വേണ്ടത് 387 റൺസ്, കയ്യിലുള്ളത് എട്ട് വിക്കറ്റും: രഞ്ജിയിൽ നോക്കൗട്ടിലെത്താൻ കേരളം പൊരുതുന്നു
|ഒന്നാം ഇന്നിങ്സ് ലീഡ് നിർണായകമായ മത്സരത്തിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ് കേരളം.
മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സ് ലീഡ് നിർണായകമായ മത്സരത്തിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ് കേരളം. മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 585 റൺസിനേക്കാൾ 387 റൺസ് പിന്നിൽ. ഒരു ദിവസത്തെ കളിയും എട്ടു വിക്കറ്റും ബാക്കിനിൽക്കെ നാളെ 388 റൺസെടുത്താൽ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡോടെ നോക്കൗട്ടിൽ കടക്കാം.
എട്ടു വിക്കറ്റുകള്‍ കയ്യിലിരിക്കെ നാലാം ദിനം ഒന്നാം ഇന്നിങ്സ് ലീഡ് നേടാനാകും കേരളത്തിന്റെ ശ്രമം. 82 റണ്‍സെടുത്ത് ഓപ്പണര്‍ രാഹുലും ഏഴുറണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. കേരളത്തിനായി പി. രാഹുൽ – രോഹൻ സഖ്യം ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 237 പന്തിൽനിന്ന് ഇരുവരും സ്കോർ ബോർഡിൽ എത്തിച്ചത് 129 റൺസ്. എന്നാല്‍ മിഹിര്‍ ഹിര്‍വാനി ഈ കൂട്ടുകെട്ട് പൊളിച്ചു. 110 പന്തുകളില്‍ നിന്ന് 75 റണ്‍സെടുത്ത രോഹനെ മിഹിര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
ഈ സീസണിൽ ഇതുവരെ കേരളം ബാറ്റിങ്ങിന് ഇറങ്ങിയ മൂന്ന് ഇന്നിങ്സുകളിലും സെഞ്ചുറി നേടി റെക്കോർഡ് സ്ഥാപിച്ച ഓപ്പണർ രോഹൻ എസ്. കുന്നുമ്മലിന്, ഇത്തവണ സെഞ്ചുറി നഷ്ടമായി. നേരത്തെ, മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷൻ വരെ ബാറ്റു ചെയ്ത മധ്യപ്രദേശ് 204.3 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 585 റൺസെടുത്താണ് ഡിക്ലയർ ചെയ്യുകയായിരുന്നു.
കേരളത്തിന് വേണ്ടി സ്പിന്നര്‍ ജലജ് സക്‌സേന ആറ് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ മധ്യപ്രദേശ് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഇരുവര്‍ക്കും 13 പോയിന്റ് വീതമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പിൽ നിന്ന് ഒരു ടീമനെ നോക്കൗട്ടിലെത്തു. കേരളം-മധ്യപ്രദേശ് മത്സര വിജയിയായിരിക്കും ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് റൗണ്ടിലെത്തുക. ഇനി മത്സരം സമനിലയായാൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്നവർ നോക്കൗട്ടിലെത്തും. ആ ലീഡിനായാണ് കേരളം നാളെ ഇറങ്ങുക.