Cricket
6,0,6,0,6,6; ഇത് ആസിഫലി, പാകിസ്താന്റെ ധോണി!
Cricket

6,0,6,0,6,6; ഇത് ആസിഫലി, പാകിസ്താന്റെ ധോണി!

Web Desk
|
30 Oct 2021 5:42 AM GMT

ഈ പേര് ഓർത്തുവച്ചോളൂ എന്നാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ് ട്വീറ്റ് ചെയ്തത്.

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാൾ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയാണ്. തന്റെ പ്രതാപകാലത്ത് ധോണി ഇന്ത്യയ്ക്കായി നടത്തിയ മിന്നൽപ്രകടനങ്ങൾ ഓരോ ആരാധകന്റെ മനസ്സിലുമുണ്ട്. ഇന്ത്യയുടെ മാസ്റ്റർ ഫിനിഷർ ധോണിയാണെങ്കിൽ അയൽ രാജ്യമായ പാകിസ്താന്, ടി20 ലോകകപ്പില്‍ ഇത് ആസിഫ് അലിയാണ്. അതേ, അഫ്ഗാനിസ്ഥാനെതിരെ ഇന്നലെ ഒരോവറിൽ നാലു സിക്‌സർ തൂക്കിയ ആസിഫ് അലി തന്നെ.

അവസാന 12 പന്തിൽ 24 റൺസാണ് പാകിസ്താന് ജയിക്കാനായി വേണ്ടിയിരുന്നത്. നിർണായകമായ 19-ാം ഓവർ ബൗൾ ചെയ്യാനെത്തിയത് കരിം ജനത്. ആദ്യ പന്ത് ആസിഫ് ലോങ് ഓഫിന് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചു. രണ്ടാം പന്ത് ഡോട്ട്. മൂന്നാം പന്തിൽ വീണ്ടും സിക്‌സർ, ഇത്തവണ ലെഗ് സൈഡിൽ. ഒരു ഡോട് പന്തിന് ശേഷം സ്‌ട്രൈറ്റിൽ വീണ്ടും സിക്‌സർ. പിന്നെ വേണ്ടത് ഏഴു പന്തിൽ നിന്ന് ആറു റൺസ്. ആറാം പന്തും സിക്‌സർ. കളിയിൽ അതുവരെ വീര്യം കാണിച്ച മുഹമ്മദ് നബിയും സംഘവും വീണു.

തുടർച്ചയായ മൂന്നാം ജയത്തോടെ പാകിസ്താൻ സെമി ഉറപ്പിച്ചു. അഫ്ഗാൻ ഉയർത്തിയ 148 വിജയലക്ഷ്യം ആറു പന്ത് ബാക്കി നിൽക്കെയാണ് പാകിസ്താൻ മറികടന്നത്. 47 പന്തിൽ നിന്ന് നാലു ഫോറടക്കം 51 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമാണ് പാക് വിജയത്തിന് ചുക്കാൻ പിടിച്ചത്. അവസാനം തകർത്തടിച്ച ആസിഫലി ഏഴു പന്തിൽ നിന്ന് 25 റൺസാണ് അടിച്ചുകൂട്ടിയത്.

ടി20 ലോകകപ്പിൽ ഇതുവരെ 19 പന്താണ് ആസിഫലി നേരിട്ടിട്ടുള്ളത്. ഇതിൽ ഏഴെണ്ണം സിക്‌സറാണ്. ന്യൂസിലാൻഡിനെതിരെയുള്ള വിജയത്തിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. പന്ത്രണ്ട് പന്തില്‍ നിന്ന് 27 റണ്‍സ്. മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ തന്റെ വിജയരഹസ്യം താരം വെളിപ്പെടുത്തി. 'ഞാൻ വിമർശനം ശ്രദ്ധിക്കാറില്ല. സോഷ്യൽ മീഡിയ ഫോളോ ചെയ്യാറുമില്ല. അതിൽ നിന്ന് വളരെ ദൂരെയാണ്' - അദ്ദേഹം പറഞ്ഞു.

ആസിഫിന്റെ പ്രകടനത്തെ വാഴ്ത്തി നിരവധി താരങ്ങൾ രംഗത്തെത്തി. ആ പേര് ഓർത്തുവച്ചോളൂ എന്നാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ് ട്വീറ്റ് ചെയ്തത്. വൗ ആസിഫലി, പാകിസ്താൻ കൂടുതൽ ശക്തമായിരിക്കുന്നു എന്ന് മൈക്കൽ വോൻ കുറിച്ചു. ആസിഫലി യൂ ബ്യൂട്ടി എന്നാണ് ഷുഹൈബ് അക്തർ കുറിച്ചത്. അവിശ്വസനീയ ഇന്നിങ്‌സ് എന്ന് പാക് മുൻ ക്യാപറ്റൻ റമീസ് രാജ പറഞ്ഞു.

Similar Posts