ഐപിഎലിൽ ധോണിയിറങ്ങുക പുത്തൻ ലുക്കിൽ; 2007ലെ മഹിയിലേക്കുള്ള മടക്കമെന്ന് ആരാധകർ
|ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷത്തിനാണ് പ്രമുഖർക്കൊപ്പം ജാം നഗറിൽ ധോണി എത്തിയത്.
2019ൽ രണ്ട് വരി കുറിപ്പിലൂടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് എം.എസ് ധോണി. 2007,2011 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ച മഹിയുടെ പടിയിറക്കിന് ശേഷം മറ്റൊരു ഐസിസി ട്രോഫി സ്വന്തമാക്കാൻ നീലപടക്കായില്ല. പിന്നീട് മഹിയുടെ ട്രേഡ്മാർക്ക് ഷോട്ടുകൾ ഐപിഎലിൽ മാത്രമൊതുങ്ങി. ഓരോ ഐപിഎൽ തുടങ്ങുമ്പോഴും ഇത് ധോണിയുടെ അവസാന ഫ്രാഞ്ചൈസി ലീഗ് എന്ന പ്രചരണം ശക്തമാകാറുണ്ടെങ്കിലും അടുത്ത വേനൽ അവധി കാലത്തും ചെന്നൈ സൂപ്പർ കിങ്‌സിന്റെ തലപ്പൊക്കമായി എംഎസ്ഡി അവതരിക്കും. ഇടക്ക് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിനിന്നെങ്കിലും വീണ്ടും തിരിച്ചെത്തി, 2023ൽ വീണ്ടുമൊരു ഐപിഎൽ കിരീടവും ധോണിക്ക് കീഴിൽ സിഎസ്‌കെ സ്വന്തമാക്കി.
ഇപ്പോഴിതാ പുത്തൻ ലുക്കിൻ 42 കാരൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷത്തിനാണ് പ്രമുഖർക്കൊപ്പം ജാം നഗറിൽ ധോണി എത്തിയത്. മുടി നീട്ടിവളർത്തി പുത്തൻ മെയ്ക്ഓവറിലായിരുന്നു ഭാര്യ സാക്ഷിയ്‌ക്കൊപ്പമുള്ള രംഗ പ്രവേശനം. സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, സഹീർ ഖാൻ, സൂര്യകുമാർ യാദവ് ഉൾപ്പെടെ നിരവധി പ്രമുഖരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
നേരത്തെ ഐപിഎലിന് മുൻപായുള്ള പരിശീലനത്തിലും നീളൻ മുടിയിലുള്ള ധോണിയുടെ ചിത്രം പ്രചരിച്ചിരുന്നു. സുഹൃത്തിന്റെ സ്‌പോർട്‌സ് സ്ഥാപനമായ പ്രൈം സ്‌പോർട്‌സിന്റെ പരസ്യം പതിച്ച ബാറ്റാണ് ഈ ഐപിഎലിൽ ധോണി ഉപയോഗിക്കുക. കോടികളുടെ പരസ്യവരുമാനം വേണ്ടെന്നുവെച്ചാണ് ഈ തീരുമാനം. കരിയറിന്റെ തുടക്കകാലത്ത് ധോണിയെ സഹായിച്ച സുഹൃത്തുക്കളിൽ ഒരാളായിരുന്നു പരംജിത്ത് സിങ്.
2007ൽ പ്രതീക്ഷയുടെ ഭാരമൊന്നുമില്ലാതെയെത്തിയാണ് മഹേന്ദ്ര സിങ് ധോണിയുടെ കീഴിൽ ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയത്. കിരീട നേട്ടത്തിനൊപ്പം റാഞ്ചി സ്വദേശിയുടെ ലോങ് ഹെയറും അന്ന് ശ്രദ്ധ നേടിയിരുന്നു. ലോകകപ്പിന് പിന്നാലെ മുടിമുറിച്ച മഹി പിന്നീടൊരിക്കലും പഴയ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. വർഷങ്ങൾക്കിപ്പുറം കരിയറിലെ അവസാനഘട്ടത്തിൽ നിൽക്കെയാണ് വീണ്ടും 2007നെ ഓർമിപ്പിക്കും വിധത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ രംഗപ്രവേശം.