ബട്ലര്‍ തുടങ്ങി, ഹെയിൽസ് വാരിക്കൂട്ടി; അഡ്‌ലയ്ഡിൽ നടന്നത്....
|ആദ്യ വിക്കറ്റ് വീണതിന്റെ ഷോക്കിൽ നിന്ന് ഇന്ത്യ കരകയറുമ്പോൾ തന്നെ വൈകിയിരുന്നു
അഡ്‌ലയ്ഡ്: ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോഴേക്ക് കാര്യങ്ങൾ വ്യക്തമായിരുന്നു. തുടക്കത്തിൽ പിച്ചിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കുക ഒരു 150ൽ ഇന്ത്യയെ ഒതുക്കുക. കാര്യങ്ങൾ ആ വഴിക്ക് തന്നെയാണ് ഏറെക്കുറെ നടന്നത്. ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ട് ബൗളർമാർ സൂചന നൽകിയിരുന്നു. രണ്ടാം ഓവറിൽ രാഹുൽ പുറത്ത്.
ആദ്യ വിക്കറ്റ് വീണതിന്റെ ഷോക്കിൽ നിന്ന് ഇന്ത്യ കരകയറുമ്പോൾ തന്നെ വൈകിയിരുന്നു. കൃത്യതയോടെ ഇംഗ്ലണ്ട് ബൗളർമാർ പന്തെറിഞ്ഞതോടെ ബൗണ്ടറികൾ പിറന്നില്ല. കോഹ്ലിയും രോഹിതും ക്രീസിലുണ്ടായപ്പോൾ തന്നെ ഇന്ത്യയുടെ സ്‌കോറിങ് വേഗത കുറഞ്ഞിരുന്നു. കോഹ്ലി അർദ്ധ സെഞ്ച്വറി കണ്ടെത്തിയെങ്കിലും സ്‌കോർബോർഡ് വേഗത്തിൽ ചലിച്ചില്ല. പാണ്ഡ്യയുടെ അവസാന ഓവറുകളിലാണ് കൊടുംവെട്ടാണ് പൊരുതാവുന്ന സ്‌കോർ ഇന്ത്യക്ക് സമ്മാനിച്ചത്.
ഇന്ത്യക്കും ഇംഗ്ലണ്ടിനും ജയിക്കണമെങ്കിൽ മറുപടി ബാറ്റിങിലെ പവർപ്ലേ നിർണായകമായിരുന്നു. അവിടെ ആര് മേധാവിത്വം പുലർത്തുന്നോ അവർക്ക് ജയിക്കാമായിരുന്നു. എന്നാൽ ആദ്യ ഓവറിൽ തന്നെ പതിമൂന്ന് റൺസ് നേടി ബട്ട്‌ലർ ഇന്ത്യയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല ഇംഗ്ലീഷുകാർക്ക്. ബട്ട്‌ലർ തുടങ്ങിവെച്ച അടി, സ്‌ഫോടനമാക്കിയത് ഹെയിൽസായിരുന്നു. അർഷദീപും ഷമിയും ഭുവിയും മാറിമാറി എറിഞ്ഞെങ്കിലും പന്ത് പലവട്ടം ഗ്യാലറിയിലെത്തി. അഞ്ച് ഓവർ പൂർത്തിയായപ്പോൾ തന്നെ ഇംഗ്ലണ്ട് ആശ്വാസതീരത്ത് എത്തിയിരുന്നു.
പത്ത് ഓവർ പൂർത്തിയായപ്പോൾ ടീം സ്‌കോർ 100ന് തൊട്ടടുത്ത്. പിന്നെ തുടരെ തുടരെ വിക്കറ്റുകൾ വീഴ്ത്തുക എന്ന തന്ത്രം മാത്രമെ ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. അശ്വിനും അക്‌സറിനും പാണ്ഡ്യക്കും അതിന് കഴിയാതെ വന്നതോടെ ഹെയിൽസും ബട്ട്‌ലറും പായിക്കുന്ന പന്തിന് പിന്നാലെ പോകാനായിരുന്നു രോഹിതിന്റെയും സംഘത്തിന്റെയും വിധി. ഫീൽഡർമാരെ അടിക്കടി മാറ്റിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഗ്യാപ്പിലൂടെയും ഫീൽഡർക്ക് മുകളിലൂടെയും റണ്ണൊഴുകി. ഒരു പഴുത് പോലും കൊടുത്തില്ല എന്നത് ഇംഗ്ലണ്ടിന്റെ വിജയത്തിന് ഇരട്ടിമധുരംപോലെയായി. ഒടുവിൽ പതിനഞ്ചാം ഓവറിലെ അവസാന പന്ത് ബട്ട്‌ലർ ബൗണ്ടറി റോപ്പിന് മുകളിലെത്തിക്കുമ്പോൾ ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിന്റെ ഫൈനൽ പോരിനുള്ള ടിക്കറ്റ് നേടിയിരുന്നു.
റെക്കോർഡ് പാർട്ണർഷിപ്പാണ് ഹെയിൽസും ബട്ട്‌ലറും കൂടി പടുത്തുയർത്തിയത്. ബട്ട്‌ലർ 49 പന്തിൽ നിന്ന് ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളും പറത്തിയായിരുന്നു 80 റൺസ് നേടിയതെങ്കിൽ കളിയിലെ താരമായി തെരഞ്ഞെടുത്ത അലക്‌സ് ഹെയിൽസ് ഏഴ് സിക്‌സറുകളുടെയും നാല് ബൗണ്ടറികളുടെയും അകമ്പടിയോടെ നേടിയത് 86 റൺസ്.