Cricket
Asia Cupബാബര്‍ അസം- വിരാട് കോഹ്ലി
Cricket

കാത്തിരിപ്പിനൊടുവിൽ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദികളും തിയതികളും പ്രഖ്യാപിച്ചു

Web Desk
|
19 July 2023 2:34 PM GMT

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷായാണ് മത്സരക്രമവും വേദികളും പ്രഖ്യാപിച്ചത്

ഇസ്‌ലാമാബാദ്: നീണ്ട നാടകീയതകൾക്കൊടുവിൽ ഈ വർഷം നടക്കുന്ന ഏഷ്യാകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷായാണ് മത്സരക്രമവും വേദികളും പ്രഖ്യാപിച്ചത്. നേരത്തെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചത് പോലെ ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങൾ. പാകിസ്താന് പുറമെ ശ്രീലങ്കയും മത്സരങ്ങള്‍ക്ക് വേദിയാകും.

പാകിസ്താന്റെ മുൾട്ടാനിലാണ് ഉദ്ഘാടന മത്സരം (ആഗസ്റ്റ് 30). പാകിസ്താനും നേപ്പാളും തമ്മിലാണ് മത്സരം. പാകിസ്താനിൽ നാല് മത്സരങ്ങളും ഫൈനൽ ഉൾപ്പെടെ ശ്രീലങ്കയിൽ ഒമ്പത് മത്സരങ്ങളും അരങ്ങേറും. മുൽത്താന് പുറമെ ലാഹോറാണ് മറ്റൊരു വേദി. 31ന് ശ്രീലങ്കയിലെ കാന്‍ഡിയില്‍ വച്ച് ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടം നടക്കും.

സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍(ശ്രീലങ്ക) വെച്ചാണ് ടൂർണമെന്‍റിലെ ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. സെപ്റ്റംബർ 3ന് പാകിസ്ഥാനിലെ ലാഹോറില്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരവും 4ന് കാന്‍ഡിയില്‍ തന്നെ ഇന്ത്യ-നേപ്പാള്‍ അങ്കവും നടക്കും.

അഞ്ചാം തിയതി ലാഹോറില്‍ ശ്രീലങ്ക-അഫ്ഗാന്‍‌ പോരാട്ടത്തോടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തീരും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായത്. ഇത് ആതിഥേയരായ പാകിസ്ഥാന്‍ അംഗീകരിക്കുകയും ചെയ്തു. ഏകദിന ലോകകപ്പ് മുൻനിർത്തി ഇക്കുറി ഏകദിന ഫോർമാറ്റിലാണ് ഏഷ്യാകപ്പ്. കഴിഞ്ഞ വർഷം ടി20 ഫോർമാറ്റിലായിരുന്നു. ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്മാർ.

ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 17വരെയാണ് മത്സരങ്ങൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്താനും. നേപ്പാളാണ് മറ്റൊരു അംഗം. ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ.


Related Tags :
Similar Posts