വിടവാങ്ങല്‍ മത്സരം; അസ്ഗര്‍ അഫ്ഗാന് നമീബിയയുടെ ഗാര്‍ഡ് ഓഫ് ഓണര്‍, സല്യൂട്ടുമായി ഗാലറി, വിതുമ്പിക്കരഞ്ഞ് താരം
|ഇന്നത്തെ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തില്‍ 23 പന്തില്‍ നിന്നും ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്താണ് താരം മടങ്ങിയത്.
അഫ്ഗാനിസ്ഥാന്റെ മുന്‍ ക്യാപ്റ്റനും വലംകയ്യന്‍ ബാറ്ററുമായിരുന്ന അസ്ഗര്‍ അഫ്ഗാന് വിരമിച്ചു. ട്വന്റി 20 ലോകകപ്പിനിടെ അവസാന രാജ്യാന്തര മത്സരം കളിച്ച താരത്തിന് നമീബിയന്‍ ടീം 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്കി. വിടവാങ്ങല്‍ മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴായിരുന്നു നമീബിയന്‍ ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.
ഇന്നത്തെ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തില്‍ 23 പന്തില്‍ നിന്നും ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്താണ് താരം മടങ്ങിയത്. വിതുമ്പിക്കൊണ്ടാണ് ഇന്നിംഗ്സിന് ശേഷം 33കാരനായ അസ്ഗര്‍ സംസാരിച്ചത്. ക്രിക്കറ്റിലെ കുഞ്ഞന്മാരായ തങ്ങളെ ഐ.സി.സി ടെസ്റ്റ് പദവിയിലേക്കു നയിച്ച മുന്‍ നായകനെ ബൗണ്ടറി ലൈനിനരികില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സഹതാരങ്ങള്‍ പവലിയനിലേക്ക് ആനയിക്കുകയും ചെയ്തു.
യുവതാരങ്ങള്‍ക്ക് അവസരം നല്കാന് വേണ്ടിയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.''എനിക്ക് യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കണം. ഇതാണ് അതിന് പറ്റിയ അവസരമെന്ന് തോന്നി. ഇപ്പോള്‍ തന്നെ എന്തിനാണ് ഈ തീരുമാനമെന്ന് നിരവധി പേര് എന്നോട് ചോദിക്കുന്നു. എന്നാല്‍ എനിക്കത് വിശദീകരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ മത്സരം ഞങ്ങളെ സംബന്ധിച്ച് വേദന നിറഞ്ഞതായിരുന്നു. അതാണ് ഇപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചത്'' അസ്ഗര്‍ പറഞ്ഞു.
അഫ്ഗാന് വേണ്ടി 2009ലാണ് അസ്ഗര്‍ അരങ്ങേറ്റം കുറിക്കുന്നത്. അഫ്ഗാനിസ്ഥാനായി ആറ് ടെസ്റ്റുകളും 114 ഏകദിനങ്ങളും 75 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് അസ്ഗര്‍. 115 മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്.