ഷാഹിദിക്കും ഒമർസായിക്കും അർധസെഞ്ച്വറി; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 273 റൺസ് വിജയലക്ഷ്യം
|ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി
ഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് 273 റൺസ് വിജയലക്ഷ്യം. ഹഷ്മത്തുല്ലാഹ് ഷാഹിദിയും (80), അസ്മതുല്ലാഹ് ഒമർസായി(62) അർധസെഞ്ച്വറി നേടിയതോടെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അഫ്ഗാൻ നേടിയത്.
ഇന്ത്യയ്ക്കായി ബൗളിംഗിൽ ജസ്പ്രീത് ബുംറ തിളങ്ങി. 39 റൺസ് വിട്ടു നൽകി പത്ത് ഓവറിൽ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഹർദിക് പാണ്ഡ്യ രണ്ടും ഷർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
മത്സരത്തിൽ ടോസ് ഭാഗ്യം ലഭിച്ച അഫ്ഗാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസും (21) ഇബ്രാഹിം സദ്‌റാനു (22) അധികം വൈകാതെ പുറത്തായി. ഗുർബാസിനെ ഹർദിക് പാണ്ഡ്യ താക്കൂറിന്റെ കൈകളിലെത്തിച്ചപ്പോൾ സദ്‌റാനെ ബുംറയുടെ പന്തിൽ രാഹുൽ പിടികൂടി. വൺഡൗണായെത്തിയ റഹ്മത്ത് ഷായെ ഷർദുൽ എൽബിഡബ്ല്യൂവിൽ കുരുക്കി. നായകൻ ഹഷ്മത്തുല്ലാഹ് ഷാഹിദിയെ കുൽദീപാണ് കുടുക്കിയത്. ഒമർസായിയെ ഹർദിക് ബൗൾഡാക്കി.
മുഹമ്മദ് നബി, നജീബുല്ലാഹ് സദ്റാൻ, റാഷിദ് ഖാൻ എന്നിവരാണ് ഇബ്രാഹിമിന് പുറമേ ബുംറയുടെ ഇരകളായത്. മുജീബുറഹ്മാനും നവീനുൽ ഹഖും പുറത്താകാതെ നിന്നു. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. രവിചന്ദ്രൻ അശ്വിന് പകരം ഷർദുൽ താക്കൂറിനെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത്.
ഇന്ത്യ: രോഹിത് (ക്യാപ്റ്റൻ), ഇഷൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹർദിക് (വൈസ് ക്യാപ്റ്റൻ), ജഡേജ, ഷർദുൽ താക്കൂർ, ബുംറ, കുൽദീപ്, സിറാജ്.
അഫ്ഗാൻ: റഹ്മാനുല്ല ഗുർബാസ്, റഹ്മത് ഷാ, ഹഷ്മതുല്ലാഹ് ഷാഹിദി, മുഹമ്മദ് നബി, അസ്മതുല്ലാഹ് ഒമർസായി, നവീനുൽ ഹഖ്, ഇബ്രാഹിം സദ്റാൻ, നജീബുല്ലാഹ് സദ്റാൻ, റാഷിദ് ഖാൻ, മുജീബുറഹ്മാൻ, ഫസൽ ഹഖ് ഫാറൂഖി.
India need 273 runs to win against Afghanistan in ODI World Cup