ഗ്രൗണ്ടിൽ പോരടിച്ച് ശ്രീശാന്തും ഗംഭീറും; പിടിച്ചുമാറ്റി അമ്പയർമാർ, വിവാദം
|ശ്രീശാന്തിനെ ഗംഭീർ വാതുവെയ്പുകാരനെന്ന് വിളിച്ചുവെന്നാണ് ആരാധകർ പറയുന്നത്. എന്നാല്‍ എന്താണ് ഗംഭീറും ശ്രീശാന്തും തമ്മിൽ സംസാരിച്ചത് എന്നത് വ്യക്തമല്ല.
ന്യൂഡല്‍ഹി: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം. ശ്രീശാന്തിന്റെ ഒരോവറില്‍ തുടര്‍ച്ചയായ സിക്സറും ഫോറും ഗംഭീര്‍ അടിച്ചെടുത്തതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ അംപയര്‍മാരെത്തിയാണ് ഇരുവരെയും ശാന്തരാക്കിയത്. മത്സരത്തിന് ശേഷം ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുകയും ഗംഭീറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
ഗംഭീറാണ് വാക്പോരിന് തുടക്കമിട്ടതെന്നും വീരേന്ദർ സെവാഗിനെപ്പോലുള്ള സീനിയർ താരങ്ങളെ ഗൗതം ബഹുമാനിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. മോശമായ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തി, തന്നെ അത് വളരെയധികം വേദനിപ്പിച്ചെന്നും ശ്രീശാന്ത് വ്യക്തമാക്കി.
അതേസമയം ശ്രീശാന്തിനെ ഗംഭീര്‍ വാതുവയ്പുകാരനെന്ന് വിളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ എന്താണ് ഗംഭീറും ശ്രീശാന്തും തമ്മിൽ സംസാരിച്ചത് എന്നത് വ്യക്തമല്ല.
എന്നാല്‍ ഒരു കാരണവുമില്ലാതെ ചിലര്‍ തന്നെ തളര്‍ത്താന്‍ നോക്കുകയാണെന്നും ഗംഭീര്‍ പറഞ്ഞതെന്താണെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും ശ്രീശാന്ത് സമൂഹ മാധ്യമ ലൈവില്‍ വ്യക്തമാക്കി. കളിക്കിടെ വിരാട് കോലിയെ കുറിച്ച് ചോദിച്ചാല്‍ മറ്റെന്തെങ്കിലും പറഞ്ഞ് ഒഴിയുകയാണ് ഗംഭീര്‍ ചെയ്യുന്നത്. കൂടുതലൊന്നും പറയുന്നില്ലെന്നും ഗംഭീറിനെതിരെ താന്‍ ഒരു മോശം വാക്കുപോലും ഉപയോഗിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
അതേസമയം തര്‍ക്കവുമായി ബന്ധപ്പെട്ട് ഗംഭീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.