ഒരു ലങ്കൻ ഗാഥ; പാകിസ്താനെ 23 റൺസിന് തകർത്ത് ശ്രീലങ്കയ്ക്ക് ഏഷ്യ കപ്പ് കിരീടം
|നാല് വിക്കറ്റ് നേടിയ പ്രമോദ് മധുഷനും മൂന്നു വിക്കറ്റു നേടിയ ഹസരങ്കയുമാണ് പാക് നിരയുടെ നട്ടല്ലൊടിച്ചത്.
ലങ്കൻ ബൗളർമാരും ബാറ്റസ്മാന്മാരും ഒരുപോലെ തിളങ്ങിയ ഏഷ്യ കപ്പ് കലാശപ്പോരിൽ ശ്രീലങ്കയ്ക്ക് കിരീടം. 171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 147 റൺസിലൊതുക്കിയാണ് ലങ്ക കിരീടം പിടിച്ചുവാങ്ങിയത്. ആറാം തവണയാണ് ശ്രീലങ്ക ഏഷ്യകപ്പിൽ മുത്തമിടുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കം തന്നെ പിഴച്ചിരുന്നു. ടീം 22ൽ നിൽക്കെ രണ്ടുപോരാണ് കൂടാരം കയറിയത്. ടീമിന്റെ പ്രതീക്ഷയായിരുന്ന ബാബർ അസം അഞ്ച് റൺസിനും ഫകർ സമാൻ പൂജ്യത്തിനും പുറത്തായി. എന്നാൽ റിസ് വാനും ഇഫ്തികർ അഹമദും ചേർന്ന് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ ശ്രമം നടത്തി. റിസ്‌വാൻ ആഞ്ഞടിച്ചും ഇഫ്ത്തിക്കർ നല്ല ബോളുകളെ മാത്രം പ്രഹരിച്ചും റൺ പതുക്കെ ഉയർത്തി.
എന്നാൽ ടീം 93 ൽ നിൽക്കെ സിക്സറടിക്കാനുള്ള ശ്രമം പാളി ഇഫ്ത്തിക്കർ (32) പുറത്തേക്ക്. പിന്നാലെ എത്തിയ നവാസ്, റിസ്‌വാന് പിന്തുണ നല്കി ക്രീസിൽ നിലയുറപ്പിക്കുമെന്ന് പാക് ആരാധകർ പ്രതീക്ഷിച്ചെങ്കിലും ആറ് റൺസിന് നവാസ് കൂടാരം കയറി. റിസ് വാനെ (55) ഹസരങ്കെ പുറത്താക്കിയതോടെ പാക് ടീമിന്റെ പ്രതീക്ഷ മങ്ങി. പിന്നാലെ വന്നവർക്കൊന്നും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പാക് നിരയിലെ എല്ലാവരും കൂടാരം കയറി. നാല് വിക്കറ്റ് നേടിയ പ്രമോദ് മധുഷനും മൂന്നു വിക്കറ്റു നേടിയ ഹസരങ്കയുമാണ് പാക് നിരയുടെ നട്ടല്ലൊടിച്ചത്.
രജപക്‌സയുടെ അവിസ്മരണീയ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക 170 എന്ന ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. ബാനുകയ്‍ക്കൊപ്പം വാലറ്റക്കാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ലങ്കയെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ടോസ് ലഭിച്ച പാക് നായകൻ ബാബർ അസം ലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആദ്യ ഓവറിൽ തന്നെ നസീം ഷായുടെ പ്രകടനം. നേരിട്ട ആദ്യ പന്തിൽ തന്നെ 142 വേഗത്തിലെറിഞ്ഞ നസീമിന്റെ പന്ത് കുശാൽ മെൻഡിസിന്റെ വിക്കറ്റും പിഴുതാണ് കടന്നുപോയത്. നാലാം ഓവറിൽ ഓപണർ പാത്തും നിസ്സങ്കയെ ഹാരിസ് റഊഫ് നായകന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ ധനുഷ്‌ക ഗുണതിലകയെയും മടക്കി ഹാരിസ് ഞെട്ടിച്ചു.
പിന്നീടെത്തിയ രജപക്‌സയുമായി ചേർന്ന് ധനഞ്ജയ ഡിസിൽവ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. എന്നാൽ, ഡിസിൽവയെ സ്വന്തം പന്തിൽ ഇഫ്തികാർ അഹ്മദ് പിടികൂടി. അടുത്തതായെത്തിയ നായകൻ ദാസുൻ ഷാനകയെ ഷാദാബ് ഖാനും പുറത്താക്കി. തുടർന്ന് വനിന്ദു ഹസരങ്കയുമായി ചേർന്നായിരുന്നു രജപക്‌സയുടെ പ്രത്യാക്രമണം. 21 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം കളംനിറഞ്ഞു കളിച്ച ഹസരങ്കയെ തിരിച്ചയച്ച് ഹാരിസ് റഊഫ് ടീമിന് ബ്രേക്ത്രൂ നൽകിയെങ്കിലും രജപക്‌സ അവിടെയും അടങ്ങിയില്ല.
ചാമിക കരുണനരത്‌നയുമായി ചേർന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു രജപകസ. അവസാന ഓവറുകളിൽ രജപക്‌സ നൽകിയ അവസരങ്ങളെല്ലാം പാക് താരങ്ങൾ ഓരോന്നായി വിട്ടുകളയുകയും ചെയ്തു. ഒടുവിൽ 45 പന്തിൽ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 71 റൺസാണ് താരം അടിച്ചൂകൂട്ടിയത്. കരുണരത്‌ന 14 റൺസുമായി ഒപ്പമുണ്ടായിരുന്നു. പാക് ബൗളർമാരിൽ പവർപ്ലേയിലെ പ്രകടനം നസീം ഷായ്ക്ക് പിന്നീട് ആവർത്തിക്കാനായില്ല. നസീമും മറ്റൊരു പേസറായ ഹസ്‌നൈനും നാല് ഓവറിൽ 40 റൺസാണ് വിട്ടുകൊടുത്തത്. മൂന്നു വിക്കറ്റുമായി ഹാരിസ് റഊഫാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.