ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച 'ബാറ്റ്' വിരമിക്കുന്നു; ഫൈനലിൽ ഉപയോഗിച്ച ബാറ്റ് പൊളിഞ്ഞതായി ലബുഷെയ്ൻ
|ലോകകപ്പ് ഫൈനലിൽ ട്രാവിസ് ഹെഡ്ഡ്-മാർനസ് ലബുഷെയിൻ കൂട്ടുകെട്ടാണ് ഇന്ത്യൻ പ്രതീക്ഷകൾ തല്ലികെടുത്തിയത്
മെൽബൺ: 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചാണ് ആസ്ത്രേലിയ കിരീടത്തിൽ മുത്തമിട്ടത്. അന്ന് ട്രാവിസ് ഹെഡ്ഡും മാർനസ് ലബുഷെയിനും ചേർന്നുള്ള കൂട്ടുകെട്ടാണ് നീലപടയുടെ സ്വപ്നങ്ങൾ തല്ലികെടുത്തിയത്. ഏകദിന ലോകകപ്പ് നിരാശക്ക് ശേഷം ഇന്ത്യ ടി20 ലോക കിരീടത്തിൽ മുത്തമിട്ട് പകരം വീട്ടിയിരുന്നു.
Think it’s finally time to retire the World Cup final bat 🥲 pic.twitter.com/X7123Vt8vT
— Marnus Labuschagne (@marnus3cricket) August 12, 2024
ഇപ്പോഴിതാ അന്നത്തെ ആ ബാറ്റ് എക്സിൽ പോസ്റ്റ് ചെയ്ത് വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് ഓസീസ് താരം ലബുഷെയിൻ. ഏകദിന ലോകകപ്പിൽ ഉപയോഗിച്ച കുക്കാബുറയുടെ ബാറ്റ് വിരമിക്കുന്നതായി പ്രഖ്യാപിച്ചാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അവസാനം ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച ബാറ്റ് വിരമിക്കാറായെന്നു തോന്നുന്നു.-എക്സിൽ കുറിച്ചു. പൊട്ടിപൊളിയാറായ ബാറ്റിന്റെ ഫോട്ടോയും താരം പങ്കുവെച്ചു.
ഏകദിന ലോകകപ്പിൽ തോൽവിയറിയാതെയെത്തിയ ഇന്ത്യ ഫൈനലിൽ ഓസീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇന്ത്യ ഉയർത്തി 241 റൺസ് പിന്തുടർന്ന് ഇറങ്ങിയ ആസ്ത്രേലിയ ഒരു ഘട്ടത്തിൽ 47-3 എന്ന നിലയിൽ തകർച്ച നേരിട്ടിരുന്നു. എന്നാൽ 120 പന്തിൽ 137 റൺസെടുത്ത ട്രാവിസ് ഹെഡ്, 110 പന്തിൽ 58 റൺസെടുത്ത ലബുഷെയ്ൻ കൂട്ടുകെട്ട് കങ്കാരുപടയെ ആറാം കിരീടത്തെത്തിലെത്തിച്ചു. ലബുഷെയ്ന്റെ പോസ്റ്റിന് താഴെ കമന്റുമായി ഇന്ത്യൻ ആരാധകരും രംഗത്തെത്തി. ആ ബാറ്റിനേയും ആ ഇന്നിങ്സിനേയും വെറുക്കുന്നതായാണ് ഒരാൾ കമന്റ് ചെയ്തത്. ബാറ്റിന് ആദരാഞ്ജലികൾ അർപ്പിച്ചും നിരവധി പേർ രംഗത്തെത്തി.