ഏഷ്യകപ്പ് വേദികളിൽ തീരുമാനമായി; ഇന്ത്യ പാകിസ്താനിലേക്കില്ല ലങ്കയിൽ കളിക്കും
|ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നാല് മത്സരങ്ങൾ പാകിസ്താനിലും ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കും
വിവാദങ്ങൾക്ക് അവസാനം, ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദികളിൽ അന്തിമ തീരുമാനമായി. 2023 ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 17 വരെ നടക്കുമെന്ന' ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നാല് മത്സരങ്ങൾ പാകിസ്താനിലും ശേഷിക്കുന്ന ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യയുടെ മത്സരങ്ങൾക്ക് ശ്രീലങ്കയിലായിയരിക്കും വേദിയാവുക. ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നേരത്തെ അനുവദിച്ചുവെങ്കിലും ബിസിസിഐ- പിസിബി തർക്കമാണ് പ്രഖ്യാപനം വൈകാൻ കാരണം.
സുരക്ഷാ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് കടുപ്പിച്ചതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദിയിൽ നടത്തുന്ന ഹൈബ്രിഡ് മോഡൽ നിർദേശം പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെച്ചത്. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് ആദ്യം ബിസിസിഐ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തു. ഇതോടെയാണ് ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ഹൈബ്രിഡ് മോഡലിന് സമ്മതം മൂളിയത്.
നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങൾ തിരിച്ചെത്തുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഹൈബ്രിഡ് മോഡൽ മുന്നോട്ടുവെച്ചത്. ആറ് രാജ്യങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ രണ്ട് ഗ്രൂപ്പുകളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഇരു ഗ്രൂപ്പിലും കൂടുതൽ പോയിൻറ് നേടുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോറിലെത്താം. ഇതിൽ നിന്ന് രണ്ട് ടീമുകൾ ഫൈനലിലെത്തും.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.