയോറിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 മത്സരത്തിന് കനത്ത സുരക്ഷ. മത്സരം ഉപേക്ഷിക്കണമെന്ന് ഹിന്ദു മഹാസഭ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് തീരുമാനം. ബംഗ്ലാദേശിൽ ഹിന്ദു മതവിഭാഗക്കാരെ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ പ്രതിഷേധം. മത്സരത്തിന്റെ സുരക്ഷക്കായി 2,500 ലേറെ പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഒക്ടബോർ 6ന് മാധവ റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. 14 വർഷത്തിന് ശേഷമാണ് ഗ്വാളിയോർ ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്.

നേരത്തെ ഹിന്ദു മഹാസഭ നേതാക്കൾ മത്സരം നടക്കുന്ന ദിവസം ‘ഗ്വാളിയോർ ബന്ദ്’ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഒക്ടോബർ രണ്ടിന് ഹിന്ദുമഹാസഭ ഗ്വാളിയോറിൽ ഒരു പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷ കർശനമാക്കിയതോടൊപ്പം തന്നെ സോഷ്യൽ മീഡിയ പോസ്റ്റുകളും ശ്രദ്ധിക്കുന്നുണ്ടെന്ന് ഗ്വാളിയോർ സോൺ ഇൻസ്​പെക്ടർ ജനറൽ അരവിന്ദ് സക്സേന പ്രതികരിച്ചു.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ​ജില്ലാ കോടതി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 7വരെ നിരോധനാജ്ഞ തുടരും. നേരത്തേ ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റ് മത്സരത്തിനിടെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയത്തിൽ ബാനറുകൾ ഉയർന്നിരുന്നു.

Similar Posts