ഇന്നായിരുന്നു ആ ദിനം; സെഞ്ച്വറിയിൽ 100 നേടിയ സച്ചിൻ പ്രയാണം തുടങ്ങിയ ദിവസം
|1990 ആഗസ്ത് 14ന്, ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 119 റൺസാണ് സച്ചിൻ നേടിയത്
ഇന്നായിരുന്നു ആ ദിവസം. ലോകക്രിക്കറ്റിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കർ തന്റെ പ്രയാണം തുടങ്ങിയ ദിവസം. 1990 ആഗസ്ത് 14ന്, ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 119 റൺസാണ് സച്ചിൻ നേടിയത്. ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സച്ചിൻ റെക്കോർഡിട്ടു. ആ മത്സരത്തിൽ ഇന്ത്യക്കായിരുന്നു ജയവും.
1989 നവംബറിൽ പാകിസ്താനിലെ കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ലോകോത്തര പേസ് പടക്കെതിരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ എന്ന 16 വയസുകാരൻ ആദ്യമായി പാഡണിഞ്ഞത്. ആദ്യകളിയിൽ പക്ഷെ 15 റൺസുമായി അയാൾക്ക് മടങ്ങേണ്ടിവന്നു. എന്നാൽ ആ പതിനാറുകാരൻ ഇതിഹാസ താരം സാക്ഷാൽ ബ്രാഡ്മാന്റെ പിന്മുറക്കാരനായി വളർന്നത് പിന്നീടുള്ള ചരിത്രം.
വിരമിക്കുമ്പോഴേക്കും ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാനായി സച്ചിൻ മാറി. ടെസ്റ്റിൽ 15921 റൺസും ഏകദിനത്തിൽ 18426 റൺസുമാണ് സച്ചിൻ നേടിയത്. ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിലാക്കി. ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ചുറി കുറിച്ച താരവും സച്ചിൻതന്നെ.
ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു അപൂർവതയും ആഗസ്ത് 14 നുണ്ട്. രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങൾ ചരിത്രത്തിന്റെ രണ്ട് വഴികളിലായി കൂട്ടിമുട്ടിയ ദിനം കൂടിയാണിത്. 72 വർഷം മുമ്പ് ക്രിക്കറ്റിലെ ഇതിഹാസ താരം ഡൊണാൾഡ് ബ്രാഡ്മാൻ കളി അവസാനിപ്പിച്ചതും 32 വർഷം മുമ്പ് സച്ചിൻ ടെണ്ടുൽക്കർ ആദ്യ സെഞ്ചുറി നേടിയതും ഇതേ ദിവസമാണ്.
1928 മുതൽ 1948 വരെ നീണ്ടുനീന്ന ക്രിക്കറ്റ് കരിയറിൽ 52 മത്സരങ്ങളിലെ 80 ഇന്നിങ്‌സുകളിലായി 6996 റൺസാണ് 'ദി ഡോണ്' എന്ന വിളിപേരുള്ള ബ്രാഡ്മാൻ സ്വന്തമാക്കിയത്. അവസാന മത്സരം കളിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 40 വയസ്സ്. 52 ടെസറ്റുകളിൽ നിന്ന് 29 സെഞ്ചുറികളും 13 അർധ സെഞ്ചുറികളും, 101.39 ശരാശരിയും. എന്നാൽ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പൂജ്യത്തിന് പുറത്തായതോടെ 99.94 എന്ന ബാറ്റിംഗ് ശരാശരിയോടെ അദ്ദേഹത്തിന് കളം വിടേണ്ടിവന്നു. ബാറ്റിംഗ് ശരാശരിയിൽ 100 എന്ന മാജിക് സംഖ്യയിലേക്ക് എത്തിക്കാൻ ബ്രാഡ്മാന് അപ്പോൾ വേണ്ടിയിരുന്നത് ഒരേയൊരു ബൗണ്ടറി മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഈ അപൂർവ ബാറ്റിംഗ് റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. ഈ ബ്രാഡ്മാൻ യുഗത്തിന് 41 വർഷത്തിന് ശേഷമാണ് സച്ചിൻ ലോകക്രിക്കറ്റിൽ അവതരിച്ചത്. ബ്രാഡ്മാൻ 2001 ൽ തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചപ്പോൾ സച്ചിൻ ഇടം നേടുകയും ചെയ്തു. തന്റെ പിന്മുറക്കാരനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചാണ് ബ്രാഡ്മാൻ സച്ചിനിലെ പ്രതിഭയെ അംഗീകരിച്ചത്.
ലോകക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന് വിരമിക്കലിന് ശേഷവും ആരാധകരുടെ എണ്ണത്തിൽ കുറവില്ലെന്ന് കണക്കുകൾ മുമ്പ് പുറത്തുവന്നിരുന്നു. സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇൻറർനെറ്റിൽ ഏറ്റവുമധികം തെരയുന്ന ക്രിക്കറ്റ് താരങ്ങളിൽ 2021ൽ താരം മുൻപന്തിയിലായിരുന്നു. സെർച്ച് എൻജിനായ യാഹൂ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2021 ൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ തെരഞ്ഞ സ്‌പോർട്‌സ് താരങ്ങളിൽ സച്ചിൻ നാലാം സ്ഥാനത്താണ്.
2012ലാണ് സച്ചിൻ തെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകം അവസാനിച്ചുവെന്നും ക്രിക്കറ്റിനെ ഇനിമുതൽ സച്ചിന് മുമ്പും ശേഷവും എന്നായിരിക്കും അറിയപ്പെടുകയെന്നുമാണ് അന്ന് മാധ്യമങ്ങൾ സച്ചിന്റെ വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് വിശേഷിപ്പിച്ചത്.
463 ഏകദിനങ്ങളിൽ സച്ചിൻ ഇന്ത്യയ്ക്കായി ജഴ്‌സിയണിഞ്ഞപ്പോൾ 200 ടെസ്റ്റുകളിലും രാജ്യത്തിനായി പാഡുകെട്ടി. രണ്ട് ഫോർമാറ്റുകളിലുമായി 100 സെഞ്ച്വറികളും സച്ചിൻ തന്റെ പേരിൽ കുറിച്ചിട്ടുണ്ട്.
August 14, is the day Sachin Tendulkar scored his first century in international cricket