ക്യാപ്റ്റനായി രോഹിത് മതി; ബിസിസിഐ ഇന്റർവ്യൂവിൽ ദ്രാവിഡ്
|നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലാൻഡ് പരമ്പരയിൽ ദ്രാവിഡ് കോച്ചായി സ്ഥാനമേൽക്കും.
മുംബൈ: 'ഏകദിനത്തിലും ടി20യിലും ക്യാപ്റ്റനായി ആരെയാണ് കാണുന്നത്?' ടീം ഇന്ത്യയുടെ പുതിയ കോച്ചായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ദ്രാവിഡിനോട് ബിസിസിഐ ഇന്റർവ്യൂ ബോർഡ് ചോദിച്ച ചോദ്യങ്ങളിൽ ഒന്നാണിത്. രോഹിത് ശർമ്മ മതിയെന്ന ഉത്തരമാണ് ദ്രാവിഡ് നൽകിയത്. അല്ലെങ്കിൽ കെഎൽ രാഹുല്‍. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലാൻഡ് പരമ്പരയിൽ ദ്രാവിഡ് കോച്ചായി സ്ഥാനമേൽക്കും.
ലോകകപ്പ് കഴിയുമ്പോൾ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് നേരത്തെ വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏകദിനത്തിലും തലമാറുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്.
നിലവിൽ ഡയറക്ടറായ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഭാവി പദ്ധതികളെ കുറിച്ചുള്ള പവർ പോയിന്റ് പ്രസന്റേഷനും ദ്രാവിഡ് അവതരിപ്പിച്ചു. ദേശീയ ടീമുമായി എങ്ങനെ അക്കാദമിയെ സഹകരിപ്പിക്കാം എന്നതായിരുന്നു പ്രസന്റേഷൻ.
ഹെഡ് കോച്ച് സ്ഥാനത്തേക്ക് ദ്രാവിഡിന്റെ അപേക്ഷ മാത്രമാണ് ബിസിസിഐക്കു മുമ്പിലുണ്ടായിരുന്നത്. ഏകകണ്ഠേനയായിരുന്നു ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ടീമിന്റെ കോച്ചാകുന്നത് അങ്ങേയറ്റത്തെ ആദരമാണെന്ന് ദ്രാവിഡ് പ്രതികരിച്ചു. രവി ശാസ്ത്രിക്ക് കീഴിൽ ടീം മികച്ച രീതിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിൽ ടീമുമായി മികച്ച രീതിയിൽ മുമ്പോട്ടു പോകാമെന്നാണ് പ്രതീക്ഷ. എൻസിഎ, അണ്ടർ 19, ഇന്ത്യ എ ടീമിൽ കളിച്ച വളരെ അടുത്ത് പരിചയമുള്ള കളിക്കാർ ഇപ്പോൾ സീനിയർ ടീമിലുണ്ട്. ഓരോ ദിവസവും കളിയോടുള്ള അവരുടെ അഭിനിവേശം വർധിച്ചുവരികയാണ്- ദ്രാവിഡ് പറഞ്ഞു.
ദ്രാവിഡിനേക്കാൾ മികച്ച കോച്ചിനെ ടീമിന് കിട്ടാനില്ല എന്നാണ് നിയമനത്തെ കുറിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതികരിച്ചത്. 'അടുത്ത രണ്ടു വർഷത്തിനുള്ളിൽ രണ്ട് ലോകകപ്പുകൾ വരികയാണ്. മുൻ ഇന്ത്യൻ നായകൻ തന്നെയാണ് ഈ ജോലിക്ക് അനുയോജ്യൻ. എൻസിഎ, അണ്ടർ 19 ടീമിന്റെ കോച്ചിങ് സ്ഥാനത്തു നിന്ന് സീനിയർ ടീമിന്റെ മുഖ്യപരിശീലകനാകുന്നത് അദ്ദേഹത്തിന്റെ സ്വാഭാവിക വളർച്ചയാണ്. കളിയുടെ എല്ലാ പതിപ്പിലും ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ ആധിപത്യം ചെലുത്തുമെന്നതിൽ സംശയമില്ല'- അദ്ദേഹം പറഞ്ഞു.