Cricket
Usman Khwaja, ind vs aus Test

Usman Khwaja

Cricket

ഖ്വാജയ്ക്ക് സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ഓസീസിന് 255 റൺസ്

Sports Desk
|
9 March 2023 12:08 PM GMT

നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ആസ്‌ത്രേലിയയ്ക്ക് നാലു വിക്കറ്റ് മാത്രമാണ് നഷ്ടമായത്

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരെയുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ആസ്ത്രേലിയയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 255 റൺസ്. പുറത്താകാതെ നിൽക്കുന്ന ഉസ്മാൻ ഖ്വാജയുടെ തകർപ്പൻ സെഞ്ച്വറിയാണ് സന്ദർശകർക്ക് ലീഡ് നേടിക്കൊടുത്തത്. 90 ഓവറാണ് ടീം ബാറ്റ് ചെയ്തത്. 251 പന്തിൽ നിന്ന് 104 റൺസാണ് ഖ്വാജ നേടിയത്. 64 പന്തിൽ 49 റൺസുമായി കാമറോൺ ഗ്രീൻ അദ്ദേഹത്തിന് പിന്തുണ നൽകുകയാണ്. നായകൻ സ്റ്റീവ് സ്മിത്ത് (38), ഓപ്പണർ ട്രാവിസ് ഹെഡ് (32) എന്നിവരാണ് കംഗാരുപ്പടയിൽ തിളങ്ങിയ മറ്റു താരങ്ങൾ. സ്മിത്തിനെ രവീന്ദ്ര ജഡേജ ബൗൾഡാക്കിയപ്പോൾ ട്രാവിസിനെ അശ്വിൻ ജഡേജയുടെ കൈകളിലെത്തിച്ചു.

ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 28 ഓവറിൽ രണ്ടു വിക്കറ്റിന് 75 എന്ന നിലയിലായിരുന്നു സന്ദർശകർ. 44 പന്തിൽ നിന്ന് 32 റൺസെടുത്ത ഓപണർ ട്രാവിസ് ഹെഡും മൂന്നു റൺസെടുത്ത മാർനസ് ലബുഷെയ്നെയുമാണ് പുറത്താകുകയായിരുന്നു. മാർനസിനെയും 27 പന്തിൽ 17 റൺസ് നേടിയ പീറ്റർ ഹാൻഡ്‌സ് കോമ്പിനെയും മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്.

ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാരെ നിർഭയം നേരിട്ട ട്രാവിസും ഖ്വാജയും 13 ഓവറിൽ തന്നെ സ്‌കോർ അമ്പത് കടത്തി. ഏഴ് ബൗണ്ടറികളുമായി ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഹെഡിനെ അശ്വിൻ വീഴ്ത്തി. ഒന്നാം വിക്കറ്റിൽ 61 റൺസ് ചേർത്ത ശേഷമാണ് ഹെഡ് മടങ്ങിയത്.

വൺഡൗണായി എത്തിയ ലബുഷെയ്നെക്ക് താളം കണ്ടെത്താനായില്ല. 20 പന്തിൽ നിന്ന് മൂന്നു റൺസെടുത്ത താരത്തെ ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. മുൻ മത്സരത്തിൽ കളിച്ച അതേ ടീമാണ് ഓസീസിന്റേത്.

അഹമ്മദാബാദിൽ ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. മറിച്ചായാൽ ശ്രീലങ്ക - ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. എന്നാൽ ഒമ്പത് വിക്കറ്റ് ജയത്തോടെ ഓസീസ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. അതേസമയം, അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും ന്യൂസീലൻഡിനെതിരായ പരമ്പര ലങ്ക തൂത്തുവാരുകയും ചെയ്താൽ ഓസീസിനൊപ്പം ശ്രീലങ്ക ഫൈനലിന് യോഗ്യത നേടും.

ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഒമ്പതു വിക്കറ്റിന്റെ ആസ്ത്രേലിയ ഗംഭീര വിജയം നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സ് വിജയലക്ഷ്യമായ 76 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. ഇന്ത്യയുടെ എട്ടു വിക്കറ്റുകൾ പിഴുത നഥാൻ ലിയോണാണ് ഓസീസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. നാലു മത്സരങ്ങളുടെ പരമ്പരയിൽ 2-1 എന്ന നിലയിലാണ് സ്‌കോർ.

After Usman Khawaja's century, the Aussies scored 255 runs in the fourth Test against India.

Similar Posts