തറാവീഹ് നമസ്‌കാരത്തിനിടെ പൂച്ചയുടെ കുസൃതി; ഇമാമിന് അൾജീരിയൻ ഗവൺമെൻറിന്റെ ആദരം
|ഇമാം ഷെയ്ഖ് വലീദ് മഹ്സാസിന്റെ ചുമലിൽ കയറി പൂച്ച കുസൃതി കാണിക്കുന്ന വീഡിയോയാണ് വൈറലായിരുന്നു
റമദാനിലെ തറാവീഹ് നമസ്‌കാരത്തിനിടെ ദേഹത്ത് കയറിയ പൂച്ചയോട് വാത്സല്യം കാണിക്കുന്ന വീഡിയോയിലൂടെ വൈറലായ ഇമാമിന് അൾജീരിയൻ ഗവൺമെൻറിന്റെ ആദരം. അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് ഗവൺമെൻറ് ആദരിച്ചത്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങൾ കൈമാറിയതിനാലാണ് അൾജീരിയ ഇദ്ദേഹത്തെ അനുമോദിച്ചത്. ബുർജ ബൂ അരീരീജ് നഗരത്തിലാണ് മഹ്‌സാസിന്റെ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
ഇമാം ഷെയ്ഖ് വലീദ് മഹ്സാസിന്റെ ചുമലിൽ കയറി പൂച്ച കുസൃതി കാണിക്കുന്ന വീഡിയോയാണ് വൈറലായിരുന്നു. നമസ്‌കാരം നടക്കുന്നതിനിടയിൽ ആദ്യം ഇമാമിന് ചുറ്റും നടന്ന പൂച്ച അദ്ദേഹത്തിന്റെ കൈകളിലേക്ക് ചാടിക്കയറുകയായിരുന്നു. ഇമാം അപ്പോൾ പൂച്ചയെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു. നമസ്‌കാരം തുടർന്നു. ശേഷം അദ്ദേഹത്തിന്റെ ചുമലിലേക്ക് കയറിയ പൂച്ച പിന്നീട് താഴോട്ടിറങ്ങി. തുടർന്ന് നമസ്‌കരിക്കുന്നവർക്കിടയിലൂടെ നടന്നുപോയി. ഇമാം സാധാരണ പോലെ നമസ്‌കാരം തുടരുകയായിരുന്നു അപ്പോഴും.
നമസ്‌കാരത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് നടക്കുന്നുണ്ടായിരുന്നതിനാലാണ് ഈ വീഡിയോ ലഭ്യമായത്. തുടർന്ന് പലരും ഈ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. പൂച്ചയോടുള്ള ഇമാമിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് പലരും കമൻറ് ചെയ്തിരുന്നു.
Algerian government honored Imam Sheikh Waleed Mahzas