ടി20യില്‍ അഹമ്മദാബാദ് വിധി പറയും, ഇന്ത്യയോ ന്യൂസിലാൻഡോ: സ്പിന്നർമാരിൽ പ്രതീക്ഷ
|ഏകദിന പരമ്പര കൈവിട്ടതിനാൽ ടി20 പരമ്പര ജയിച്ച് കളി അവസാനിപ്പിക്കാനാണ് ന്യൂസിലാൻഡ് ശ്രമിക്കുക.
അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദിൽ നടക്കും. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ നാളെ ജയിക്കുന്നവർ കപ്പ് എടുക്കും. ഏകദിന പരമ്പര കൈവിട്ടതിനാൽ ടി20 പരമ്പര ജയിച്ച് കളി അവസാനിപ്പിക്കാനാണ് ന്യൂസിലാൻഡ് ശ്രമിക്കുക.
പേസർമാരും സ്പിന്നർമാരും ഇരു ടീമുകളിലും ശക്താമാണെന്നിരിക്കെ ഫലം അപ്രവചനീയമാകും. റാഞ്ചിയിലും ലക്നൗവിലും സ്പിന്നർമാരാണ് കളി വരുതിയിലാക്കിയത്. അതിനാൽ അഹമ്മദാബാദിൽ എന്താവും എന്ന് കണ്ടറിയേണ്ടിയിരിക്കണം. സ്പിൻ സൗഹൃദ അന്തരീക്ഷമാണ് അഹമ്മദാബാദിലും എന്നാണ് മനസിലാകുന്നത്. ടീമിന്റെ ഭാഗമായിരുന്ന പേസർ മുകേഷ് ശർമ്മ രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയത് ഇക്കാര്യം മുൻനിർത്തിയാണെന്നാണ് വിവരം.
യൂസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും തന്നെയായിരിക്കും കളിക്കാൻ പോകുന്നത്. ദീപക് ഹൂഡയുടെ പാർട്ടൈം ബൗളിങും ഇന്ത്യക്ക് വിക്കറ്റ് സമ്മാനിക്കുന്നു എന്നതിനാൽ ഈ നാൽവർ സംഘത്തെ മാറ്റാനിടയില്ല. രണ്ടാം ടി20യിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാവും ഹാർദിക് പാണ്ഡ്യ മൂന്നാം ടി20യിലും ടീം ഇറക്കുക. അർഷ്ദീപിന് വീണ്ടും അവസരം ലഭിക്കുമോ എന്നും അറിയേണ്ടയിരിക്കുന്നു. ഓപ്പണര്‍ സ്ഥാനത്തേക്ക് പൃഥ്വി ഷായുടെ പേര് പറയുന്നുണ്ടെങ്കിലും ഉറപ്പില്ല. അതേസമയം ന്യൂസിലാൻഡിന് ഇതൊരു സുവർണാവസരമാണ്.
സ്ഥിരം മുഖങ്ങളായ ട്രെൻഡ് ബൗൾട്ട്, കെയിൻ വില്യംസൺ, ടിം സൗത്തി എന്നിവരില്ലാതെയാണ് ന്യൂസിലാൻഡ് ഇന്ത്യയിൽ എത്തിയത്. ഇവരുടെ അഭാവത്തില്‍ കപ്പെടുത്താല്‍ അഭിമാനിക്കാനുള്ള വകയാകും അത്. എന്നിരുന്നാലും മിച്ചൽ സാന്റ്നർ നയിക്കുന്ന ടീമിൽ തങ്ങളുടെതായ ദിവസം കളിതിരിക്കാൻ കെൽപ്പുള്ള ഒരുപിടി കളിക്കാരുണ്ട്. അതേസമയം കണക്കുകളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ടീം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഇതുവരെ 26 രാജ്യാന്തര ടി20കളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇന്ത്യ 13 ഉം കിവികള്‍ 10 ഉം മത്സരങ്ങള്‍ വീതം ജയിച്ചപ്പോള്‍ ഒരു മത്സരത്തില്‍ ഫലം സമനിലയായി. രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു.