ഞാന്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ അവരുടെ മുഖത്തടിച്ചേനെ: ശ്രീലങ്കന്‍ താരങ്ങള്‍ ബയോ ബബിള്‍ ലംഘിച്ചതില്‍ അര്‍ജുന രണതുംഗ
|ഞാനൊരിക്കലും താരങ്ങളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലായിരുന്നു. അവരിപ്പോൾ ക്രിക്കറ്റ് കളിക്കുന്നതിന് പകരം ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും നോക്കിയിരിക്കുകയാണ്.
ആഭ്യന്തര പ്രശ്നങ്ങളാൽ വിവാദങ്ങൾ കത്തിപടരുകയാണ് ശ്രീലങ്കൻ ക്രിക്കറ്റിൽ. ഒരു പരിധിവരെ ടീമിന്റെ സമീപകാലത്തെ മോശം പ്രകടനമാണ് ടീമിനുള്ളിലും ആരാധകർക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
അതിനിടയിലാണ് ഇന്ത്യയുമായുള്ള പരമ്പരയുമായി ബന്ധപ്പെട്ട് ബയോബബിളിലായിരുന്ന താരങ്ങൾ ബയോബബിൾ ലംഘിച്ച് പുറത്തിറങ്ങി വിവാദത്തിലായത്. അതിനെ തുടർന്ന് അവരെ പരമ്പരയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കുശാൽ മെൻഡിസ്, നിരോഷൻ ഡിക്കവെല്ല, ധനുഷ്ക ഗുണതിലക എന്നിവരാണ് നടപടി നേരിട്ടത്.
ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ രംഗത്ത് വന്നിരിക്കുകയാണ്. ആ മൂന്ന് പേരെയും താൻ അടിച്ചേനെ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഞാനൊരിക്കലും താരങ്ങളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലായിരുന്നു. അവരിപ്പോൾ ക്രിക്കറ്റ് കളിക്കുന്നതിന് പകരം ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും നോക്കിയിരിക്കുകയാണ്. ശ്രീലങ്കൻ ക്രിക്കറ്റ് ഇക്കാര്യത്തിൽ യാതൊരു താത്പര്യവും കാണിക്കുന്നില്ല, താരങ്ങൾക്ക് ഇപ്പോൾ പബ്ലിസിറ്റി മാത്രം മതി- അദ്ദേഹം പറഞ്ഞു.
ഞാനാണ് ഇപ്പോൾ ക്യാപ്റ്റനെങ്കിൽ അവരെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ഞാനവരെ മൂന്ന് പ്രാവശ്യമെങ്കിലും അടിച്ചേനെ- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കൃത്യമായ കൗൺസിലിങിലൂടെ കളിക്കാരെ കൃത്യമായ ട്രാക്കിലെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആ മൂന്ന് പേരും സീനിയർ താരങ്ങളാണ് ഒരാൾ ടീമിന്റെ വൈസ് ക്യാപ്റ്റനും അതുകൊണ്ടു തന്നെ അവർക്ക് തിരിച്ചുവരാനും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 1996 ൽ ശ്രീലങ്ക ആദ്യ ലോകകപ്പ് നേടിയപ്പോൾ അർജുന രണതുംഗയായിരുന്നു നായകൻ.
ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി--20 മത്സരത്തിൽ ശ്രീലങ്ക 89 റൺസിന് തോറ്റതിന് പിന്നാലെയായിരുന്നു മൂന്ന് താരങ്ങൾ ബയോ ബബിൾ ലംഘിച്ച് രാത്രി തെരുവിൽ ഇരിക്കുന്ന വീഡിയോ പുറത്തുവന്നത്. സംഭവത്തിൽ ശ്രീലങ്ക ക്രിക്കറ്റിന്റെ (എസ്.എൽ.സി) അന്വേഷണം പുരോഗമിക്കുകയാണ്.