99 നോട്ടൗട്ട്; ഐ.പി.എല്ലിൽ അപൂർവനേട്ടവുമായി ശിഖർ ധവാൻ
|ഐ.പി.എൽ ഇന്നിങ്സില്‍ മുഴുവൻ സഹതാരങ്ങൾക്കുമൊപ്പം ബാറ്റ് ചെയ്തുവെന്ന അപൂർവ നേട്ടമാണ് ശിഖര്‍ ധവാനെ തേടി എത്തിയത്
ഹൈദരാബാദ്: ,സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തോറ്റെങ്കിലും കൂട്ടത്തകര്‍ച്ചയില്‍ നിന്നും ടീമിനെ രക്ഷിച്ച പഞ്ചാബ് കിങ്സിന്റെ നായകന്‍ ശിഖര്‍ ധവാനെ തേടിയൊരു റെക്കോർഡ് കൂടി. ഒരു ഐ.പി.എൽ ഇന്നിങ്സില്‍ മുഴുവൻ സഹതാരങ്ങൾക്കുമൊപ്പം ബാറ്റ് ചെയ്തുവെന്ന അപൂർവ നേട്ടമാണ് ശിഖര്‍ ധവാനെ തേടി എത്തിയത്. എന്നാല്‍ ഇത്തരത്തില്‍ ബാറ്റിങിന് അവസരം ലഭിക്കുന്ന ആദ്യ ബാറ്ററുമല്ല ധവാന്‍.
മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലിനും ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചിരുന്നു. 2019ൽ ചെന്നൈ സൂപ്പർകിങ്‌സിനായാണ് പാർഥിവ് പട്ടേൽ ഇന്നിങ്‌സിലുടനീളം ബാറ്റേന്തിയത്. അതേസമയം മറ്റൊരു നേട്ടംകൂടി ശിഖര്‍ധവാനെ തേടിയെത്തി. ഐ.പി.എല്ലിൽ പുറത്താകാതെ 99 റൺസ് നേടുന്ന ബാറ്ററെന്നാണ് ആ നേട്ടം. നാല് പേര്‍ കൂടി 99ല്‍ പുറത്താകാതെ നിന്നിട്ടുണ്ട്. സുരേഷ് റെയ്ന, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ എന്നിവരാണ് ബാറ്റര്‍മാര്‍.
100 പോലും കടക്കാൻ കഴിയാതിരുന്ന പഞ്ചാബ് ഇന്നിങ്‌സിനെ കെട്ടിപ്പൊക്കിയത് ധവാനായിരുന്നു. ഒടുവില്‍ സ്‌കോർബോർഡിലേക്ക് എത്തിയത് 143 റൺസ്. ഒമ്പത് പേർ രണ്ടക്കം കാണാതെ പേയാപ്പോൾ 99 റൺസാണ് ശിഖർ ധവാൻ നേടിയത്. അതും 66 പന്തുകളിൽ നിന്ന്. 12 ബൗണ്ടറികളും എണ്ണംപറഞ്ഞ അഞ്ച് സിക്‌സറുകളും ധവാന്റെ ഇന്നിങ്‌സിന് ചന്തമേകി, സ്‌ട്രൈക്ക് റൈറ്റോ 150ഉം. മത്സരത്തിൽ പഞ്ചാബ് തോറ്റെങ്കിലും കളിയിലെ താരമായി തെരഞ്ഞടുത്തത് പഞ്ചാബിന്റെ നായകന്‍കൂടിയായ ശിഖർ ധവാനെയായിരുന്നു.
മത്സരത്തിൽ പ്രതീക്ഷിച്ച തോൽവിയായിരുന്നു പഞ്ചാബിന്റേത്. 20 ഓവറിൽ 143 എന്നത് തീർത്തും ദുർബലമായ സ്‌കോർ. ഹൈദരാബാദാകട്ടെ 17ാം ഓവറിലെ ആദ്യപന്തിൽ തന്നെ ലക്ഷ്യംമറികടന്നു. രാഹുൽ ത്രിപാഠിയും എയ്ഡൻ മാർക്രമുമാണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കിയത്.