ഏഷ്യാ കപ്പിന് ഇന്ന് ടോസ് വീഴും; ഇന്ത്യ-പാക് പോര് ശനിയാഴ്ച
|ആഴ്ചകൾ മാത്രം അകലെയുള്ള ഏകദിന ലോകകപ്പിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്.
ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് മുൽത്താൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. ആറ് രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ടൂർണമെന്‍റിൽ പാകിസ്താനും നേപ്പാളും തമ്മിലാണ് ആദ്യമത്സരം. ആഴ്ചകൾ മാത്രം അകലെയുള്ള ഏകദിന ലോകകപ്പിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്.
പാകിസ്താനിലും ശ്രീലങ്കയിലുമായാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. പാകിസ്താൻ നേപ്പാൾ മത്സരത്തോടെ ആരംഭിക്കുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ സെപ്റ്റംബർ 17ന് കൊളംബോയിൽ നടക്കും. ശനിയാഴ്ച ശ്രീലങ്കയിലെ പല്ലെകെലെയിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
കഴിഞ്ഞ തവണ ട്വന്‍റി 20 ഫോർമാറ്റിൽ നടത്തിയ ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ ശ്രീലങ്കയായിരുന്നു ജേതാക്കൾ. അതേസമയം ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ആത്മവിശ്വാസത്തിലാണ് പാക് പട ഇറങ്ങുന്നത്.
ഇന്ത്യയെ സംബന്ധിച്ച് പരിക്കിന്‍റെ പിടിയിലായിരുന്ന ശ്രേയസ് അയ്യരും ജസ്പ്രീത് ബുമ്രയും തിരിച്ചെത്തുന്നത് കരുത്തു പകരും. 17 അംഗ ടീമിൽ റിസര്‍വ് പ്ലെയറായി മലയാളി താരം സഞ്ജു സാംസണുമുണ്ട്. അതേ സമയം പരിക്ക് മാറിയെത്തിയ കെ.എൽ.രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി കളിക്കില്ല. ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതാണ് താരത്തിന് വിനയായത്. ലോകകപ്പ് മുന്നൊരുക്കമെന്ന നിലയിൽ ഏഷ്യകപ്പ് തിരിച്ചുപിടിക്കുകയാകും ഇന്ത്യ ലക്ഷ്യമിടുന്നത്. ഏഷ്യാ കപ്പിന് ശേഷം ഓസ്ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.