'ബൗളർ ക്യാപ്റ്റനായാൽ എന്താണ് കുഴപ്പം' ; ജസ്പ്രീത് ബുംറയെ ടി-20 ക്യാപ്റ്റനാക്കണമെന്ന് ആശിഷ് നെഹ്‌റ
|ന്യൂസിലാന്‍റിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്ക് മുമ്പായി ഇന്ത്യൻ ടീമിന്‍റെ പുതിയ ക്യാപ്റ്റനെ ബി.സി.സി.ഐ പ്രഖ്യാപിക്കും
വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യൻ ടി-20 ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനത്ത് ആര് എന്ന ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. പലരും രോഹിത് ശർമയെ ടി-20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന് പറയുമ്പോൾ കെ.എൽ രാഹുലടക്കം മറ്റു ചിലരേയും പരിഗണിക്കണമെന്ന് പറയുന്നവരുണ്ട്. എന്നാൽ വ്യത്യസ്തമായൊരു അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ പേസ് ബൗളർ ആശിഷ് നെഹ്‌റ. ബൗളർ ജസ്പ്രീത് ബുറയെ ഇന്ത്യൻ ടി- 20 ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനാക്കണം എന്നാണ് ആശിഷ് നെഹ്‌റയുടെ അഭിപ്രായം
' കെ.എൽ രാഹുലും റിഷബ് പന്തും ജസ്പ്രീത് ബുറയുമാണ് എന്‍റെ ഫേവറേറ്റുകള്‍. ജസ്പ്രീത് ബുംറ മികച്ച കളിക്കാരനാണ്. എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ബോളർമാർക്ക് ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കാനാവില്ലെന്ന് ഏതെങ്കിലും ക്രിക്കറ്റ് നിയമപുസ്തകത്തിൽ എഴുതിവച്ചിട്ടുണ്ടോ'. നെഹ്‌റ ചോദിച്ചു
അടുത്തമാസം ന്യൂസിലാന്‍റിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്ക് മുമ്പായി ഇന്ത്യൻ ടീമിന്‍റെ പുതിയ ക്യാപ്റ്റനെ ബി.സി.സി.ഐ പ്രഖ്യാപിക്കും. ഇപ്പോൾ ഇന്ത്യൻ ടീം ടി-20 ലോകകപ്പ് മത്സരങ്ങൾക്കായി യു.എ.ഇയിലാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസിലന്‍റിനോടും ദയനീയ തോൽവി ഏറ്റു വാങ്ങിയ ഇന്ത്യ അടുത്ത രണ്ടു മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെയും സ്‌കോട്‌ലന്‍റിനേയും വലിയ മാർജിനിൽ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സെമി പ്രവേശനത്തിന് നേരിയ സാധ്യതകൾ മാത്രമാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്.