Cricket
താലിബാൻ സമ്മതിച്ചു; ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് കളിക്കാൻ അഫ്ഗാൻ
Cricket

താലിബാൻ സമ്മതിച്ചു; ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് കളിക്കാൻ അഫ്ഗാൻ

Web Desk
|
2 Sep 2021 4:35 AM GMT

ഷെഡ്യൂൾ പ്രകാരം മത്സരങ്ങളെല്ലാം നടക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സിഇഒ ഹാമിദ് ഷിൻവാരി

കാബൂൾ: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏക ടെസ്റ്റ് കളിക്കാൻ അഫ്ഗാൻ ക്രിക്കറ്റ് ടീമിന് അനുമതി നൽകി താലിബാൻ. നവംബർ 27ന് ഹോബർട്ടിലാണ് ടെസ്റ്റ്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന മത്സരം കോവിഡ് മഹാമാരിയെ തുടർന്നാണ് മാറ്റിവച്ചത്.

ഓസീസ് സന്ദർശനത്തിന് മുമ്പ് യുഎഇയിൽ നടക്കുന്ന ട്വിന്റി 20 ലോകകപ്പിലും ടീം പങ്കെടുക്കുമെന്നാണ് സൂചന. ഒക്ടോബർ 17 മുതൽ നവംബർ 15 വരെയാണ് ടൂർണമെന്റ്. പാകിസ്താനെതിരെ നടക്കേണ്ട ഏകദിന പരമ്പര അടുത്ത വർഷത്തേക്ക് നീട്ടിവച്ചിട്ടുണ്ട്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനും ടീമിന് പദ്ധതിയുണ്ട്.

താലിബാൻ രാജ്യത്തിന്റെ അധികാരം ഏറ്റെടുത്ത ശേഷം കായിക മേഖല അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ഷെഡ്യൂൾ പ്രകാരം മത്സരങ്ങളെല്ലാം നടക്കുമെന്നാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സിഇഒ ഹാമിദ് ഷിൻവാരി വ്യക്തമാക്കിയത്. താലിബാന്റെ സാംസ്‌കാരിക കമ്മിഷൻ ഇതുമായി ബന്ധപ്പെട്ട് ബോർഡുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

'താലിബാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നുണ്ട്. അവരിൽ നിന്ന് പച്ചക്കൊടി കിട്ടി. അവർ കായിക മേഖലയെ പിന്തുണയ്ക്കുന്നു എന്ന് യുവതയ്ക്കുള്ള സന്ദേശമാണിത്. ഇത് മികച്ച അടയാളമാണ്'- ഷിൻവാരി കൂട്ടിച്ചേർത്തു.

Similar Posts