Cricket
Arjun Tendulkar called up by BCCI for 20-day camp at NCA after impressive season in IPL
Cricket

അർജുൻ തെണ്ടുൽക്കർ ഇന്ത്യൻ ടീമിലേക്ക്? 'ഓൾ റൗണ്ടർ' ക്യാമ്പിലേക്ക് ക്ഷണിച്ച് ബിസിസിഐ

Web Desk
|
15 Jun 2023 3:56 PM GMT

മികച്ച യുവതാരങ്ങളെ കണ്ടെത്തുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മണിന്റെ ആശയമാണ് ക്യാമ്പ്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കറടക്കം 20 യുവ ഓൾ റൗണ്ടർമാരെ ക്യാമ്പിന് ക്ഷണിച്ച് ബിസിസിഐ. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഓഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്ന മൂന്നാഴ്ചത്തെ ക്യാമ്പിലേക്കാണ് ബോർഡ് 20 ഓൾറൗണ്ടർമാരെ വിളിച്ചിരിക്കുന്നത്. മികച്ച യുവതാരങ്ങളെ കണ്ടെത്തുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മണിന്റെ ആശയമാണ് ക്യാമ്പ്.

ബിസിസിഐ സീനിയർ ടീം സിലക്ഷൻ കമ്മിറ്റിയാണു ക്യാമ്പിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത്. സീനിയർ തലത്തിൽ കളിക്കാൻ താരങ്ങളെ പ്രാപ്തരാക്കുകയ കൂടിയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഐപിഎൽ 2023 സീസണിലെ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള അരങ്ങേറ്റത്തിന് ശേഷം, അർജുൻ ടെണ്ടുൽക്കറെ ക്യാമ്പിന് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. യുവതാരങ്ങളായ ചേതൻ സക്കറിയ, അഭിഷേക് ശർമ, ഹർഷിത് റാണ, മോഹിത് റെഡ്കർ, മാനവ് സുത്താർ, ദിവിജ് മെഹ്റ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്.

'ഈ വർഷാവസാനം ഒരു എമർജിംഗ് ഏഷ്യാ കപ്പും (ആണ്ടർ 23) ഉണ്ട്. ഇതിനായി ബിസിസിഐ യുവതാരങ്ങളെയാണ് തേടുന്നത്. ഓൾ റൗണ്ടർമാരെ മാത്രമല്ല തിരഞ്ഞെടുത്തിരിക്കുന്നത്. ചിലർ ബാറ്റിംഗ് ഓൾറൗണ്ടർമാരാണ്, അടുത്ത ഗ്രേഡിലേക്ക് മാറുന്നതിന് അനുയോജ്യമായ രീതിയിൽ അവരുടെ കഴിവുകൾ നവീകരിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ ആശയം'' ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോടു പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ 2020-21 സീസണിൽ ഹരിയാനയ്ക്കും പുതുച്ചേരിക്കുമെതിരെ സച്ചിൻ ജൂനിയർ മുംബൈയ്ക്കായി രണ്ട് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ അർജുൻ സെഞ്ച്വറി നേടിയിട്ടുമുണ്ട്. ഐപിഎല്ലിലെ 2023 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു അർജുന്റെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ സച്ചിൻ ജൂനിയറിന് ഒരു വിക്കറ്റ് പോലും എടുക്കാനായില്ലെങ്കിലും രണ്ട് ഓവറിൽ 17 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. മൂന്ന് മത്സരങ്ങളാണ് കഴിഞ്ഞ സീസണിൽ അർജുൻ കളിച്ചത്.


Similar Posts