ഒറ്റരാത്രി കൊണ്ട് ഇന്ത്യന് ടീമിന് ഒരു ഉപദേശകനെ വേണമെന്ന് ബിസിസിഐക്ക് എന്തുകൊണ്ട് തോന്നി; ധോണിയെ ഉപദേശകനാക്കിയ ബിസിസിഐ നടപടിക്കെതിരേ അജയ് ജഡേജ
|ധോണിയുടെ അറിവിനെയും കഴിവിനെയും ഞാൻ ചോദ്യം ചെയ്യുന്നില്ല, യഥാർത്ഥത്തിൽ എന്നെക്കാൾ വലിയൊരു ധോണി ഫാനില്ല, വിരമിക്കുന്നതിന് മുമ്പ് തന്നെ അടുത്ത നായകനെ തീരുമാനിച്ച താരമാണ് ധോണി.
2021 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേശകനായി മുൻ നായകൻ എം.എസ് ധോണിയെ ഉൾപ്പടുത്തിയ ബിസിസിഐയുടെ തീരുമാനത്തിനെതിരേ മുൻ ഇന്ത്യൻ താരം അജയ് ജഡേജ.
'' എന്നെ സംബന്ധിച്ചിടത്തോളും ധോണിയെ ഉപദേശകനാക്കിയ തീരുമാനം ഇതുവരെ മനസിലായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ അക്കാര്യം ചിന്തിക്കുകയായിരുന്നു. ധോണിയുടെ അറിവിനെയും കഴിവിനെയും ഞാൻ ചോദ്യം ചെയ്യുന്നില്ല, യഥാർത്ഥത്തിൽ എന്നെക്കാൾ വലിയൊരു ധോണി ഫാനില്ല, വിരമിക്കുന്നതിന് മുമ്പ് തന്നെ അടുത്ത നായകനെ തീരുമാനിച്ച താരമാണ് ധോണി. അതേപോലെ തന്നെ ഇന്ത്യൻ ടീമിനെ ഒന്നാം റാങ്കിലെത്തിച്ച പരിശീലകനാണ് രവി ശാസ്ത്രി. അദ്ദേഹമുണ്ടാകുമ്പോൾ ഇന്ത്യൻ ടീമിന് ഒരു ഉപദേശകൻ കൂടി വേണമെന്ന് ഒറ്റ രാത്രികൊണ്ട് ബിസിസിഐക്ക് എങ്ങനെ തോന്നി''- ഇതാണ് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്ന് അജയ് ജഡേജ പറഞ്ഞു.
വ്യാഴാഴ്ചയാണ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചത്. അതിനൊപ്പമാണ് ടീമിന്റെ ഉപദേശകനായി ധോണിയേയും പ്രഖ്യാപിച്ചത്. തീരുമാനം ആരാധകരെ സന്തോഷിപ്പിച്ചിരുന്നു.
അതേസമയം ധോണിയുടെ നിയമനത്തെ ചോദ്യം ചെയ്തു മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗംഭീറും രംഗത്ത് വന്നിരുന്നു. ധോണിയെ എന്തുകൊണ്ട് ടീമിൻറെ ഉപദേശകനാക്കിയെന്നതിൽ നിരീക്ഷണവുമായി ഗൗതം ഗംഭീർ രംഗത്തെത്തിയത്.
'തീർച്ചയായും ധോണിയെ ടീമിലെത്തിച്ചതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ഇന്ത്യക്ക് ഒരു ഹെഡ് കോച്ചുണ്ട്, ബൌളിങ് കോച്ചുണ്ട്, ബാറ്റിങ് കോച്ചുണ്ട്. എന്നിരുന്നിട്ടും എന്തുകൊണ്ടാണ് വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ധോണിയെ ഇന്ത്യൻ ക്യാമ്പിലെത്തിച്ചത്?' സ്റ്റാർ സ്പോർട്സിൻറെ പരിപാടിയിൽ ഗംഭീർ പറഞ്ഞു.
ഇന്ത്യക്കായി കളിക്കുന്ന സമയത്ത് ടീം സമ്മർദ്ദത്തിലാവുന്ന സാഹചര്യങ്ങളിൽ ശാന്തനായി ടീമിനെ വിജയത്തിലേക്ക് നയിച്ച ചരിത്രം ധോണിക്കുണ്ടെന്നും ആ അനുഭവസമ്പത്ത് നോക്ക് ഔട്ട് മത്സരങ്ങളിലടക്കം ടീമിന് ഗുണം ചെയ്യുമെന്നും ഗംഭീർ അഭിപ്രായപ്പെടുന്നു. ഇതുതന്നെയാണ് മുൻ ഇന്ത്യൻ നായകനെ ടീമിലെത്തിക്കാൻ പ്രധാന കാരണമെന്നും ഗംഭീർ നിരീക്ഷിക്കുന്നു.
'ടീമിൽ ഒരുപാട് യുവ താരങ്ങളുണ്ട്. ലോകകപ്പ് പോലുള്ള ഒരു വലിയ ടൂർണമെൻറ് ആദ്യമായി കളിക്കുന്നവർ. തീർച്ചയായും ധോണിയുടെ സാന്നിധ്യം അവർക്ക് കൂടുതൽ ആത്മവിശ്വാസം പകരും. നോക്ക് ഔട്ട് മത്സരങ്ങളിൽ ഇന്ത്യ നിരന്തരം ഔട്ട് ആകുന്ന കാഴ്ച സമീപകാലങ്ങളിൽ കണ്ടുവരുന്നുണ്ടായിരുന്നു. അത് ധോണിയുടെ അനുഭവ സമ്പത്തിലൂടെ മറികടക്കാൻ കോഹ്ലിക്കും കൂട്ടർക്കും കഴിയും. ഇതുമാത്രമാണ് ധോണിയെ ടീമിലേക്കെടുക്കാനുള്ള കാരണമെന്ന് തോനുന്നു. അതല്ലാത്ത പക്ഷെ ഇന്ത്യൻ ടീമിന് ധോണിയെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.' ഗംഭീർ കൂട്ടിച്ചേർത്തു.