എന്തൊരു ശമ്പളം! മുൻഗാമികളെയെല്ലാം 'വെട്ടി' അഗാർക്കർ, സെലക്ടറായി 'പണി' തുടങ്ങി
|പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം അഗാർക്കറിന് പ്രതിവർഷം മൂന്ന് കോടി രൂപ ലഭിക്കും.
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റർ അജിത് അഗാർക്കറെയാണ് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിൽ വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. മുൻഗാമികളെ അപേക്ഷിച്ച് അജിത് അഗാർക്കറിന്റെ നിയമനത്തിന് ഏറെ പ്രത്യേകതകൾ ഉണ്ട്. അതിലൊന്നാണ് ശമ്പളം.
സെലക്ടർ നിയമനത്തിന് മുതിർന്ന താരങ്ങളാരും താത്പര്യപ്പെട്ടിരുന്നില്ലെന്ന റിപ്പോർട്ടുകൾ സജീവമായിരുന്നു. ശമ്പളം തന്നെയായിരുന്നു പ്രശ്നം. നേരത്തെ ഒരു കോടിയാണ് ചീഫ് സെലക്ടർക്ക് നൽകിയിരുന്നത്. സെലക്ഷൻ കമ്മിറ്റിയിലെ മറ്റു മൂന്ന് അംഗങ്ങൾക്ക് 90 ലക്ഷം വീതവും. ഇതാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം അഗാർക്കറിന് പ്രതിവർഷം മൂന്ന് കോടി രൂപ ലഭിക്കും. ഏകദേശം 200 ശതമാനം ആണ് വർധന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിൽ ഇതിൽ കൂടുകയല്ലാതെ കുറയില്ലെന്നാണ് പറയപ്പെടുന്നത്.
അഗാർക്കറിന്റെ സഹ അംഗങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിലും വർധനയുണ്ടാകും. സലീൽ അങ്കോള, സുബ്രതോ ബാനർജി എന്നിവരാണ് അംഗങ്ങൾ. അടുത്തിടെയാണ് ഡൽഹി കാപിറ്റൽസിന്റെ പരിശീലന വേഷം അഗാർക്കർ അഴിക്കുന്നത്. 1999, 2003, 2007 ഏകദിന ലോകകപ്പുകളിൽ ടീം ഇന്ത്യക്കൊപ്പം അഗാർക്കറുണ്ടായിരുന്നു. ഇന്ത്യ പ്രഥമ ടി20 കിരീടം ചൂടിയപ്പോഴും അഗാർക്കാർ ടീമിനൊപ്പമുണ്ടായിരുന്നു.
ഇന്ത്യക്ക് വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും നാല് ടി20കളും അഗാർക്കർ കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ വേഗത്തിൽ 50 വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളറെന്ന റെക്കോർഡ് അഗാർക്കറിന്റെ പേരിലാണ്. ലോർഡ്സിൽ ഒരു ടെസ്റ്റ് സെഞ്ച്വറിയും അഗാർക്കറിന്റെ പേരിലുണ്ട്. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടർന്നാണ് ബി.സി.സി.ഐ മുഴുവൻ സെലക്ഷൻ പാനലിനെയും പുറത്താക്കിയത്. അതേസമയം ചീഫ് സെലക്ടര്‍ എന്ന നിലയില്‍ അഗാര്‍ക്കര്‍ തന്റെ ആദ്യ ദൗത്യം പൂർത്തിയാക്കി. വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചു.