അരങ്ങേറ്റം അവിസ്മരണീയമാക്കി ഏദൻ ആപ്പിൾ ടോം; മേഘാലയക്കെതിരെ നാലുവിക്കറ്റ്
|രഞ്ജിട്രോഫിയില്‍ ഏദനെന്ന പതിനാറുകാരന്റെ കൃത്യതക്ക് മുന്നിൽ മേഘാലയൻ ബാറ്റ്സ്മാൻമാർ വിറച്ചു
എസ് ശ്രീശാന്ത്, ബേസിൽതമ്പി, മനുകൃഷ്ണൻ കേരള ടീമിന്റെ ഈ നിരയിലേക്ക് ഒരു പേരു കൂടി ഇന്ന് എഴുതിച്ചേർത്തു. ഏദൻ ആപ്പിൾ ടോം. രഞ്ജിട്രോഫിയില്‍ ഈ പതിനാറുകാരന്റെ കൃത്യതക്ക് മുന്നിൽ മേഘാലയൻ ബാറ്റ്സ്മാൻമാർ വിറച്ചു. ആദ്യ ഓവറിൽ മേഘാലയ ഓപ്പണർ കിഷനെയും, മൂന്നാം ഓവറിൽ സി ജി ഖുറാനയെയും പുറത്താക്കി രണ്ടു വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഏദൻ നേടി. തുടര്‍ന്നുള്ള സെഷനില്‍ രണ്ട് വിക്കറ്റ് കൂടെ വീഴ്ത്തി ഏദന്‍ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കുകയായിരുന്നു.
എസ്ഡി. കോളേജ് ഗ്രൗണ്ടിലെ കേരള ടീമിന്റെ ക്യാമ്പിൽ പന്തെറിയാൻ എത്തിയ ഈ പതിനാറുകാരനെ ടീമിൽ ഉൾപ്പെടുത്തിയതായി കോച്ച് ടിനു യോഹന്നാൻ അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. ഏദൻ പ്രതീക്ഷകൾ തെറ്റിച്ചില്ല. കൂച്ച് ബിഹാർ ട്രോഫിയിലെ ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റ് നേടിയ മിന്നും പ്രകടനത്തിന്റെ കരുത്തുമായാണ് ഏദൻ ആദ്യ മത്സരത്തിനിറങ്ങിയത്. രാജ്കോട്ടിലെ ആദ്യ ദിനം തന്നെ തന്റേതാക്കി ഈ കൗമാരതാരം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മേഘാലയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ്. 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ പുനീത് ഭിഷ്ട് ക്രീസിലുണ്ട്.