നാണക്കേടിന്‍റെ റെക്കോർഡുമായി അർഷ്‍ദീപ്; അവിശ്വസനീയമെന്ന് ആരാധകർ
|അര്‍ഷ്‍ദീപിന് അന്താരാഷ്ട്ര മത്സരം കളിക്കാന്‍ അര്‍ഹതയില്ലെന്ന് ഗൗതം ഗംഭീർ
പൂനേ: ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബോളര്‍ അര്‍ഷദീപ് സിങ്ങിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഇന്നലെ ഇന്നിങ്സിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ അര്‍ഷദീപ് തുടര്‍ച്ചയായ മൂന്ന് നോബോളുകളാണ് എറിഞ്ഞത്. ടി 20 ക്രിക്കറ്റില്‍ ഹാട്രിക്ക് നോബോളെറിയുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് അര്‍ഷദീപിനെ തേടിയെത്തിയത്.
മത്സരത്തിൽ രണ്ടോവർ എറിഞ്ഞ അർഷദീപ് വിട്ടുനൽകിയത് 37 റൺസാണ്. കളിയിൽ ഇന്ത്യ വഴങ്ങിയ ഏഴു നോബോളിൽ അഞ്ചും താരത്തിന്റെ വകയായിരുന്നു.ടി 20 യില്‍ അഞ്ച് നോബോളെറിയുന്ന ലോകത്തെ രണ്ടാമത്തെ താരം മാത്രമാണ് അര്‍ഷദീപ്. തന്‍റെ ആദ്യ ഓവറില്‍ നാല് നോബോളാണ് അര്‍ഷദീപ് എറിഞ്ഞത്. മുമ്പ് ഹാമിഷ് റുഥർഫോർഡ് മാത്രമാണ് ഒരു ടി20യിൽ 5 നോ ബോളുകൾ എറിഞ്ഞിട്ടുള്ളത്.
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ നോബോളുകൾ വഴങ്ങുന്ന ഇന്ത്യൻ താരം എന്ന മോശം റെക്കോഡും ഇതോടെ അർഷദീപിന്റെ പേരിലായി. ഇന്ത്യയുടെ തോല്‍വിക്ക് ശേഷം അര്‍ഷദീപിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ഗൗതം ഗംഭീർ അടക്കമുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തി. അര്‍ഷദീപിന് അന്താരാഷ്ട്ര മത്സരം കളിക്കാന്‍ അര്‍ഹതയില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്.
16 റൺസിനാണ് ലങ്ക ഇന്ത്യയെ കീഴടക്കിയത്. ലങ്കൻ ടീം പടുത്തുയർത്തിയ 206 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനേ ആയുള്ളൂ. ഇതോടെ മൂന്നു മത്സരം അടങ്ങിയ പരമ്പരയിൽ ഓരോ ജയവുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമായി.